മാണിക്യo MANIKYAM, E, A, N, K, SXC, EK, LF, G, AP, KZ, NA, P
"മീനൂട്ടി, നാളെ നിൻ്റെ അച്ഛനും അമ്മയും ഉണ്ടാവോട്ടോ ഊണിന്. എന്തൊക്കെയാ വേണ്ടത് എന്ന് വച്ചാൽ ആ ലിസ്റ്റ് ഇങ്ങോട്ടു തന്നോളൂട്ടോ."
അവൾ എന്നെ നോക്കി, പിന്നെ മനസ്സില്ലാമനസ്സോടെ പറഞ്ഞു..
"ആ ഏട്ടാ, ഞാൻ തരാം."
"ശരി..."
പിന്നെ ഒന്നും ഞാനും പറഞ്ഞില്ല.
അവളുടെ മുഖത്തു വലിയ സന്തോഷമൊന്നും കണ്ടില്ല. അവൾ അങ്ങനെയാണ്.
വിവാഹം കഴിഞ്ഞിട്ട് ആദ്യത്തെ ഉത്സവം ആണ്. അവളുടെ വീട്ടിൽ പറഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് അവളുടെ അച്ഛനും അമ്മയും ഉണ്ടാകും. പിന്നെ ഞാനും അവളും മാത്രം. എൻ്റെ അമ്മ പണ്ടേ പോയി, അന്നെനിക്ക് ഓർമ്മ വച്ചിട്ടില്ല. എനിക്ക് അച്ഛനും അച്ഛന് ഞാനും അങ്ങനെയാണ് ഞങ്ങൾ ജീവിച്ചത്. ഈ കല്യാണം ഉറപ്പിച്ച ശേഷമാണ് അച്ഛൻ പോയത്. ആ ശൂന്യതയിലേക്കാണ് ഒരു മാലാഖയെ പോലെ അവൾ കടന്നു വന്നത്. അല്ല അവൾ മാലാഖ തന്നെയാണ്. കുപ്പയിലെ മാണിക്യം. അധികം ആളുകൾക്ക് കിട്ടാത്ത ഭാഗ്യം.
ഒരു വർഷം ഞാൻ കാത്തിരുന്നൂ അവൾക്കായി.
അച്ഛൻ മരിക്കുവാൻ നേരത്തു ഒന്നേ പറഞ്ഞുള്ളൂ.
"മോനെ, മീനൂട്ടിയെ നന്നായി നോക്കണം, അവളുടെ കണ്ണ് നിറയരുത്. പിന്നെ ഞാൻ പറഞ്ഞ പോലെ ചെയ്യണം."
"ശരി" എന്ന് ഞാൻ പറഞ്ഞത് അച്ഛൻ കേട്ടോ എന്നറിയില്ല. അച്ഛൻ പോയി. എല്ലാം പെട്ടെന്നായിരുന്നൂ.
ഈ കല്യാണം വേണ്ടെന്നു ഒത്തിരി പേര് അന്ന് പറഞ്ഞു. അപശകുനം ആണത്രേ. കല്യാണം ഉറപ്പിച്ച ഉടനെ അച്ഛൻ പോയത്, കെട്ടുവാൻ പോകുന്ന പെണ്ണിൻ്റെ ഭാഗ്യക്കേട് ആണത്രേ.
എന്നിട്ടും ഞാൻ ഉറപ്പിച്ചു പറഞ്ഞു.
"ഇല്ല, അവൾ മതി."
അവൾ ഒരു പാവമാണ്. ഒന്നിനും വാശിയില്ല. എൻ്റെ കാര്യങ്ങൾ നന്നായി നോക്കും. അധികം സംസാരമില്ല.
ആദ്യമൊക്കെ അവൾക്കു ഒത്തിരി പേടിയായിരുന്നൂ എന്നെ. പാവം. എന്തിനും ഏതിനും അവൾക്കു പേടിയാണ്.
...................
"ദേ, അവർ എത്തീട്ടൊ. നീ കുടിക്കാൻ എന്തെങ്കിലും എടുക്കൂ."
അവൾ അടുക്കളയിലേക്കു ഓടി.
അമ്മ അവളുടെ പുറകെ തന്നെ അടുക്കളയിലേക്ക് പോയി.
"ഞാൻ അവളുടെ അടുത്തേക്ക് ചെല്ലട്ടെ, മോനെ." ആരോടെന്നില്ലാതെ അവർ പറഞ്ഞു.
ആ പറച്ചിൽ കേട്ടാൽ തോന്നും അവർ അവിടെ പോയി മലമറിക്കുവാൻ പോകുവാണെന്നു. കൈ അനങ്ങി ഒന്നും ചെയ്യില്ല.
"അച്ഛൻ ഇരിക്കൂ."
ഞാനും അവളുടെ അച്ഛനും കൂടെ ഓരോന്ന് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അടുക്കളയിൽ നിന്നും എന്തോ ശബ്ദം കേട്ടത് പോലെ തോന്നി.
ഞാൻ വേഗം അടുക്കളയിലേക്കു ചെന്നൂ.
പെട്ടെന്ന് ഞാൻ അത് കേട്ടൂ.
"എന്താടി, ഇവിടെ എങ്കിലും അടങ്ങി ഒതുങ്ങി നിൽക്കുമോ. അതോ നിൻ്റെ അമ്മയുടെ പോലെ ചാടി പോകുമോ. ശവം. ഇടയ്ക്ക് വീട്ടിൽ വന്നു പണി ചെയ്യണം. അവൻ അറിയേണ്ട. ഇല്ലെങ്കിൽ അറിയാല്ലോ, കഥകളൊക്കെ അവനോടു ഞാൻ പറയും. പിന്നെ നീ ഈ വീട്ടിൽ നിന്നും പുറത്താണ്."
അവൾ കരയുന്നതു ഞാൻ കേട്ടൂ.
പെട്ടെന്ന് ഞാൻ വിളിച്ചൂ
"മീനൂട്ടി.."
ഞാൻ കയറി ചെല്ലുമ്പോഴേക്കും അവൾ കണ്ണുകൾ തുടച്ചിരുന്നൂ.
"എന്താ മീനൂട്ടി.."
"ഒന്നുമില്ല മോനെ, അടുപ്പിനടുത്തു നിൽക്കുവല്ലേ എൻ്റെ മോൾ. കണ്ണിൽ കരി പോയി. പാവത്തിന് പണി ഒന്നും അത്ര വശമില്ലല്ലോ. പാവം എൻ്റെ കുട്ടി."
അവളുടെ അമ്മയുടെ ഒരു തേനിൽ പൊതിഞ്ഞ വർത്തമാനം.
വീട്ടിലെ പണി മുഴുവൻ അവളാണ് ചെയ്തിരുന്നത് എന്ന് എനിക്കറിയാം.
എന്തായാലും ഉച്ചയ്ക്ക് ഊണും കഴിച്ചു വൈകീട്ടു അമ്പലം വരെ പോയിട്ട് അവർ തിരിച്ചു പോയി. അപ്പോഴാണ് എനിക്ക് ആശ്വാസമായത്.
മീനൂട്ടിക്ക് അവരെ ഭയമാണ്.
രാത്രി ഉറങ്ങുവാൻ കിടക്കുമ്പോൾ ഞാൻ മീനുവിനോട് ചോദിച്ചു.
"നിനക്ക് എന്തെങ്കിലും സങ്കടം ഉണ്ടോ."
"ഇല്ല ഏട്ടാ.."
"ആ ശരി, നാളെ വേഗം എഴുന്നേൽക്കണം കേട്ടോ. ഒരു അഥിതി ഉണ്ടാകും."
"ശരി ഏട്ടാ.."
അവൾക്കൊരിക്കലും മറുത്തൊന്നും പറയുവാൻ അറിയില്ല. എല്ലാ പണിയും ചെയ്തു അങ്ങനെ ഇരിക്കും. ആരാ, വരുന്നത് എന്ന് കൂടെ അവൾ ചോദിച്ചില്ല.
"എന്തൊക്കെ ഉണ്ടാക്കണം.."
"നിനക്ക് ഏറ്റവും ഇഷ്ടപെട്ട ഒരാൾ വന്നാൽ നീ എന്തൊക്കെ ഉണ്ടാക്കുമോ അതുപോലെ വേണം എല്ലാം. ഞാനും സഹായിക്കാം. പിന്നെ മുല്ലപ്പൂ വാങ്ങി വച്ചിട്ടുണ്ട്. ഊണിനു മുൻപേ ഉടുത്തൊരുങ്ങണം. എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണ് വരുന്നത്. പുതിയ സാരി ഉടുത്തോണം."
രാവിലെ എഴുന്നേറ്റു ഞാനും അവളും കൂടെ എല്ലാം ഉണ്ടാക്കി. ഉത്സവത്തിൻ്റെ പ്രധാന ദിവസ്സം ആണ്..
എന്നോട് പോലും ചോദിക്കാതെ അവൾ പാലടയും പരിപ്പ് പ്രഥമനും ഉണ്ടാക്കി. കൂടെ കുടപ്പൻ തോരനും.
അതെന്തിനാണ് എന്ന് മാത്രം ഞാൻ ചോദിച്ചില്ല.
കാരണം അവൾക്കിഷമുള്ള ആൾക്ക് അവൾ കരുതിയതാകാമല്ലോ.
അവൾ പോയി ഉടുത്തൊരുങ്ങി. ബെല്ലടി കേട്ടതും ഞാൻ പറഞ്ഞു.
"പോയി തുറക്കൂ.."
വാതിൽ തുറന്ന അവൾ തല കറങ്ങി വീണു. അത് പക്ഷെ ഞാൻ പ്രതീക്ഷിച്ചില്ല.
അവളുടെ അമ്മ അവളെ വാരി എടുത്തു.
കണ്ണ് തുറന്ന അവൾ എന്നെ നോക്കി. അവൾ ആകെ പേടിച്ചിരിക്കുന്നൂ, എന്നെനിക്കു മനസ്സിലായി.
അവൾക്കു ഒന്നും മനസ്സിലായില്ല.
പതിയെ ഞാൻ പറഞ്ഞു.
"നീ എന്താ മീനൂട്ടി കരുതിയത്. എനിക്ക് നിന്നെ പറ്റി ഒന്നും അറിയില്ല എന്നോ. എനിക്ക് എല്ലാം അറിയാം. എല്ലാം മനസ്സിലാക്കി തന്നെയാണ് നിന്നെ ഞാൻ താലി കെട്ടിയതു. പക്ഷേ, എന്നെ നിനക്ക് മനസിലാക്കുവാൻ കഴിഞ്ഞില്ല. നാട്ടുകാർ പറയുന്ന, നിൻ്റെ അച്ഛൻ പറയുന്ന ആണുങ്ങളെ പിടിക്കുന്ന നിൻ്റെ ആ അമ്മ ഇതല്ലേ.."
അവൾ ഒന്നും മിണ്ടിയില്ല.
"പെണ്ണ് കാണുവാൻ പോകുന്ന സമയത്തു മൂന്നാൻ പറഞ്ഞിരുന്നൂ നിനക്ക് രണ്ടാനമ്മ ഉണ്ടെന്നു. അതിനെ പറ്റി അപ്പോൾ ഞാൻ ഒന്നും കാര്യമായി അന്വേഷിച്ചില്ല. പെണ്ണിനെ ഇഷ്ടമായാൽ പോരെ ബാക്കി. പക്ഷേ, നിന്നെ ഒറ്റ നോട്ടത്തിലെ എനിക്ക് ഇഷ്ട്ടമായി. എന്തോ ഒരടുപ്പം നിന്നോട് എനിക്ക് ആദ്യ കാഴ്ചയിലെ തോന്നി. അച്ഛൻ എല്ലാം എൻ്റെ ഇഷ്ടത്തിന് വിട്ടൂ. പക്ഷേ, നീയുമായുള്ള കല്യാണം മുടക്കുവാൻ ഒത്തിരി പേര് ഇവിടെയും വന്നിരുന്നൂ. "
അങ്ങനെയാണ് ഞാൻ നിന്നെ പറ്റി കൂടുതൽ തിരക്കിയത്. അത് അച്ഛന് നിർബന്ധം ആയിരുന്നൂ.
"നിങ്ങളുടെ വീട്ടിലേക്കു പോകുന്ന വഴിയിലുള്ള വീണ ആന്റി, അച്ഛൻ്റെ കൂട്ടുകാരിയാണ്. അവരാണ് നിൻ്റെ അമ്മ ഒളിച്ചോടി പോയ കാര്യം പറഞ്ഞത്. അതിനു ശേഷം അച്ഛൻ വേറെ കെട്ടിയതും ആ തള്ള നിന്നെ ഉപദ്രവിക്കുന്നതും എല്ലാം എന്നോട് പറഞ്ഞു. നിൻ്റെ അമ്മയെ പറ്റി എല്ലാവരും മോശമാണ് പറഞ്ഞത്. അപ്പോൾ ഈ വിവാഹം വേണ്ടെന്നു അച്ഛൻ എന്നോട് പറഞ്ഞു."
"അങ്ങനെ സത്യങ്ങൾ നേരിട്ടറിയുവാൻ നിൻ്റെ അമ്മയെ അന്വേഷിച്ചു ഞാൻ പോയി. അമ്മയെ ആദ്യം കണ്ടെത്തുവാൻ എനിക്കായില്ല. പകരം വയനാട്ടിൽ കഴിയുന്ന അവരുടെ കാമുകനെ കിട്ടി. അയാൾക്കൊപ്പം പക്ഷേ നിൻ്റെ അമ്മ ഉണ്ടായിരുന്നില്ല. അയാൾ എന്നോട് എല്ലാം പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത നിൻ്റെ അമ്മയെ ചതിക്കുവാൻ അച്ഛനൊപ്പം കൂട്ടുനിന്ന ആ മഹാൻ ഇന്ന് തളർന്നു കിടപ്പാണ്. അച്ഛൻ കൊടുത്ത പണം അയാൾക്കൊരിക്കലും ഉപകാരപ്പെട്ടില്ല. ഒടുക്കം ഒത്തിരി അന്വേഷിച്ചു ഞാൻ അവരെ കണ്ടെത്തി. ആരോരുമില്ലാതെ അനാഥാലയത്തിൽ ജീവിക്കുന്ന നിൻ്റെ അമ്മ."
"നീ കരുതും പോലെ അവർ ഒളിച്ചോടി പോയതല്ല. നിൻ്റെ അച്ഛൻ അവരെ ഉപേക്ഷിച്ചതാണ്, നിൻ്റെ ഇപ്പോഴത്തെ അമ്മയെ കെട്ടുവാൻ. അതിനയാൾ കുറെ കഥകൾ മെനഞ്ഞു. അങ്ങനെ അമ്മയ്ക്ക് ഒരു കാമുകൻ വന്നൂ. അയാളോടൊപ്പം അമ്മയെ മുറിയിൽ നിന്നും നാട്ടുകാർ പിടിച്ചു. അച്ഛൻ അമ്മയെ വീട്ടിൽ നിന്നും തല്ലിയിറക്കി."
"അയാളെ (ശിവൻകുട്ടി) നിൻ്റെ അച്ഛനാണ് കുപ്പി എടുക്കുവാൻ മുറിയിൽ വിട്ടത്, അതും നിൻ്റെ അമ്മ കുളിക്കുവാൻ കയറിയ സമയത്തു. വാതിൽ പുറത്തു നിന്നും പൂട്ടിയത് അച്ഛൻ. അന്ന് നീ കുഞ്ഞല്ലേ, നിനക്കൊന്നും അറിയില്ലല്ലോ. അമ്മയ്ക്കും ഒന്നും അറിയില്ലായിരുന്നൂ അന്ന്. ഒരിക്കലും അങ്ങനെ ഒരു ചതി അവർ പ്രതീക്ഷിച്ചിരുന്നില്ല."
"ഏതായാലും അച്ഛൻ കാരണം ശിവൻകുട്ടി നാട് വിട്ടൂ. അയാൾക്കൊപ്പം അമ്മ പോയെന്നു എല്ലാവരും കരുതി."
ഞാൻ അവളെ നോക്കി.
"നമ്മുടെ വിവാഹത്തിന് അമ്മയെ ഞാൻ ക്ഷണിച്ചു. അവർ വന്നില്ല. ഒരിക്കൽ നീ അവരെ തേടി ചെല്ലും എന്ന് അവർ എന്നും വിശ്വസിച്ചിരുന്നൂ. ആ നിമിഷത്തിനായി അവർ കാത്തിരുന്നൂ."
പെട്ടെന്ന് അവൾ പറഞ്ഞു, അല്ല ആദ്യമായി അവൾ മനസ്സു തുറന്നു.
"ഏട്ടനറിയോ, മൂന്നാം വയസ്സിൽ അമ്മ പോയി. അച്ഛന് എന്നെ ഇഷ്ടമല്ല. രണ്ടാനമ്മയ്ക്കു ഞാൻ വെറും വേലക്കാരി ആയിരുന്നൂ. ഇന്നുവരെ ഇഷ്ടമുള്ളതൊന്നും ഞാൻ കഴിച്ചിട്ടില്ല. ഒരു നല്ല വസ്ത്രം അവർ വാങ്ങി തരില്ല. അമ്മയുടെ സാരി പഴകുമ്പോൾ അത് വച്ച് കുറച്ചു പാവാടയും ബ്ലൗസും തുന്നി തരും."
"എന്നും ഞാൻ ഒരു ശകുനപ്പിഴ ആയിരുന്നൂ, എല്ലാവർക്കും. നാട്ടിൽ ചെറുക്കൻമ്മാർ പുറകെ നടന്നു ചോദിക്കും കൂടെ പോരുന്നോ എന്ന്. ഭർത്താവിനെ ചതിച്ചു ഒളിച്ചോടിപ്പോയ അമ്മയുടെ മകളല്ലേ. അപ്പോഴും കുറ്റം എനിക്കാണ്. അറിയാതെ ഞാൻ എന്നിലേക്ക് ഒതുങ്ങി തുടങ്ങി. ഓരോ നിമിഷവും എനിക്ക് ഭയമായിരുന്നൂ. എന്നെ ആരെങ്കിലും കയറിപിടിക്കുമോ എന്ന ഭയം. മനസ്സു തുറന്നൊന്നു സംസാരിക്കുവാൻ ആരുമില്ല. എല്ലാം ഈ നെഞ്ചിൽ ഞാൻ അടക്കി."
"അമ്മയെ കാണുമ്പോൾ ചോദിക്കണം എന്നുണ്ടായിരുന്നൂ, എന്തെ എനിക്ക് വിഷം തന്നില്ല, ഒരുത്തൻ്റെ കൂടെ പോകുന്നതിനു മുൻപേ എന്ന്."
"മോളെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല." അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
"എല്ലാം എനിക്കറിയാം അമ്മെ, അറിയുവാൻ ഒത്തിരി ഞാൻ വൈകി. അതുവരെ അമ്മയെ ഞാൻ ശപിച്ചിട്ടേ ഉള്ളൂ. ഒരിക്കൽ അച്ഛനും രണ്ടാനമ്മയും കൂടെ വഴക്കു കൂടുമ്പോൾ അറിയാതെ ഈ കഥ കടന്നു വന്നൂ. അന്നെനിക്ക് മനസ്സിലായി, എൻ്റെ അമ്മ ഒരു തെറ്റ് ചെയ്തിട്ടില്ല എന്ന്. പക്ഷേ എനിക്ക് എന്ത് ചെയ്യുവാനാകും. ഞാൻ പറയുന്നതു ആര് കേൾക്കും. കുളിമുറിയിൽ നിന്ന് ഞാൻ കരയും, ആ വെള്ളത്തോടൊപ്പം എൻ്റെ കണ്ണുനീർ ഒലിച്ചു പോകും. മനസ്സു തുറന്നൊന്നു കരയുവാൻ പോലും എനിക്ക് അവകാശം ഉണ്ടായിരുന്നില്ല."
"കല്യാണം ഉറപ്പിച്ചപ്പോൾ എനിക്ക് ഭയം ആയിരുന്നൂ. ഈ കഥകളൊക്കെ അറിയുമ്പോൾ ഏട്ടൻ ഉപേക്ഷിക്കുമോ എന്ന്. തിരിച്ചു കയറി ചെല്ലുവാൻ ഒരു വീടില്ല എനിക്ക്. ഞാൻ എവിടേക്കു പോകും."
"അതിന് എല്ലാ ആണുങ്ങളും ഒരു പോലെയല്ല. മീനൂട്ടി. നീ അച്ഛനെ മാത്രമല്ലെ കണ്ടിട്ടുള്ളൂ. "
"ഏട്ടനോട് പലപ്പോഴും എല്ലാം പറയണം എന്നുണ്ടായിരുന്നൂ പക്ഷേ, ഏട്ടൻ്റെ മുന്നിൽ വച്ച് അവർ എത്ര നന്നായിട്ടാണ് എന്നോട് സംസാരിക്കുന്നതു. എന്നെ പോലെ ഉള്ളവളെ ആര് വിശ്വസിക്കും."
ഞാൻ ഒന്നും മിണ്ടിയില്ല.
അവളും അമ്മയും കുറേ നേരം കരഞ്ഞു. വർഷങ്ങളായി കരുതി വച്ചതൊക്കെ പെയ്തൊഴിയട്ടെ എന്ന് ഞാനും കരുതി. കാർമേഘങ്ങൾ മൂടിക്കെട്ടിയ അവരുടെ മനസ്സു ഒന്ന് കരഞ്ഞു വെളുത്തു.
അവർ ഒരുമിച്ചിരുന്നുണ്ടു. അവളുടെ അമ്മയ്ക്ക് ഇഷ്ട്ടപ്പെട്ട ആ കുടപ്പൻ തോരൻ ഞാൻ വിളമ്പി കൊടുത്തു.
അവർക്കൊത്തിരി പറയുവാൻ ഉണ്ടാകും. അവരെ തനിയെ വിട്ടു ഞാൻ പുറത്തേക്കു നടന്നു.
ചില ജന്മങ്ങൾ അങ്ങനെയാണ് വെറുതെ പഴി കേൾക്കുവാൻ വിധിക്കപ്പെട്ട മാണിക്യങ്ങൾ.
ആ അമ്മയും മകളും അവരെന്തു പിഴച്ചു.
അച്ഛൻ്റെ അസ്ഥിത്തറയുടെ അടുത്തേക്ക് ഞാൻ നടന്നൂ. അവിടെ എനിക്ക് ഒരു കാര്യം അറിയിക്കുവാൻ ഉണ്ട്.
അച്ഛൻ അവസാനമായി എന്നോട് പറഞ്ഞ ആവശ്യം അതായിരുന്നൂ.
"മോനെ, ജീവിതം ഒന്നേ ഉള്ളൂ. അമ്മയില്ലാത്ത ദുഃഖം നിനക്കറിയാം. അമ്മ ഉണ്ടായിട്ടും ആ സ്നേഹം ലഭിക്കുവാൻ ഭാഗ്യമില്ലാത്ത ഒരു മോൾ, തെറ്റ് ചെയ്യാതെ ശാപം പേറുന്ന ഒരമ്മ, അവരെ ഒരുമിക്കുവാൻ ദൈവം തിരഞ്ഞെടുത്തതാണ് നിന്നെ. എനിക്ക് പകരം നിനക്ക് അവരുണ്ടാകും. അഭിമാനത്തോടെ അവർ ഈ വീട്ടിൽ ജീവിക്കണം. അവരെ നീ കൂട്ടികൊണ്ടു വരണം ഈ വീട്ടിലേക്കു."
ആ അസ്ഥിത്തറയുടെ മുന്നിൽ നിൽക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നൂ.
അച്ഛൻ പോയ ശൂന്യതയിലേക്ക് ഇപ്പോൾ ഒരമ്മയും വന്നിരിക്കുന്നൂ.
.........................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ