മച്ചി MACHI FB, N, A, E, K, SXC, EK, KZ, LF, G, AP, P

 സങ്കടങ്ങൾ പറയുവാൻ ആകെ ഉണ്ടായിരുന്നത് അമ്മയാണ്. ആ അമ്മയാണ് വിളിച്ചു പറഞ്ഞത്.

"നീ, ഇനി കുറച്ചു നാളേക്ക് ഇങ്ങോട്ട് വരേണ്ട എന്ന്.."

മനസ്സാകെ ഒന്ന് കലങ്ങി.

അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ട് വർഷം ഒന്നാവുന്നേ ഉളളൂ. അപ്പോഴേക്കും അവൾക്കു കുട്ടിയായി. വിനുവേട്ടനോട് പറഞ്ഞു എല്ലാം വാങ്ങിച്ചു വച്ചതാണ് ഹോസ്പിറ്റലിൽ പോയി അവളെ ഒന്ന് കാണുവാൻ. അപ്പോഴാണ് അമ്മ വിളിച്ചത്. 

എന്താ കാര്യം എന്നൊന്നും ചോദിച്ചില്ല.

എല്ലാം എനിക്കറിയാം..

"മച്ചി.."

ആ വിളി എത്ര തവണ കേട്ടൂ. വിവാഹം കഴിഞ്ഞിട്ട് വർഷം പത്താവുന്നൂ. ഒരു കുഞ്ഞിക്കാല് കാണുവാനുള്ള ഭാഗ്യം ഉണ്ടായില്ല. അനിയത്തിയുടെ വീട്ടുകാർക്ക് എന്നെ അത്ര പിടുത്തമല്ല. കുഞ്ഞിനെ ഞാൻ കണ്ണുവയ്ക്കും എന്നാകും. 

സാരമില്ല. 

പെട്ടെന്ന് വിനുവേട്ടൻ കയറി വന്നൂ. 

"എന്താ സുമേ, ഹോസ്പിറ്റലിൽ പോകേണ്ടേ. ഞാൻ കട അവനെ ഏൽപ്പിച്ചു ഇറങ്ങിയതാണ്. നിന്നെ അവിടെ ആക്കി എനിക്ക് തിരിച്ചു പോരണം.."

"ഇല്ല, ഏട്ടാ എനിക്ക് എന്തോ നല്ല തലവേദന. നമുക്ക് പിന്നെ പോകാം. ഞാൻ ഒന്ന് കിടക്കട്ടെ.."

ഏട്ടൻ ഒന്നും പറഞ്ഞില്ല. കട്ടിലിൽ എൻ്റെ അടുത്ത് വന്നിരുന്നൂ. 

"സാരമില്ല, നീ വിഷമിക്കേണ്ട. എനിക്ക് എല്ലാം മനസ്സിലാകും.."

ഞാൻ കണ്ണടച്ച് കിടന്നൂ. ഒരർത്ഥത്തിൽ ഞാൻ ഭാഗ്യവതിയാണ്. എല്ലാം മനസ്സിലാക്കുന്ന ഭർത്താവു ഉണ്ടെനിക്ക്. അദ്ദേഹത്തിനു അച്ഛനും അമ്മയും ഇല്ല. അനാഥൻ ആയ വിനുവിനെ എനിക്കായി കണ്ടെത്തിയത് അച്ഛനാണ്. അച്ഛൻ്റെ അരുമശിഷ്യൻ. 

വിനു പലപ്പോഴും എന്നോട് പറയുമായിരുന്നൂ.

"നമുക്ക് ഒരു കുഞ്ഞിനെ ദത്തു എടുത്താലോ.."

എന്തോ മനസ്സ് കൊണ്ട് അങ്ങനെ ആകുവാൻ എനിക്ക് ആവുമായിരുന്നില്ല. അത് ഞാൻ അംഗീകരിച്ചില്ല. 

ഗർഭപാത്രത്തിനു കുഴപ്പമുണ്ടെന്നു അറിയുവാൻ വൈകി. എന്നിട്ടും ഒരു കുട്ടിയെ ദത്തെടുക്കുവാൻ എനിക്കിഷ്ട്ടമില്ല. 

"ഇന്നലെയും കൂടെ വിനു ചോദിച്ചതാണ് നമുക്ക് ഒരു കുഞ്ഞിനെ ദത്തു എടുത്താലോ.."

കണ്ണ് തുറന്നു നോക്കിയപ്പോൾ വിനുവേട്ടൻ ഇല്ല. 

രാത്രി ഏട്ടൻ വന്നത് വൈകിയാണ്. 

"സുമേ, നാളെ നമുക്ക് ഒരിടം വരെ പോകണം. ഞാൻ വാങ്ങിയതെല്ലാം നീ കൈയ്യിൽ എടുത്തോ. പിന്നെ ഒരാഴ്ച താമസിക്കുവാനുള്ളതെല്ലാം കൈയ്യിൽ കരുതണം."

എവിടേക്ക് എന്ന് ഏട്ടൻ പറഞ്ഞില്ല. ഊണ് കഴിഞ്ഞ് വേഗം കിടന്നൂ. 

...............................

"സുമേ ഇതാണ് ഞാൻ വളർന്ന ഇടം. ഇവിടേക്ക് ഒരിക്കൽ നമ്മൾ വന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞു എല്ലാവരെയും കണ്ടത് നിനക്ക് ഓർമ്മയില്ലേ..."

ഞാൻ തലയാട്ടി..

"ഇനി ഒരാഴ്ച നമ്മൾ ഇവിടെ താമസിക്കും.."

ഞാൻ ഒന്നും പറഞ്ഞില്ല. ഒരു മാറ്റം എനിക്ക് ആവശ്യം ആയിരുന്നൂ. 

ആ ഒരാഴ്ച എങ്ങനെ പോയി എന്ന് എനിക്ക് അറിയില്ലായിരുന്നൂ. ചുറ്റിലും ഒത്തിരി കുട്ടികൾ. അവരോടൊപ്പം ആടിയും പാടിയും ദിവസ്സങ്ങൾ പോയത് അറിഞ്ഞതേയില്ല.

തിരിച്ചു വീട്ടിലേക്കു പോരുവാൻ മനസ്സ് അനുവദിച്ചില്ല. കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് കണ്ണനെ ആയിരുന്നൂ. അവൻ എനിക്ക് എല്ലാം ആയിരുന്നൂ ആ ദിവസ്സങ്ങളിൽ. 

തിരിച്ചു പൊരുന്നതിൻ്റെ  തലേന്ന് വിനുവേട്ടൻ പറഞ്ഞു.

"നിനക്കറിയാമോ, നീ അനുവദിച്ചിരുന്നെങ്കിൽ കണ്ണൻ നമ്മുടെ മകനായി ജീവിച്ചേനെ. അവനെ പറ്റിയാണ് മുൻപേ ഞാൻ നിന്നോട് പറഞ്ഞത്..."

ഞാൻ ഒന്നും മിണ്ടിയില്ല. ഇപ്പോൾ എൻ്റെ മനസ്സു പാകപ്പെട്ടു തുടങ്ങിയിരുന്നൂ. 

പിറ്റേന്ന് അവനെയും കൂട്ടി ഞങ്ങൾ അവിടെ നിന്നിറങ്ങി. പുറകിൽ കൈവീശി കാണിക്കുന്ന എല്ലാവരെയും മക്കളായി അപ്പോൾ എൻ്റെ മനസ്സു അംഗീകരിച്ചിരുന്നൂ. ഇനി എല്ലാ മാസവും ഞാൻ ഇവിടെ വരും, കണ്ണൻ മാത്രമല്ല അവരെല്ലാവരും എൻ്റെ മക്കൾ ആണ്.

"അമ്മയാകാൻ പ്രസവിക്കേണ്ടത് ശരീരമല്ല. മനസ്സാണ് എന്ന് എനിക്കിപ്പോൾ അറിയാം."

.....സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G