താലിമാല, THAALIMALA, N, A, E, K, SXC, LF, P, KZ, EK

 "അമ്മേ, എനിക്കിനിയും പഠിക്കണം..."

പക്ഷേ, എൻ്റെ കരച്ചിലിന് അമ്മയുടെ മൗനം മറുപടിയൊന്നും തന്നില്ല. കുട്ടിക്കാലം മുതലേ പഠിക്കുവാൻ എനിക്ക് വാശിയായിരുന്നൂ. ഡോക്ടർ ആകുവാൻ ആശിച്ചു. പക്ഷേ കിട്ടിയത് നഴ്സിംഗ് അഡ്മിഷൻ ആയിരുന്നൂ. അല്ലെങ്കിലും ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഞാൻ ഒരുപാടു മോഹിച്ചത് തെറ്റായി പോയി. 

എങ്ങനെ എങ്കിലും പഠിച്ചു വിദേശത്തു പോകണം, വീട്ടിലെ ബാധ്യതകൾ ഒക്കെ തീർക്കണം. പിന്നീട് അത് മാത്രമായി ചിന്ത.

രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപാട് പെടുന്ന അമ്മ, എന്ത് പണിയും ചെയ്യുവാൻ മടിയില്ലാത്ത അപ്പൻ. ആ പാവത്തിന് ഒരു മാല പോലും ഇല്ല. എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ ഞങ്ങൾ ജീവിക്കുന്നൂ. 

ഇനി ഒരു വർഷം കൂടെ ഉള്ളൂ പഠനം തീരുവാൻ. ഏന്തി വലിഞ്ഞു ഇത്രയും വരെ എത്തി. അപ്പോഴാണ് അപ്പന് സുഖമില്ലാതായത്. അപ്പൻ്റെ മരുന്നുകളും അനിയത്തിയുടെ സ്കൂൾ പഠനവും എൻ്റെ പഠനവും കൂടെ മുന്നോട്ടു നീങ്ങുവാൻ പെട്ടെന്ന് ബുദ്ധിമുട്ടായി. 

വീട്ടിലെ എല്ലാ കാര്യങ്ങളും എനിക്കറിയാം. മറുത്തൊന്നും പറയുവാൻ പോലും വയ്യ. എങ്കിലും.... 

"അമ്മേ, ഒരു വർഷം കൂടെ എന്നെ എങ്ങനെ എങ്കിലും പഠിപ്പിക്കാമോ. അത് കഴിഞ്ഞാൽ എല്ലാം ശരിയാകും."

"മോളെ, ഫീസടയ്ക്കാൻ അമ്മയ്ക്കാവില്ല. ഇനി വിൽക്കാനൊന്നും ബാക്കിയില്ല. ആകെയുള്ള വീട് പണയം വച്ചാൽ നിന്നെയും അവളെയും കൂട്ടി ഒരു തട്ടുകേട് വന്നാൽ ഞാൻ എവിടെ പോകും."

ഒരു നിമിഷം ഞാൻ അങ്ങനെ നിന്ന് പോയി. പിന്നെ ചോദിച്ചൂ..

"അമ്മേ, ഞാൻ എളേപ്പനോട് പൈസ ചോദിക്കട്ടെ. എളേപ്പൻ്റെ കൈയ്യിൽ ഒത്തിരി പണമുണ്ടല്ലോ.."

"അത് വേണ്ട മോളെ. അപ്പന് സങ്കടം ആകും. അയാൾ പണമൊന്നും തരില്ല. അയാൾ നിനക്ക് പണം തന്നില്ലെങ്കിൽ പിന്നെ നിനക്ക് മാത്രമല്ല അപ്പനും നാണക്കേട് ആകും."

എനിക്ക് നാണക്കേട് ഒരു പ്രശ്‌നം ആയിരുന്നില്ല. പിച്ച എടുക്കുവാൻ വരെ തയ്യാറായി നിൽക്കുന്ന ഞാൻ...

ഞാൻ നേരെ എളേപ്പൻ്റെ വീട്ടിലേക്കു ചെന്നൂ. വഴിയിൽ നിന്നു തന്നെ ബിരിയാണിയുടെ മണം മൂക്കിലടിച്ചൂ, വായിൽ വെള്ളം വന്നൂ. രാവിലെ കഴിച്ച കഞ്ഞിയും അച്ചാറും എപ്പോഴേ ദഹിച്ചു കഴിഞ്ഞിരുന്നൂ. 

പെട്ടെന്ന് ആ ശബ്ദം ചെവിയിൽ വീണൂ.

"ദേ, ആ നാശം പിടിച്ചവൾ വരുന്നുണ്ട്. ബിരിയാണി അവൾ പോയിട്ട് കഴിക്കാം. കൃത്യമായി ഊണ് കഴിക്കുവാൻ നേരത്തു കയറി വന്നോളും. ശല്യം..."

"നീ, ഒന്ന് മിണ്ടാതിരി മേരി, അവൾ കേൾക്കും."

"കേൾക്കുവാൻ തന്നാണ് പറയുന്നത്. ഇത്തിരി നാണം വയ്ക്കട്ടെ. ഒരു വലിയ പഠിപ്പുകാരി വന്നിരിക്കുന്നൂ. ഡോക്ടർ ആകാൻ നടക്കുവായിരുന്നില്ലേ അവൾ. ഒരു ഗതിയും പരഗതിയും ഇല്ല. എന്നാലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല."

പെട്ടെന്ന് ഞാൻ ബെല്ലടിച്ചു. 

എളേമ്മയാണ് വാതിൽ തുറന്നത്. 

സിറ്റ്ഔട്ടിൽ നിന്നും അകത്തേക്ക് കയറുവാൻ അവർ സമ്മതിച്ചില്ല. എളേപ്പൻ ഇറങ്ങി വന്നൂ.

"എന്താ ധന്യ ഈ വഴിക്ക്."

"എളേപ്പാ അത് ഞാൻ."

"അവൾക്കു പൈസക്ക് വല്ല അത്യാവശ്യവും കാണും. അതാണ് വന്നിരിക്കുന്നത്. അല്ലാതെ ഈ വഴിക്കു അവൾ കടക്കുമെന്ന് തോന്നുന്നുണ്ടോ.." എളേമ്മ പറഞ്ഞു.

"എന്താടി അതാണോ ഉദ്ദേശ്യം."

മടിച്ചു മടിച്ചു പറഞ്ഞു..

"എളേപ്പാ, എനിക്ക് അവസാന വർഷത്തെ പൈസ അടക്കണം. പണമില്ല. എന്നെ ഒന്ന് സഹായിക്കാമോ.."

"പിന്നെ, ഇപ്പോൾ തന്നെ അടച്ചു തരാട്ടോ. എനിക്ക് വേറെ പണിയില്ലല്ലോ."

പെട്ടെന്ന് എളേമ്മ പറഞ്ഞു.

"നിന്നോട് ആഴ്ചയിൽ രണ്ടു പ്രാവശ്യം വന്നു പുര തുടച്ചിടണം എന്ന് പറഞ്ഞിട്ട് നീ കേട്ടോ. അഭിമാനക്കുറവ്. നക്കി തിന്നാനും കടം ചോദിക്കുവാനും നാണമില്ലേ."

പെട്ടെന്ന് കണ്ണുകൾ നിറഞ്ഞു.

ശരിയാണ്, പണിക്കാരിയായിട്ടു എളേമ്മ വിളിച്ചതാണ്. അമ്മ അത് സമ്മതിച്ചില്ല. അന്ന് ഞാൻ പത്തു പാസ്സായിട്ടേ ഉള്ളൂ.

"വേലക്കാരി ആകേണ്ട ഗതികേട് മക്കൾക്ക് വന്നിട്ടില്ല. അന്ന് അറിയിക്കാം" എന്ന് അമ്മ എളേമ്മയോടു പറഞ്ഞു. 

എളേമ്മയുടെ മകൾ ഉണ്ട്. എന്നെക്കാളും രണ്ടു വയസ്സ് താഴെയാണ്. പഠിക്കുവാൻ കൊള്ളില്ലെങ്കിലും അവർ അവളെ ഉന്തി തള്ളി പഠിപ്പിക്കുന്നുണ്ട്. പക്ഷേ ഞങ്ങൾ പഠിക്കുവാൻ പോകുന്നത് അവർക്കിഷ്ട്ടമല്ല.

ഞാൻ തല താഴ്ത്തി അവിടെ നിന്നിറങ്ങി. തൊണ്ട വരണ്ടിരിക്കുന്നൂ.. എത്ര അടക്കി വച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി. 

കോടികൾ ഉണ്ട് എളേപ്പന്. അയാൾ ഒരു മാസം ധൂർത്തടിക്കുന്ന പൈസ മതി എന്നെ ഒന്ന് പഠിപ്പിക്കുവാൻ.

ഇനി എന്ത് ചെയ്യണം എന്നറിയില്ല. വീട്ടിൽ ചെന്നപ്പോൾ അമ്മ ഒന്നും ചോദിച്ചില്ല. എന്തെങ്കിലും ചോദിച്ചാൽ അണപൊട്ടി എൻ്റെ ദുഃഖം ഒഴുകുമെന്നു അവർക്കറിയാം. 

അമ്മയ്ക്ക് കാര്യം മനസ്സിലായിക്കാണും. ഞാൻ അകത്തു കയറി വാതിൽ അടച്ചൂ. മരണം മാത്രമേ മുന്നിൽ ഉണ്ടായിരുന്നുള്ളൂ.

പെട്ടെന്ന് വാതിലിൽ ആരോ മുട്ടി.

അമ്മ 

കൈയ്യിൽ ഒരു സ്വർണ്ണമാല. 

അതിന്നു വരെ ഞാൻ കണ്ടിട്ടില്ല. അതെന്നെ ഏൽപ്പിച്ചൂ. അത് തരുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ. 

"ഇതെൻ്റെ അമ്മ മരിക്കുമ്പോൾ എനിക്ക് തന്നതാണ്, നിനക്ക് വേണ്ടി ഞാൻ ഇതു ഇത്രയും നാൾ കാത്തു വച്ചൂ. ഇതു നീ വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്‌തോ. എന്നിട്ടു ഫീസടച്ചോ. ഇതു കൂടെ ഉള്ളപ്പോൾ എനിക്ക് എന്തിനും ധൈര്യം ഉണ്ടായിരുന്നൂ. ഒരിക്കലും കൈ വിട്ടു പോകരുത് എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നതാണ്."

അങ്ങനെ ആ ഫീസ് ഞാൻ അടച്ചു.  നഴ്സിംഗ് പാസ്സായി. ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി കിട്ടി. അതിനിടയിൽ തന്നെ പുറത്തേക്കു പോകുവാനുള്ള പഠനവും തുടങ്ങി.

എന്തോ ഒരു വാശി മനസ്സിൽ ഉണ്ടായിരുന്നൂ. ആരോടൊക്കെയോ തീർത്താൽ തീരാത്ത പകയും.

........................

വർഷങ്ങൾ എത്ര കടന്നു പോയി. എന്നിട്ടും മനസ്സിൽ ആ വാശി പഴയതു പോലെ തന്നെ ഞാൻ കൊണ്ട് നടന്നൂ. അവസാനം അയർലണ്ടിൽ എത്തി. അനിയത്തിയും നഴ്സിംഗ് പൂർത്തിയാക്കി, ഇവിടെ എത്തി. നാട്ടിൽ വലിയ വീട് വച്ചൂ. 

കുറച്ചു നാളായി അമ്മ പറയുന്നൂ.

"ഇനി ഒരു വിവാഹം വേണം." 

അങ്ങനെയാണ് വീണ്ടും നാട്ടിലേക്കു പറന്നത്. എളേപ്പൻ അവിടെ ഉണ്ട്. ഒരിക്കൽ പോലും ആ വഴിക്കു പിന്നീട് പോയിട്ടില്ല. രണ്ടു തവണ നാട്ടിൽ പോയപ്പോഴും അവിടെ കയറിയില്ല. 

എളേമ്മയും എളേപ്പനും ഒരിക്കൽ വീട്ടിൽ വന്നു കണ്ടിരുന്നൂ. എന്തോ മനസ്സുകൊണ്ട് ഒരിക്കലും ഞാൻ അവരോടു പൊറുത്തില്ല...

ചെറുക്കനെ അമ്മ കണ്ടെത്തിയിരുന്നൂ. അവരായിട്ടു ആലോചിച്ചു വന്നതായിരുന്നൂ. 

പെട്ടെന്ന് എല്ലാം തീരുമാനമായി. 

നാട്ടാചാര പ്രകാരം വേണ്ടതൊക്കെ എടുത്തൂ. സ്വർണ്ണം എടുക്കുവാൻ അമ്മയും അപ്പനും അമ്മായി അപ്പനും അമ്മായി അമ്മയും ഉണ്ടായിരുന്നൂ. 

പെട്ടെന്നാണ് പയ്യൻ്റെ അമ്മ താലിമാലയുടെ കാര്യം ഓർമിപ്പിച്ചത്. 

അവർ പറഞ്ഞു.

"മോൾക്കിഷ്ടമുള്ള പണി, പത്തുപവനിൽ കുറയാതെ അവനെക്കൊണ്ട് വാങ്ങിപ്പിച്ചോളൂ കേട്ടോ.."

പെട്ടെന്ന് മനു പറഞ്ഞു.

"വേണ്ട അമ്മേ, താലിമാല അവളുടെ കൈയ്യിൽ ഉണ്ട്. ഒന്ന് പോളീഷ് ചെയ്താൽ മതി, മൂന്ന് പവൻ ഉണ്ടാകും. അമ്മ വീട്ടിൽ വരുമ്പോൾ അവളെ പത്തുപവൻ്റെ   മാലയിട്ടു സ്വീകരിച്ചോളൂ. താലി പക്ഷേ ആ മാല തന്നെ മതി."

ഞാൻ ആ മാല അദ്ധേഹത്തെ ഏല്പിച്ചു. അത് കൈ മാറുമ്പോൾ വീണ്ടും കണ്ണുകൾ നിറഞ്ഞു.

ആ മാലയെക്കാളും വിലമതിക്കുന്നതൊന്നും എൻ്റെ ജീവിതത്തിൽ ഇല്ല. ഇനി ഉണ്ടാകുവാനും പോകുന്നില്ല. 

അന്ന് ആ മാലയുമായി പണയം വയ്ക്കുവാൻ പോയത് അടുത്തുള്ള ബാങ്കിൽ ആയിരുന്നൂ. കിട്ടിയ തുകയും കൂട്ടുകാരുടെ സഹായവും കൂടെ ആയപ്പോൾ എനിക്ക് ഫീസക്കുവാൻ സാധിച്ചൂ. 

സമ്പാദ്യം ആയപ്പോൾ ആദ്യം തിരിച്ചെടുത്തു അമ്മയെ ഏൽപ്പിച്ചത് ആ മാലയായിരുന്നു. 

ഞാൻ നേടിയതൊക്കെയും എന്നും എന്നെ ആ മാല ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും. ആ മാല തിരിച്ചെടുക്കുവാനുള്ള വാശി എന്നും എൻ്റെ ജീവിതത്തിനു മുതൽക്കൂട്ടാണ്...

അതിൻ്റെ മൂല്യത്തിന് എൻ്റെ ജീവൻ്റെ വില ഉണ്ട്. 

........സുജ അനൂപ് 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA