പറ്റുബുക്ക് PATTUBOOK, FB, N, A, E, K, SXC, EK, LF, AP, NA, KZ, G, P

ഇതിവളെവിടെ പോയി കിടക്കുന്നൂ. ആരോ പുറത്തു കിടന്നു ബെല്ലടിക്കുന്നൂ. എത്ര നേരമായി. അവൾക്കു ഒന്ന് വാതിൽ തുറന്നൂടെ. മനുഷ്യനെ ഒന്ന് മനഃസമാധാനമായിട്ടു ഉറങ്ങുവാൻ പോലും സമ്മതിക്കില്ല. രാത്രിയിൽ വന്നതേ വൈകിയാണ്. 

ബിസിനസ്സ് ആവശ്യത്തിന് പുറത്തു പോയതായിരുന്നൂ. 

നാട്ടിലും പുറത്തുമായി പരന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നതു ഞാനും അനിയനും കൂടെയാണ്. അനിയത്തി, കെട്ടിയോനോപ്പം വിദേശത്തു കഴിയുന്നൂ. 

മുറിയിൽ നിന്നും ഉറക്കെ വിളിച്ചൂ. 

"ടീ, ആരാ പുറത്തു വന്നിരിക്കുന്നത് എന്ന് നോക്കിക്കേ. ബെല്ലടിച്ചത് കേട്ടൂ.."

"ഒന്നുമില്ല ചേട്ടാ, ആരോ സഹായം ചോദിച്ചു വന്നതാണ്. ചേട്ടന് വേറെ പണിയൊന്നും ഇല്ലേ." 

"നീ അവരോടു നിൽക്കുവാൻ പറ. ആ മാറ്റി വച്ചിരിക്കുന്ന പൈസയിൽ കുറച്ചു അവർക്കു അങ്ങു എടുത്തു കൊടുത്തേക്ക്. ഞാൻ, ദേ വരുന്നൂ.."

"ചേട്ടന് ഇതെന്തിൻ്റെ കേടാണ്. കള്ളക്കൂട്ടങ്ങൾ ഒരുപാടു ഇറങ്ങിയിട്ടുണ്ട്. അതിൽ ആരെങ്കിലും ആകും. ഇവിടെ ഇങ്ങനെ ഒരു ദാനധർമ്മി ഉണ്ടെന്നു അറിഞ്ഞു വന്നതാകും."

അവൾ വീണ്ടും പിറുപിറുക്കുവാൻ തുടങ്ങി. എനിക്ക് നല്ല ദേഷ്യം വന്നൂ.

"ഇതിപ്പോൾ ഭർത്താവിന് വയ്യെന്നും പറഞ്ഞു ഒരെണ്ണം. പൈസ ഒന്നും വെറുതെ വേണ്ടത്രേ. കൈയ്യിലിരിക്കുന്ന മസാല പാക്കറ്റുകൾ വാങ്ങി വച്ചാൽ മതിയത്രെ. എനിക്ക് മസാലയൊന്നും വേണ്ട. ആവശ്യത്തിന് നമ്മൾ തന്നെ ഉണ്ടാക്കുന്നില്ലേ. മസാല കച്ചവടക്കാരൻ്റെ വീട്ടിൽ വന്ന് മസാല വിൽക്കുന്നോ. എന്ത് കഷ്ടമാണ്."

"ഏതായാലും നീ എന്തെങ്കിലും കൊടുത്തു വിടൂ. സാരമില്ല. മുന്നിൽ വന്നു കൈ നീട്ടുന്നവൻ ആരായാലും അവരുടെ അവസ്ഥയിൽ നമ്മൾ അവരെ സഹായിക്കണം. വെറും കൈയ്യോടെ ഒരിക്കലും പറഞ്ഞു വിടരുത്".

"ഓ, പിന്നേ.."

പണച്ചാക്കായി ജനിച്ച അവൾക്കു എല്ലാവരോടും പുച്ഛമാണ്.  അവളെ പറഞ്ഞിട്ട് കാര്യമില്ല. പട്ടിണി അനുഭവിച്ചവനെ അത് മനസ്സിലാകൂ.

അവൾ അവരുടെ കൈയ്യിൽ നിന്നും രണ്ടു മസാല പാക്കറ്റുകൾ വാങ്ങി. അവർ പോകുവാൻ ഇറങ്ങിയപ്പോഴാണ് ഞാൻ അങ്ങോട്ടു ചെന്നത്. 

പെട്ടെന്നാണ് ഞാൻ ആ മുഖം ശ്രദ്ധിച്ചത്. 

"വത്സല ചേച്ചി.."

പേര് കേട്ടതും അവർ നിന്നൂ.

"ചേച്ചി, ഇവിടെ."

"മോനേതാ.."

അവർക്കെന്നെ മനസ്സിലായിട്ടില്ല എന്ന് ഞാൻ ഊഹിച്ചൂ..

"ഞാനാ ചേച്ചി, അപ്പു.."

പെട്ടെന്ന് അവരുടെ കണ്ണുകൾ നിറഞ്ഞു.

ഞാൻ ചേച്ചിയോട് അകത്തേക്ക് കയറി ഇരിക്കുവാൻ പറഞ്ഞു. 

മനസ്സു അറിയാതെ പഴയ കാലത്തേക്ക് പോയി. 

അച്ഛൻ മരിച്ചതിനു ശേഷം അമ്മയാണ് ഞങ്ങളെ കഷ്ടപ്പെട്ട് വളർത്തിയത്. മിക്കവാറും ദിവസ്സങ്ങളിൽ വീട്ടിൽ അരപ്പട്ടിണി ആയിരുന്നൂ.

അന്ന് വീട്ടിൽ തീ പുകഞ്ഞിട്ടില്ലായിരുന്നൂ. അമ്മ വയ്യാതായി കിടക്കുവാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നൂ. അനിയനും അനിയത്തിക്കും ഉള്ള  കഞ്ഞി ഇന്നലെ വരെ ഞാൻ വച്ച് കൊടുത്തൂ. ഇനി ഒരു തരി അരി ബാക്കിയില്ല. ഒരു പത്തുവയസുകാരൻ വിചാരിച്ചാൽ എത്ര മാത്രം സാധിക്കും. 

പതിയെ പറ്റുകടയിലേക്കു നടന്നൂ. അവിടെ പോയി ഒരു കോണിൽ നിന്നൂ. കണ്ടിട്ടും അയാൾ കാണാത്ത ഭാവം നടിച്ചൂ. ആളുകൾ ഓരോരുത്തരായി സാധനങ്ങൾ വാങ്ങി മടങ്ങി. മുന്നോട്ടു ചെല്ലുവാൻ ഭയം തോന്നി. അതിലപ്പുറം ആത്മാഭിമാനം വ്രണപ്പെടുന്നതോർത്തപ്പോൾ മനസ്സു തേങ്ങി. ആരുടെ മുന്നിലും കൈ നീട്ടുവാൻ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല. 

ഇതിപ്പോൾ അമ്മ അറിയാതെ വന്നതാണ്. പാവത്തിന് പണിക്കു പോകുവാൻ കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ പോകുവാനും പൈസ ഇല്ല. 

രണ്ടുദിവസം മുന്നേ വന്നപ്പോൾ തന്നെ അയാൾ മാന്യമായി ഉള്ള കാര്യം പറഞ്ഞു. 

"പോയി, നിൻ്റെ തള്ളയോട് പണം അടക്കുവാൻ പറയെടാ. ഞാൻ ഇവിടെ ധർമ്മക്കട നടത്തുവല്ല. ബാക്കി പറ്റൊക്കെ പണം തന്നിട്ടു മതി."

എത്ര കെഞ്ചിയിട്ടും അയാൾ അന്ന് ഒന്നും തന്നില്ല. കരഞ്ഞുകൊണ്ടാണ് അന്ന് മടങ്ങിയത്. അതോർത്തപ്പോൾ തന്നെ മുന്നോട്ടു പോകുവാൻ പേടിയായി. പക്ഷേ, വിശന്നു കരയുന്ന ഒരു എട്ടുവയസ്സുകാരനും ഏഴുവയസ്സുകാരിയും വീട്ടിൽ ഉണ്ട്. അവർക്കു ഞാനേ ഉള്ളൂ.

പെട്ടെന്ന് ആരോ തോളത്തു കൈ വച്ചൂ. തിരിഞ്ഞു നോക്കിയപ്പോൾ വത്സല ചേച്ചി, കടക്കാരൻ്റെ ഭാര്യ. 

"മോനെന്താ ഇവിടെ നിൽക്കുന്നെ, ഇങ്ങോട്ടു കയറി വാ."

ഞാൻ ഒന്നും മിണ്ടിയില്ല. 

"മോൻ, അവിടെ നിൽക്കേണ്ട കേട്ടോ. അദ്ദേഹം ഒന്നും തരില്ല. അറുത്ത കൈക്കു ഉപ്പു തേക്കില്ലെന്നു മോന് അറിയില്ലേ. വെറുതെ എന്തിനാ അവിടെ നിന്ന് സമയം കളയുന്നെ. അമ്മയ്ക്ക് വയ്യെന്ന് ഇന്നലെ ആരോ പറഞ്ഞു ഞാൻ അറിഞ്ഞു. ഞാൻ അങ്ങോട്ടു ഒന്നു വരുവാൻ ഇരിക്കുവാരുന്നൂ. നാളെ അദ്ദേഹം ചന്തയിൽ പോകും. മോന് വേണ്ടതൊക്കെ ഞാൻ അപ്പോൾ എടുത്തു തരാം കേട്ടോ. ദാ, ഇപ്പോൾ അദ്ദേഹം കാണാതെ ഇതും കൊണ്ട് പൊക്കോളൂ."

ചേച്ചി കുറച്ചു അരിയും, പൈസയും കൈയ്യിൽ വച്ച് തന്നൂ. ആരും കാണാതെ ഞാൻ അതുമായി വീട്ടിലേക്കു ഓടി. 

പിറ്റേന്ന് ഞാൻ കടയിൽ ചെന്നില്ല. ആ ചേച്ചിയുടെ നല്ല മനസ്സു, അത് ദുരുപയോഗിക്കുവാൻ തോന്നിയില്ല. പക്ഷേ ചേച്ചി ഒത്തിരി സാധനങ്ങൾ വീട്ടിലേക്കു കൊണ്ട് വന്നു തന്നൂ. അതൊന്നും ആ പറ്റുബുക്കിൽ പക്ഷേ ചേച്ചി എഴുതിയില്ല. 

പറ്റുബുക്കു കൊടുത്തപ്പോൾ ചേച്ചി പറഞ്ഞു.

"ഒക്കെ മനസ്സിൽ വച്ചോളൂട്ടോ. വലുതാകുമ്പോൾ തിരിച്ചു തന്നാൽ മതി."

പിന്നെ ഒന്ന് ചിരിച്ചിട്ട് ചേച്ചി പോയി. 

 പിന്നീട് പലപ്പോഴും ചേച്ചി അങ്ങനെ സഹായിച്ചിട്ടുണ്ട്. 

അമ്മയുടെ മരണത്തോടെ ഞാൻ അനിയനും അനിയത്തിയുമായി ആ നാട് വിട്ടൂ. മനസ്സിൽ അപ്പോഴും മങ്ങാതെ ആ രൂപം നിന്നൂ. മനസ്സിൽ ദൈവത്തിൻ്റെ സ്‌ഥാനത്തു എന്നും അവർ ആയിരുന്നൂ. പ്രാർത്ഥിക്കുമ്പോൾ പോലും എന്നും അവർ കഴിഞ്ഞിട്ടേ ദൈവം പോലും കടന്നു വന്നിട്ടുള്ളൂ മനസ്സിൽ. 

അവർക്കു നല്ലതു വരണേ എന്ന് എന്നും പ്രാർത്ഥിച്ചിട്ടുള്ളൂ. 

എന്ത് നല്ല ഭക്ഷണം കഴിക്കുമ്പോഴും അവർ കൊണ്ട് തന്ന ആ അരി വച്ച് കഴിച്ചുള്ള കഞ്ഞിയുടെ രുചി പിന്നീട് കിട്ടിയിട്ടുമില്ല. അനുഭവിക്കാത്ത കഷ്ടപ്പാടുകൾ ഇല്ല. വാശിയായിരുന്നൂ ഒക്കേത്തിനോടും. ഒടുവിൽ എല്ലാം നേടിയപ്പോഴും ആ നാട്ടിലേക്കു മടങ്ങിയില്ല. അവിടെ ആരുമില്ല എന്ന തോന്നൽ ഉണ്ടായിരുന്നൂ. അമ്മ ചികിത്സ കിട്ടാതെ മരിച്ചു പോയതോർത്തപ്പോൾ ആ നാടിനെ ഞാൻ വെറുത്തു. ആ വെറുപ്പ് എല്ലാവരിൽ നിന്നും എന്നെ അകറ്റി.

വലിയ വീട് വച്ചു. മന:പൂർവ്വം എല്ലാം ഞാൻ മറക്കുവാൻ ശ്രമിച്ചു. അപ്പോഴും ശോഭയോടെ ആ രൂപം മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നൂ.

പെട്ടെന്ന് ഭാര്യ ചോദിച്ചു.

"എന്താ ആലോചിക്കുന്നത്."

"ഏയ്‌, ഒന്നുമില്ല. നീ ചോറെടുക്കു."

ചേച്ചിയെ അകത്തേക്ക് വിളിച്ചിരുത്തി. ഭക്ഷണം കൊടുത്തു. പിന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 

"ഭർത്താവിന് ഇപ്പോൾ വയ്യത്രേ. ഒരു മകൾ ഉള്ളത് കെട്ടുപ്രായം കഴിഞ്ഞു വീട്ടിൽ നിൽക്കുന്നൂ. സ്റ്റോക്ക് എടുക്കുവാൻ കാശില്ലാത്തതിനാൽ കട അങ്ങനെ അടഞ്ഞു കിടക്കുന്നൂ. ഈ മസാല പാക്കറ്റുകൾ അടുത്ത വീട്ടിലുള്ളവർ ഉണ്ടാക്കുന്നതാണ്. അത് വീടുകൾ കയറി വിൽക്കുമ്പോൾ കിട്ടുന്ന കമ്മീഷൻ പണം കൊണ്ട് അങ്ങനെ ജീവിച്ചു പോകുന്നു. വലിയ ആഗ്രഹങ്ങൾ ഇല്ല. അന്നന്നത്തെ ഭക്ഷണത്തിനുള്ള വക തരണേ എന്ന് തമ്പുരാനോട് എന്നും പ്രാർത്ഥിക്കുന്നൂ."

അവർ പറയാതെ തന്നെ പക്ഷേ എല്ലാം ഞാൻ ഊഹിച്ചിരുന്നൂ. 

ആ നാട് വിടുമ്പോൾ ഒരിക്കലും വീട്ടാൻ കഴിയാതെ പോയ ആ പറ്റു പുസ്തകത്തിലെ കണക്കുകൾ എന്നും ഞാൻ മനസ്സിൽ സൂക്ഷിച്ചിരുന്നൂ.

ഭക്ഷണം കഴിഞ്ഞവർ പോകുമ്പോൾ കൈ നിറയെ സാധനങ്ങളും പണവും ഞാൻ നൽകിയെങ്കിലും അവർ ഒന്നും വാങ്ങിയില്ല. അവർ സന്തോഷത്തോടെ മടങ്ങി. കൈയ്യിലിരുന്ന മുഴുവൻ മസാലപാക്കറ്റുകളും പക്ഷേ ഞാൻ വാങ്ങി വച്ചൂ. 

രണ്ടു ദിവസത്തിന് ശേഷം ഞാൻ അയച്ച പണിക്കാർ ആ കടയിൽ ചെന്നൂ. ഞാൻ പറഞ്ഞത് പോലെ തന്നെ ആ കട അവർ നവീകരിച്ചു കൊടുത്തു. എല്ലാം എൻ്റെ നിർബന്ധം ആയിരുന്നു. മനസ്സിൽ കുറ്റബോധം തോന്നിയിരുന്നൂ. ഒരിക്കൽ പോലും അവരെ പറ്റി അന്വേഷിച്ചില്ലല്ലോ എന്നോർത്ത്.. 

അഭിമാനമുള്ള അവർ ഒന്നും സ്വീകരിക്കില്ല എന്നെനിക്കു അറിയാമായിരുന്നൂ. എന്നിട്ടും ഞാൻ വേണ്ടതൊക്കെ ചെയ്തു. 

കടയിലേക്ക് പുതിയ സ്റ്റോക് എടുത്തു. ഭർത്താവിന് വേണ്ട ചികിത്സാ സൗകര്യം ഏർപ്പെടുത്തി. മകൾക്കു കല്യാണം നോക്കുവാൻ ഏർപ്പാട് ചെയ്തു.

ചേച്ചി പക്ഷേ എന്നെ തടഞ്ഞു. 

"ഒന്നും വേണ്ട" എന്നവർ കടുപ്പിച്ചു പറഞ്ഞു. 

"നീ നന്നായിരിക്കുന്നല്ലോ കുഞ്ഞേ അത് മതി. തിരിച്ചു പ്രതീക്ഷിച്ചിട്ടു ഒന്നും ഞാൻ ചെയ്തിട്ടില്ല. ഇതെല്ലാം ഞാൻ എങ്ങനെ വീട്ടും. എനിക്ക് വയസ്സായില്ലേ കുട്ടി."

അപ്പോൾ ഞാൻ പോക്കറ്റിൽ നിന്നും ആ പറ്റുബുക്ക് എടുത്തു അവർക്കു കാണിച്ചു കൊടുത്തു. അതിലെ എഴുതാത്തതും (ഞാൻ എഴുതി ചേർത്തത്) വീട്ടാത്തതുമായ കണക്കുകൾ കാണിച്ചു ചോദിച്ചു..

"അന്ന് ചേച്ചി, അറിഞ്ഞു സഹായിച്ചില്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നൂ. ഞാനും എൻ്റെ സഹോദരങ്ങളും പട്ടിണി കിടന്നു മരിച്ചേനെ. അതൊന്നും വീട്ടുവാൻ എനിക്കാവില്ല, കാരണം ഞങ്ങളുടെ ജീവൻ്റെ വിലയുണ്ട് ഈ പുസ്‌തകത്തിനു. ചേച്ചിക്കറിയോ, ഇന്നും എൻ്റെ സമ്പാദ്യത്തിൽ നിന്നും പത്തിലൊന്നു ഞാൻ മാറ്റി വയ്ക്കാറുണ്ട്. അത് അർഹതപ്പെട്ട കൈകളിൽ മാത്രമേ എന്നും എത്തിയിട്ടുള്ളൂ."

"എന്നെ അന്യൻ ആയി കാണുന്നതെന്തിനാ. മകൻ ആയി കണ്ടാൽ മതി. മകനോട് അമ്മയ്ക്ക് എന്ത് കടമാണ് വീട്ടാനുള്ളത്. മകൻ എന്ത് ചെയ്താലും അമ്മയോടുള്ള കടം വീടില്ല. എൻ്റെ മനസ്സിൽ ചേച്ചിക്കു ദൈവത്തിൻ്റെ സ്ഥാനമാണ് ഉള്ളത്. അതുകൊണ്ടു എന്നെ തടയേണ്ട."
  
പിന്നെ ചേച്ചി ഒന്നും പറഞ്ഞില്ല.  

ആ പറ്റുബുക്കിലെ മങ്ങിയ അക്ഷരങ്ങളും കണ്ണുനീർതുള്ളികളും അപ്പോൾ എന്നെ നോക്കി ചിരിച്ചു.

...............................സുജ അനൂപ് 








 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA