ചില പരിമിതികൾ CHILA PARIMITHIKAL , FB, E, N, A, K, AP, LF, G, KZ, SXC

 "മോളെ ആ കല്യാണം ഞങ്ങൾ അങ്ങു ഉറപ്പിച്ചോട്ടെ..."

എനിക്ക് നല്ല ദേഷ്യം വന്നൂ. 

"അപ്പനെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ. എനിക്കയാളെ വേണ്ട.."

ഞാൻ ചിണുങ്ങി.. 

"അവനെന്താ കുഴപ്പം മോളെ. നല്ലൊരു ജോലി, അതും ഗവണ്മെന്റ് സർവീസിൽ. അത്യാവശ്യം ചുറ്റുപാടും ഉണ്ടല്ലോ, കാണാനും തരക്കേടില്ല. നല്ല സ്വഭാവം ആണ്. ഞാൻ അന്വേഷിച്ചു. നിനക്കവിടെ ഒരു കുറവും ഉണ്ടാകില്ല."

"പിന്നെ, എനിക്ക് കൂട്ടുകാരികളുടെ മുഖത്തു നോക്കണ്ടേ. എനിക്ക് അയാളെ വേണ്ട. കെട്ടുവാണെങ്കിൽ നല്ല ഗസറ്റഡ് പോസ്റ്റിൽ ഉള്ളവർ മതി."

കൂട്ടുകാരികളുടെ മുന്നിൽ അവതരിപ്പിച്ച പൊങ്ങച്ച കഥകൾ തകരുന്നതിൽ എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. 

പെട്ടെന്ന് അപ്പൻ പറഞ്ഞു. 

"നിന്നെ, നല്ല കോളേജിൽ വിട്ടു പഠിപ്പിച്ചതാണ് ഞാൻ ചെയ്ത തെറ്റ് മോളെ. ഈ വീട്ടിലെ അവസ്ഥകൾ മനസ്സിലാക്കി തന്നൂ, ഞങ്ങളുടെ രീതിയിൽ നിന്നെ വളർത്തണമായിരുന്നൂ. ഇനി പറഞ്ഞിട്ടു കാര്യമില്ല." 

"കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ." അപ്പൻ ആരോടെന്നില്ലാതെ പറഞ്ഞു. 

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. 

കൂടെ ഉള്ള കുട്ടികളൊക്കെ വലിയ പണമുള്ള വീട്ടിലെ ആണ്. ആഢംബരത്തിനും പൊങ്ങച്ചത്തിനും ഞാനും ഒട്ടും കുറവ് വരുത്തിയിരുന്നില്ല. നല്ല വസ്ത്രങ്ങളും അതിനു വേണ്ട എല്ലാ സാധനങ്ങളും എടുത്തു തരുന്നതിൽ അപ്പനും പുറകിൽ ആയിരുന്നില്ല. ബുദ്ധിമുട്ടു അറിഞ്ഞിട്ടില്ല ഒരിക്കലും. അതുകൊണ്ടു തന്നെ കലാലയ ജീവിതം മുഴുവൻ എന്തൊക്കെയോ കാണിച്ചു ഉഴപ്പി നടന്നൂ. ഒടുവിൽ ബിരുദത്തിനു പൊട്ടി. 

"ബിരുദത്തിനു പൊട്ടിയ പേപ്പറുകൾ ഇനി വേണം എഴുതി എടുക്കുവാൻ." ആ സമയത്താണ് ഒരു കല്യാണ ആലോചന. അപ്പനും അമ്മയും കൂടെ കണ്ടെത്തിയ ഒരു മനുഷ്യൻ. എനിക്കെന്താ ഒരു കുറവ്.. 

എൻ്റെ പിടിവാദങ്ങൾ ഒന്നും അപ്പൻ പക്ഷേ മുഖവിലയ്‌ക്കെടുത്തില്ല. അങ്ങനെ ആ കല്യാണം ഉറപ്പിച്ചു. കൂട്ടുകാരെ ആരെയും ഞാൻ വിവരം അറിയിച്ചില്ല. ഉണ്ടായിരുന്ന ഫേസ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. 

അങ്ങനെ ആ കല്യാണം നടന്നൂ. 

.............................

ആദ്യരാത്രിയിൽ അയാളെ ഞാൻ പാടെ അവഗണിച്ചൂ. ഏതായാലും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഞാൻ വീട്ടിലേക്കു തിരിച്ചു പോന്നൂ. ആ വീട്ടിലെ സാഹചര്യങ്ങളോടു മനസ്സുകൊണ്ട് പൊരുത്തപ്പെടുവാൻ എനിക്കായില്ല. 

സത്യത്തിൽ അമ്മയും അയാളും പാവങ്ങൾ ആയിരുന്നൂ. എന്തോ അഹങ്കാരം കൊണ്ട് കണ്ണു മറഞ്ഞ എനിക്ക് അവരെ ഉൾക്കൊള്ളുവാൻ ആയില്ല.

പൊട്ടിയ പേപ്പറെല്ലാം എഴുതി എടുക്കണം എന്നൊരു പല്ലവി വീണ്ടും ഞാൻ  ആവർത്തിച്ചു. കാലം കടന്നു പോയി. മനസ്സ് അപ്പോഴേക്കും മുരടിച്ചു തുടങ്ങിയിരുന്നു. 

അയാൾ ഇടയ്ക്കൊക്കെ വീട്ടിൽ വന്നൂ. കഴിയാവുന്നിടത്തോളം ഞാൻ അയാളെ അപ്പോഴും അവഗണിച്ചു. 

ഒരാങ്ങളയുള്ളത് നന്നായി പഠിക്കുമായിരുന്നൂ. അവനു നല്ലൊരു ജോലിയും കിട്ടി. എനിക്ക് വേണ്ടതൊക്കെ അവനും അപ്പനും വാങ്ങി തരുമായിരുന്നൂ. 

അങ്ങനെ കാത്തിരുന്ന് അവൻ്റെ കല്യാണം ആയി. 

വലിയ വീട്ടിലെ പെൺകുട്ടി, അവൻ്റെ കൂടെ ജോലി ചെയ്യുന്നവൾ.

ഒത്തിരി ആഘോഷങ്ങളോടെ ആ കല്യാണം നടന്നൂ. ഞാൻ ആഗ്രഹിച്ചിരുന്ന ജീവിതം അവനു കിട്ടുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരു നോവ് അനുഭവപ്പെട്ടു.

നാത്തൂനും എന്നോട് വലിയ സ്നേഹമായിരുന്നൂ. അവളുടെ കാര്യങ്ങളൊക്കെ ഞാൻ തന്നെ ചെയ്തു കൊടുത്തു. 

"പാവം കുട്ടി, ജോലിക്കു പോകുവല്ലേ."

പെട്ടെന്നാണ് അപ്പൻ പോയത്. അതും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു.

ഒന്ന് തല കറങ്ങി വീണതായിരുന്നൂ. ഉടനെ ആശുപത്രിയിൽ എത്തിച്ചു. പ്രതീക്ഷയ്ക്കു വകയില്ല എന്ന് ഡോക്ടർ പറഞ്ഞു. മാസ്സീവ് ഹാർട്ട് അറ്റാക്ക് ആണത്രേ. 

ആങ്ങളയോട് അയാളെ വിളിക്കുവാൻ അപ്പൻ ആവശ്യപ്പെട്ടു. 

അയാൾ വന്നപ്പോൾ ആ കൈകൾ പിടിച്ചു എന്തിനോ അപ്പൻ കരഞ്ഞു. എനിക്ക് നല്ല ദേഷ്യമാണ് വന്നത്. അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നൂ. അയാളുടെ കണ്ണുകളിൽ നോക്കിയാണ് അപ്പൻ വിട പറഞ്ഞത്. 

............................

അപ്പൻ്റെ ഏഴു കഴിഞ്ഞു ബന്ധുക്കളൊക്കെ പോയി. അയാൾ മാത്രം അവിടെ അവശേഷിച്ചു. എന്തിനാണ് അയാൾ കാത്തിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. 

രണ്ടുദിവസമായി നല്ല പണിത്തിരക്കു ആയിരുന്നൂ. അപ്പോഴാണ് ഒന്ന് വിശ്രമിക്കുവാൻ സാധിച്ചത്. വേറെ പണിക്കാരെ ഒന്നും ആങ്ങള വച്ചിരുന്നില്ല, എല്ലാം ഓർഡർ കൊടുക്കുകയായിരുന്നൂ. അവർ വന്നു കൃത്യസമയത്തു ഭക്ഷണം കൊണ്ട് വന്ന് വിളമ്പി കൊടുത്തു. 

എന്നാലും വീട്ടിലെ പണികൾ ഉണ്ടായിരുന്നൂ. 

പെട്ടെന്നാണ് അമ്മ കയറി വന്നത്.

"നീ, എന്താ ഈ കാണിക്കുന്നത്. പകലുറങ്ങുവാൻ പോകുന്നോ. അപ്പോൾ പിന്നെ അടുക്കളയിൽ കിടക്കുന്ന പാത്രങ്ങൾ ഒക്കെ ആരാ കഴുകുന്നത്?. അതിഥികൾ എല്ലാം ഇപ്പോൾ പോയതേ ഉള്ളല്ലോ."

അമ്മയുടെ മുഖo ഇരുണ്ടിരുന്നൂ.

പെട്ടെന്ന് ആങ്ങള കയറി വന്നൂ.

"ആഹാ, കൊച്ചമ്മ ചമഞ്ഞിരിക്കുകയാണോ. വേഗം പോയി അടുക്കള ഒതുക്കെടി."

ഞാൻ വേഗം ചെന്ന് പണിയെല്ലാം തീർത്തൂ. അപ്പോൾ അവൻ്റെ ഭാര്യ അവിടെ കാലുമ്മേൽ കാലും കയറ്റി വച്ച് ഇരിക്കുന്നുണ്ടായിരുന്നൂ. 

തിരിച്ചു മുറിയിൽ എത്തിയപ്പോൾ മനസ്സൊന്നു ഇടിഞ്ഞിരുന്നൂ. ഇതുവരെ കാണാത്ത മുഖങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നൂ. അയാൾ എല്ലാം കേട്ട് കാണും. കുറേ നേരം കരഞ്ഞു. എപ്പോഴോ ഉറങ്ങി. 

ഉണർന്നപ്പോൾ നേരെ അടുക്കളയിൽ ചെന്നൂ. പുട്ടുപൊടി കുഴച്ചതു അവിടെ ഇരിക്കുന്നൂ. ബാക്കി എല്ലാവരും ഭക്ഷണം കഴിച്ചിരിക്കുന്നൂ. 

എനിക്കാവശ്യമുണ്ടെങ്കിൽ സ്വയം ഉണ്ടാക്കി കഴിക്കണമായിരിക്കും. 

ഞാനാണ് അതുവരെ എന്നും രാവിലെ എല്ലാവർക്കും പ്രാതൽ ഉണ്ടാക്കി കൊടുത്തിരുന്നത്. അന്നൊന്നും പന്തിയിൽ ഞാൻ പക്ഷഭേദം കാണിച്ചിട്ടില്ല. 

ഒന്നും ഉണ്ടാക്കുവാൻ നിൽക്കാതെ ഞാൻ മുറിയിലേക്ക് തിരിച്ചു പോന്നൂ. 

അപ്പോൾ നാത്തൂൻ ആങ്ങളയോട് പറയുന്നത് കേട്ടൂ.

"ഞാൻ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടു നിങ്ങളുടെ പെങ്ങൾ കഴിക്കില്ല. കെട്ടിച്ച വീട്ടിൽ ഒതുങ്ങാത്ത സാധനം. എന്നോട് വല്ലതും പറഞ്ഞാൽ ഞാൻ നല്ലതു തിരിച്ചു പറയും, കേട്ടോ."

പിറ്റേന്ന് വീണ്ടും അദ്ധേഹം വന്നൂ. വിവരങ്ങൾ അന്വേഷിച്ചിട്ടു തിരിച്ചു പോയി. 

വർഷം മൂന്നായിരിക്കുന്നൂ ഞാൻ എൻ്റെ വീട്ടിൽ എത്തിയിട്ട്. ആദ്യമൊക്കെ മകൾ ആയിരുന്നെങ്കിൽ ഇപ്പോൾ ജോലിക്കാരി ആയി മാറിയിരിക്കുന്നൂ. 

പെട്ടെന്നാണ് അമ്മ മുറിയിലേക്ക് കയറി വന്നത്‌. മുഖവുരയൊന്നും കൂടാതെ പറഞ്ഞു തുടങ്ങി. 

"നിന്നെ അപ്പനെ കൊണ്ട് ആവുന്ന നിലയിൽ അപ്പൻ പഠിപ്പിച്ചു. പഠിച്ചു നല്ല നിലയിൽ എത്തുവാൻ നോക്കാതെ നീ ഉഴപ്പി. ആങ്ങളെയെ കണ്ടു പഠിക്ക്. അന്ന് ഞാൻ ഒന്നും പറഞ്ഞില്ല. അദ്ധേഹം മരിക്കുന്നതിന് മുൻപ് നല്ലനിലയിൽ തന്നെ നിന്നെ വിവാഹം കഴിപ്പിച്ചയച്ചു. അവൻ്റെ മനസ്സു മനസ്സിലാക്കാതെ നീ തിരിച്ചു പോന്നൂ. അന്ന് അമ്മ എന്ന നിലയിൽ നിന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി, തിരിച്ചു പറഞ്ഞയക്കാതെ ഞാൻ തെറ്റ് ചെയ്തു. ഈ വീട്ടിൽ ഇപ്പോഴുള്ള നിൻ്റെ സ്ഥാനം ഇനിയെങ്കിലും നീ മനസ്സിലാക്കിയാൽ നിനക്ക് കൊള്ളാം."

"ഇന്നിതു പറഞ്ഞു തരുവാൻ ഞാൻ ഉണ്ട്. നാളെ ഞാൻ കൂടെ പോയാൽ..". അമ്മ ദീർഘമായി ഒന്ന് നിശ്വസിച്ചു. 

"നിന്നെ സ്നേഹിച്ചു വഷളാക്കിയത് അദ്ധേഹം ആണ്. കെട്ടിച്ച വീട്ടിൽ നിന്നും ഭർത്താവൊന്നിച്ചു വന്നു രണ്ടുദിവസം നിൽക്കുമ്പോൾ കിട്ടുന്ന വില നിനക്കിവിടെ ഇപ്പോൾ അവർ തരില്ല മോളെ. അവർക്കു നീയൊരു ബാധ്യതയാണെങ്കിൽ നിൻ്റെ ഭർത്താവിന് നീ അഭിമാനം ആണ്. അത് നീ മനസ്സിലാക്കണം. എനിക്ക് ചില പരിമിതികൾ ഉണ്ട്. എല്ലാം ജീവിതത്തിനും പരിമിതികൾ ഉണ്ട്, അതറിഞ്ഞു മുന്നോട്ടു പോയാൽ സന്തോഷവും സമാധാനവും ഉണ്ടാകും."

അമ്മ പോയതും അദ്ധേഹം മുറിയിലേക്ക് കയറി വന്നൂ. 

"നിന്നെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിക്കാം എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു ഞാൻ. പക്ഷേ, നിൻ്റെ അപ്പൻ എൻ്റെ കൈയ്യിൽ പിടിച്ചു കരഞ്ഞപ്പോൾ ഞാൻ മനസ്സിൽ കൊടുത്ത ഒരു വാക്കുണ്ട്. അദ്ധേഹം പറയാതെ പറഞ്ഞ കാര്യങ്ങൾക്കു ഞാൻ കൊടുത്ത മറുപടി."

ഞാൻ അദ്ധേഹത്തെ നോക്കി..

"ഇനിയും സമയം വൈകിയിട്ടില്ല, നിനക്ക് എൻ്റെ കൂടെ വരാം. നമ്മുക്ക് പുതിയ ഒരു ജീവിതം തുടങ്ങാം. പഴയതെല്ലാം മറക്കാം."

അദ്ധേഹത്തോടൊപ്പം ഇറങ്ങുമ്പോൾ എൻ്റെ തല താണു. അഭിമാനത്തോടെ ഒരിക്കൽ അപ്പൻ കൈപിടിച്ച് ഏൽപ്പിച്ചതാണ്. എല്ലാം എൻ്റെ തെറ്റാണു. ഇനിയെങ്കിലും ഞാൻ എന്നെ തിരുത്തണം. 

അമ്മയോട് യാത്ര പറഞ്ഞു. അപ്പോൾ മനസ്സിൽ ഒന്ന് ഉറപ്പിച്ചിരുന്നൂ.

"പൊട്ടിപ്പോയ പേപ്പറുകൾ എല്ലാം എഴുതി എടുത്തു, നല്ലൊരു ജോലി വാങ്ങിയിട്ട് ആങ്ങളെയെയും നാത്തൂനെയും കാണുവാൻ ഞാൻ വരണം." 

.........സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA