ആലീസ് ടീച്ചർ ALICE TEACHER, E, N, A, SXC, K, LF, G, NA, P, KZ, EK

അവൻ്റെ കണ്ണുകൾ തുടയ്ക്കുമ്പോൾ ആദ്യമായി ഞാൻ പതറി. ഒരിക്കൽ പോലും ഒരു കുട്ടിയുടെ മുന്നിൽ ഞാൻ പതറിയിട്ടില്ല.

അവൻ ചോദിച്ച ആ ചോദ്യത്തിന് മാത്രം എനിക്ക് ഉത്തരം ഒന്നും നല്കുവാൻ എൻ്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല. 

അവനെ ചേർത്ത് പിടിച്ചു ഞാൻ പതിയെ മുന്നോട്ടു നടന്നു. 

അപ്പോഴും ആ ചോദ്യം മനസ്സിനെ വീർപ്പു മുട്ടിച്ചുകൊണ്ടിരുന്നൂ.

"അമ്മയുടെ ആദ്യരാത്രി കാണുവാൻ ഞാൻ നിൽക്കണോ. എൻ്റെ സ്ഥാനത്തു ടീച്ചർ ആണെങ്കിൽ എന്ത് ചെയ്യും. ചുറ്റിലും ഉള്ളവർ കളിയാക്കുന്നൂ. എനിക്ക് ഒരു മനസ്സില്ലേ.."

ഇന്ന് അവൻ്റെ അമ്മയുടെ വിവാഹം ആണ്. 

എന്നെ ആരും ക്ഷണിച്ചിട്ടില്ല. എന്നിട്ടും ഞാൻ വന്നൂ. അവൻ്റെ ടീച്ചർ ആയ എനിക്ക് അവൻ്റെ മനസ്സറിയാം. 

പന്ത്രണ്ടു വയസ്സുകാരൻ ആണെങ്കിലും പക്വത ഉള്ള കുട്ടിയാണവൻ. എന്നാലും ഇതുപോലെയുള്ള അവസരങ്ങളിൽ ആരും പതറി പോകും.

...........................

കഴിഞ്ഞാഴ്ച ഉച്ചക്ക് സ്കൂളിൻ്റെ ഇടനാഴിയിലൂടെ നടക്കുമ്പോൾ ആണ് ആ വാക്കുകൾ എൻ്റെ ചെവിയിൽ വീണത്. 

"എന്താടാ, അമ്മയുടെ കല്യാണത്തിന് നീയാണോ ഉപ്പു വിളമ്പുന്നത്."

ആരൊക്കെയോ ചിരിക്കുന്നൂ..

"ചുമ്മാതിരിയെടാ, ക്രിസ്ത്യാനികൾ അല്ലെ, അവൻ ബിരിയാണിയോ അച്ചാറോ വിളമ്പുമായിരിക്കും."

അത് കേട്ടതും എല്ലാവരും കൂടെ പൊട്ടിച്ചിരിച്ചു.

പെട്ടെന്ന് ആരോ ചോദിച്ചൂ..

"ആദ്യരാത്രി നീയും കൂടെ കേറുമോ. അതോ പാൽ ഗ്ലാസ്സ് നീ കൊടുത്തു വിടുമോ.."

ജനലിലൂടെ ഞാൻ കണ്ടു, ദുഃഖം തളം കെട്ടിനിൽക്കുന്ന അവൻ്റെ മുഖം. 

പാവം കുട്ടി, ചുറ്റിലും ഉയരുന്ന പരിഹാസങ്ങൾ അവനു താങ്ങുവാൻ കഴിയില്ല. ഞാൻ വേഗം അങ്ങോട്ടേക്ക് ചെന്നു. 

എന്നെ കണ്ടതും എല്ലാവരും ചിതറി ഓടി. അവൻ മാത്രം അങ്ങനെ നിന്നൂ ഒന്നും മിണ്ടാതെ. 

ഞാനും ഒന്നും ചോദിച്ചില്ല.

അല്ലെങ്കിലും എന്താണ് ഞാൻ ചോദിക്കേണ്ടത്.. 

സ്റ്റാഫ് റൂമിൽ പോലും പലരും അത് പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നൂ. 

"ആരാൻ്റെമ്മയ്ക്കു ഭ്രാന്തു പിടിച്ചാൽ കാണുവാൻ നല്ല ചേലാണ്.."

ആളുകൾ അങ്ങനെ അല്ലെ..

അന്ന് വൈകീട്ട് സ്കൂൾ വിട്ടപ്പോൾ, അവൻ എന്നെ തേടി വന്നൂ. അത് ഞാൻ പ്രതീക്ഷിച്ചിരുന്നൂ..

"ടീച്ചർ, എനിക്ക് ഒരു സഹായം വേണം."

"എന്താ കുട്ടീ, പറഞ്ഞോളൂ.."

പക്ഷേ, എന്തോ ഒന്നും പറയാതെ അവൻ ഓടിപ്പോയി.

ഞാൻ അവനെ തടഞ്ഞെങ്കിലും അവൻ നിന്നില്ല.

.......................

ഞാൻ പള്ളിയിലേക്കാണ് നേരെ ചെന്നത്. 

കണ്ടു, സുന്ദരിയായി അണിഞ്ഞൊരുങ്ങി അവൻ്റെ അമ്മ. അവരും അയാളും പള്ളിയിലേക്ക് കയറി. അവനും കൂടെയുണ്ട്. 

സ്യൂട്ട് ഇട്ടിട്ടുണ്ട് എൻ്റെ കുട്ടി. പക്ഷേ, ആ മുഖത്തെ ദുഃഖം ആരും കണ്ടില്ല. അത് എനിക്ക് മനസ്സിലാകും.

എനിക്കേ മനസ്സിലാകൂ. അമ്മ ഉണ്ടായിട്ടും ഇല്ലാതെ വളർന്നവൾ ആണ് ഞാൻ. എന്നെ ആരാണ് അനാഥാലയത്തിൽ ഉപേക്ഷിച്ചത് എന്നെനിക്കറിയില്ല. ഏതോ ഒരു പെൺകുട്ടിക്ക് പറ്റിയ അബദ്ധം, അതാണല്ലോ ഞാൻ..

താലി കെട്ടു കഴിഞ്ഞതും അവൻ പുറത്തേക്കിറങ്ങി. അതാരും ശ്രദ്ധിച്ചില്ല. ഞാൻ പക്ഷേ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നൂ. 

ഞാൻ വേഗം തന്നെ പുറത്തേക്കിറങ്ങി നോക്കിയെങ്കിലും അവനെ കണ്ടില്ല. 

പെട്ടെന്നാണ് എനിക്ക് സിമിത്തേരി ഓർമ്മ വന്നത്. ഇനി അവിടെ എങ്ങാനും അവൻ ഉണ്ടെങ്കിലോ...

എന്തായാലും അവിടെയും കൂടെ നോക്കാം എന്ന് തീരുമാനിച്ചു. 

അവിടെ ഞാൻ കണ്ടു. 

ഒരു കുഴിയുടെ മുകളിൽ മുഖം ചേർത്ത് നില്ക്കുന്ന സിബി. 

അവൻ കരയുകയാണ് എന്നെനിക്ക് മനസ്സിലായി. ഞാൻ ചെന്ന് തൊട്ടതും അവൻ ഞെട്ടി. 

"ടീച്ചർ എന്താ ഇവിടെ.."

പെട്ടെന്ന് അവൻ്റെ കൈയ്യിൽ നിന്നും ഒരു കുപ്പി താഴെ വീണു.

"പോയ്‌സൺ.."

അവൻ തല താഴ്ത്തി. 

"എന്താ മോനെ ഇത്.."

"ടീച്ചർ സ്വന്തം അമ്മയുടെ വിവാഹം കൂടിയിട്ടുണ്ടോ.."

ഇല്ല, എന്ന് പറയുവാൻ എൻ്റെ നാവു പൊങ്ങിയില്ല.

"വിവാഹത്തിന് ഇതിലും നല്ല എന്ത് സമ്മാനമാണ് ഞാൻ അമ്മയ്ക്ക് നൽകേണ്ടത്‌. അവരുടെ ജീവിതത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു പോകണ്ടേ. അവർക്കു അതല്ലേ വേണ്ടത്."

അവൻ എന്തൊക്കെയോ പറയുന്നുണ്ട്. ഒരു പാട് നാളത്തെ സങ്കടങ്ങൾ പെയ്തൊഴിയുകയാണ്. ഞാൻ എല്ലാം കേട്ടു. 

ചിലപ്പോഴൊക്കെ സങ്കടങ്ങൾ കേൾക്കുവാൻ ഒരാൾ വേണം. അവർ ഒരിക്കലും പരിഹാരം ആഗ്രഹിക്കുന്നുണ്ടാകില്ല.

"ടീച്ചർക്കറിയോ, അമ്മ അടുത്ത മാസം അയാൾക്കൊപ്പം പറക്കും. എന്നെ ഹോസ്റ്റലിൽ ആക്കുംപോലും. എന്തൊക്കെ സ്വപ്‌നങ്ങൾ ഞാൻ കണ്ടു. എല്ലാം തീർന്നില്ലേ."

"ഒരിക്കൽ എനിക്ക് അമ്മയും പപ്പയും ഉണ്ടായിരുന്നൂ. അവരുടെ രാജകുമാരൻ ആയിരുന്നൂ ഞാൻ. അപ്പയും അമ്മയും ചോദിക്കും സിബിക്കുട്ടന് ആരെയാ ഏറെ ഇഷ്ടം. രണ്ടുപേരും മത്സരിക്കുമായിരുന്നൂ എൻ്റെ ഉമ്മക്ക് വേണ്ടി, ഇഷ്ടത്തിന് വേണ്ടി. എല്ലാം തീർന്നില്ലേ. അപ്പ അപകടത്തിൽ പോയിട്ട് വർഷം രണ്ടേ ആയുള്ളൂ. അപ്പോഴേക്കും അമ്മ എല്ലാം മറന്നൂ. എന്നെ മറന്നൂ, അപ്പയെ മറന്നൂ. അമ്മയുടെ പഴയ കൂട്ടുകാരൻ ആണയാൾ. അമ്മ എന്നോട് മര്യാദയ്ക്ക് സംസാരിച്ചിട്ടു എത്ര ദിവസ്സം ആയെന്നറിയോ. എപ്പോഴും അയാളെ ഫോൺ വിളിക്കും. എനിക്ക് അയാളെ അപ്പയുടെ സ്ഥാനത്തു കാണുവാൻ വയ്യ. അത് പറഞ്ഞതിന് എന്നെ തല്ലി. ഞാൻ ഇതെങ്ങനെ സഹിക്കും. അപ്പയുടെ കുഴിമാടം ഉണ്ടിവിടെ. അതിനു മുന്നിലൂടെ അമ്മ അണിഞ്ഞൊരുങ്ങി പോകുന്നൂ. എനിക്കിനി ജീവിക്കണ്ട.."

ഞാൻ എല്ലാം കേട്ടിരുന്നൂ. അവൻ്റെ കൈയ്യിൽ ഞാൻ മുറുകെ പിടിച്ചു..

ബാല്യം വിട്ടു കൗമാരത്തിലേക്ക് അവൻ കടക്കുന്നൂ. അതിൻ്റെ പ്രശ്നങ്ങൾ ഉണ്ട്. അവനെ മനസ്സിലാക്കുവാൻ ആർക്കും കഴിയില്ല. എത്ര നേരമായി ഞാനും അവനും സിമിത്തേരിയിൽ നിൽക്കുന്നൂ. ആരും അവനെ അന്വേഷിക്കുന്നുപോലുമില്ല. എല്ലാവരും ആഘോഷത്തിലാണ്.

ശരിയാണ് ഭർത്താവു മരിച്ചു ഒറ്റപ്പെടുന്ന സ്ത്രീയുടെ വേദന ഭയാനകമാണ്. പക്ഷേ, ഒരു നിമിഷം കൊണ്ട് എല്ലാം കീഴ്മേൽ മറിഞ്ഞു ഒറ്റപെട്ടു പോകുന്ന ഒരു കുഞ്ഞിൻ്റെ ദുഃഖം അതിലും ഭയാനകം അല്ലെ. 

പെട്ടെന്ന് അവൻ ചോദിച്ചു.

"ഭർത്താവു മരിച്ചിട്ടു, ടീച്ചർ എന്തേ വേറെ കല്യാണം കഴിച്ചില്ല."

ഞാൻ ഒന്നും മിണ്ടിയില്ല.

കാരണം എനിക്ക് ജോസിൻ്റെ സ്ഥാനത്തു മറ്റൊരാളെ കാണുവാൻ ആകില്ല. രണ്ടേ രണ്ടു വർഷമാണ് ഞങ്ങൾ ഒന്നിച്ചു കഴിഞ്ഞത്. കാൻസർ ആണെന്ന് അറിയുവാൻ വൈകി. ജോസ് പോകുമ്പോൾ ഞാൻ ഗർഭിണി ആയിരുന്നൂ.

എന്നോട് ഒന്നേ ജോസ് പറഞ്ഞുള്ളൂ...

"നമ്മുടെ കുഞ്ഞിന് നീ ഒരു കുറവും വരുത്തരുത്.."

ആ വാക്ക് ഇന്നും ഞാൻ പാലിക്കുന്നൂ. അവനുവേണ്ടി ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നൂ. എല്ലാവരും ഒരുപോലെ അല്ലല്ലോ. ഒരു പക്ഷേ, നാളെ അവൻ ഉയരങ്ങളിലേക്ക് പറക്കുമ്പോൾ ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുമായിരിക്കും. എന്നാലും സാരമില്ല. എനിക്ക് ഈ ജീവിതം ഇങ്ങനെ ജീവിച്ചാൽ മതി. 

"ടീച്ചർ ഒന്നും പറയേണ്ട. ബിനു (എൻ്റെ മകൻ) എന്നോട് പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് അവൻ കഴിഞ്ഞേ എന്തും ഉള്ളൂ എന്ന്. എനിക്ക് അങ്ങനെ ഒരമ്മയെ കിട്ടിയില്ല."

അവൻ എന്നെ കെട്ടിപിടിച്ചു കരഞ്ഞു.

പിന്നെ വീണ്ടും ചോദിച്ചൂ..

 "അല്ല ടീച്ചർ എന്താ ഇവിടെ?"

"പിന്നെ സിബിയുടെ അമ്മയുടെ കല്യാണത്തിന് വിളിച്ചില്ലേലും ഞാൻ വരും."

ഞാൻ വെറുതെ ചിരിക്കുവാൻ ശ്രമിച്ചു. 

രണ്ടുദിവസ്സമായി മര്യാദയ്ക്ക് ഉറങ്ങിയിട്ട്. അത് എനിക്ക് മാത്രമേ അറിയൂ. മനസ്സ് മുഴുവൻ സിബി ആയിരുന്നൂ. അവൻ അരുതാത്തതു എന്തോ ചെയ്യും എന്ന തോന്നൽ ആയിരുന്നൂ മനസ്സിൽ. 

ഏതായാലും ഞാൻ അവനെയും കൂട്ടി ഹാളിലേക്ക് ചെന്നൂ. ആരെയും ഒന്നും അറിയിച്ചില്ല. ഊണ് കഴിച്ചെന്നു വരുത്തി. അവനെ ഒറ്റയ്ക്ക് വിടുവാൻ ഭയം തോന്നി. 

അവനോടു ഒന്ന് മാത്രം ഞാൻ പറഞ്ഞു.

"ഇന്ന് മുതൽ എനിക്ക് മക്കൾ രണ്ടാണ്. ബിനുവും സിബിയും. അമ്മ പൊക്കോട്ടെ. നമ്മൾ ആരെയും വിധിക്കേണ്ട. അതെല്ലാം വലുതാകുമ്പോൾ മോന് മനസ്സിലാകും കേട്ടോ. ഹോസ്റ്റലിൽ മോൻ വന്നോളൂ. ഞാനും ബിനുവും അവിടെ ഉണ്ടല്ലോ. പിന്നെ എന്താ. ഹോസ്റ്റൽ വാർഡൻ ഞാൻ അല്ലെ. എന്നെ ഇനി ടീച്ചറമ്മ എന്ന് വിളിച്ചോളൂ. ഇനി ഇങ്ങനെ ഒരു മണ്ടത്തരം ഒന്നും കാണിക്കരുത്. അത് അപ്പയ്ക്ക് വിഷമമാകില്ലേ. മോനെ ഓർത്തു അപ്പ കണ്ട സ്വപ്നങ്ങൾ അത് നമുക്ക് നേടണ്ടേ.."

പിന്നെ എന്തൊക്കെയോ ഞാൻ പറഞ്ഞു.

അവൻ തലയാട്ടി.

എനിക്കപ്പോൾ അവൻ്റെ തള്ളയോട് ദേഷ്യം തോന്നി. ഇത്രയും വലിയ ഒരു മകൻ ഉണ്ടെന്നും കൂടെ ഓർക്കാതെ അവർ എന്തൊക്കെയാണ് സ്റ്റേജിൽ കാട്ടികൂട്ടുന്നത്. 

"ഡാൻസ്, കെട്ടിപിടുത്തം. ഇത്തിരി നാണം വേണ്ടേ."

ആരൊയൊക്കെയോ ബോധ്യപ്പെടുത്തുവാൻ പങ്കുകച്ചവടം വിജയിപ്പിക്കുവാൻ സ്വന്തം ജീവിതവും കച്ചവടമാക്കുന്നവർ. അവിടെ ബന്ധങ്ങൾക്ക്‌ എന്ത് വില. 

അല്ലെങ്കിൽ സ്വന്തം മകനെ എല്ലാം പറഞ്ഞു മനസ്സിലാക്കി, അവനെ അവർ  ചേർത്ത് പിടിച്ചേനെ. 

മനുഷ്യർ എല്ലാം സ്വാർത്ഥരാണ്. ഇന്നലെ വരെ അവർക്കു സിബി ആയിരുന്നൂ എല്ലാം. ഇന്നവർ മറ്റൊരാളോടൊപ്പം സ്വപ്നങ്ങൾ നെയ്യുന്നൂ. അവിടെ പക്ഷേ അവനില്ല. നാളെ അവൻ കൂടെ വേണമെന്ന് തോന്നുമ്പോൾ അവൻ തിരിഞ്ഞു നോക്കുമോ...

.......................................

"അമ്മേ, സിബി വന്നിട്ടുണ്ട് എന്ന് നാട്ടിൽ നിന്നും കൂട്ടുകാരൻ വിളിച്ചു പറഞ്ഞു. കാണുവാൻ പോവണ്ടേ.."

"മോൻ, പോയി കണ്ടോ. അവൻ ഇപ്പോൾ നമ്മളെ ഓർക്കുന്നുണ്ടാകുമോ. വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നൂ അവൻ പോയിട്ട്.."

"അതും ശരിയാണ്. പത്താംതരം കഴിഞ്ഞപ്പോൾ അവൻ ആ സ്‌കൂളിൽ  നിന്നും പോയി. പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ല."

റിട്ടയർ ആയതിനു ശേഷം മോനൊപ്പം പോന്നൂ. അല്ലെങ്കിലും ആ നാട്ടിൽ എനിക്ക് പഠിപ്പിച്ച കുറച്ചു കുട്ടികൾ അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല.

പെട്ടെന്ന് ആരോ ബെല്ലടിച്ചു.

വാതിൽ തുറക്കുമ്പോൾ കണ്ടു. മുന്നിൽ സിബി. 

"ടീച്ചറമ്മയ്ക്കു എന്നെ മനസ്സിലായോ.."

എൻ്റെ കണ്ണുകൾ നിറഞ്ഞു.

"മോൻ ഇരിക്കൂ.."

അവൻ വന്നെന്നെ കെട്ടിപിടിച്ചു.

"അമ്മയെ തിരക്കി ആണ് ഞാൻ വന്നത്. ആ സ്‌കൂളിൽ നിന്നും പോയതിനു ശേഷം 12th ഞാൻ ബാംഗ്ലൂരിൽ ആയിരുന്നൂ പഠിച്ചത്. പിന്നെ അമ്മ കൂടെ കൊണ്ട് പോയി. അവിടെ എനിക്ക് ഒരു അനിയൻ ഉണ്ട്. പക്ഷേ ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാൻ എനിക്കായില്ല. ഒരിക്കലും അയാളെ അംഗീകരിക്കുവാൻ എനിക്കാവുമായിരുന്നില്ല. പഠനം പൂർത്തിയായതും ഞാൻ അവിടെ നിന്നും മാറി. എനിക്ക് അമ്മയോട് ഇപ്പോൾ  വെറുപ്പില്ല. അവർ അവരുടെ ജീവിതം ജീവിക്കട്ടെ. നാട്ടിൽ വരാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. ഇപ്പോൾ വരണമെന്നും അമ്മയെ കാണണമെന്നും തോന്നി. കാറിൽ ഒരാൾ കൂടെ ഉണ്ട്, അയാളെ അമ്മയെ കാണിക്കുവാൻ ആണ് ഞാൻ വന്നത്."

പെട്ടെന്ന് കാറിൻ്റെ ഡോർ തുറന്നു അവൾ ഇറങ്ങി വന്നൂ...

"ഒരു മദാമ്മക്കുട്ടി.."

അവളുടെ കൈയ്യിൽ ഒരു കൊച്ചുപെൺകുട്ടി ഉണ്ടായിരുന്നൂ. ഒരു കൊച്ചു മാലാഖ..

ആ കുഞ്ഞിനെ അവൻ എൻ്റെ കൈയ്യിൽ തന്നൂ..

"പേരെന്താ മോളുടെ.."

അതിനുള്ള മറുപടി അവൻ്റെ ഭാര്യ പറഞ്ഞു..

"ആലീസ്.."  

അതേ, എൻ്റെ പേര്...

അവൾ മുൻപേ പരിചയം ഉള്ളത് പോലെ എൻ്റെ മാറിലേക്ക് ചാഞ്ഞു...

......സുജ അനൂപ്  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA