അജ്ഞാതൻ ANJATHAN, FB, A, N, E, K, AP, NA, G, SXC, P, KZ
"എന്നും ഈ സന്നിധിയിൽ നിന്ന് പ്രാർത്ഥിച്ചിട്ടേ ഉള്ളൂ. എന്നിട്ടും എൻ്റെ അമ്മേ നീ എന്തേ എന്നെ കാണുന്നില്ല. ഒരിക്കലും അന്നന്നത്തെ അന്നം നീ മുടക്കിയിട്ടില്ല. വലിയ പണക്കാരൻ ആവണം എന്ന് ആഗ്രഹിച്ചിട്ടില്ല. എന്നാലും വയ്യ. എന്നാണ് എനിക്കൊരു മേൽഗതി ഉണ്ടാവുക."
മുന്നിൽ നിന്ന രൂപത്തിലേക്ക് നോക്കി നിൽക്കുമ്പോഴും മനസ്സിലെ തീ കെട്ടിരുന്നില്ല. അപമാനപ്പെട്ടിരിക്കുന്നൂ. അതും എന്നും നല്ലപാതിയായി എനിക്കൊപ്പം നിൽക്കും എന്ന് വിചാരിച്ചിരുന്ന ആളിൽ നിന്ന് തന്നെ.
കണ്ണുകൾ നിറഞ്ഞൊഴുകി.
വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളൂ. അച്ഛൻ മരിക്കുമ്പോൾ വയസ്സ് പത്താണെനിക്ക്. അമ്മ എന്തൊക്കെയോ പണികൾ ചെയ്തു പത്താം തരം വരെ പഠിപ്പിച്ചു. പഠിക്കുവാൻ മുന്നിൽ ആയിരുന്നൂ. എന്നിട്ടും പഠനം പാതിവഴിക്ക് നിർത്തേണ്ടി വന്നൂ.
അന്നേ വണ്ടി ഓടിക്കുവാൻ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ആ വഴി തന്നെ മുന്നോട്ടുള്ള ജീവിതത്തിനു തെരഞ്ഞെടുത്തത്.
അമ്മയെ അധികം കഷ്ടപ്പെടുത്തരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നൂ. അതുകൊണ്ടു തന്നെ പതിനെട്ടാം വയസ്സിൽ ഓട്ടോ ഓടിച്ചു തുടങ്ങി. അന്നന്നത്തേക്കുള്ള വക കിട്ടുമായിരുന്നൂ. ഞങ്ങൾക്ക് രണ്ടു പേർക്ക് അത് തന്നെ ധാരാളം ആയിരുന്നൂ.
വലിയ സ്വപ്നങ്ങൾ ഇല്ലാത്ത ജീവിതം ആയിരുന്നൂ ഞങ്ങളുടേത്.
ഇന്ന് അമ്മയുടെ ആങ്ങളയുടെ വീട്ടിൽ പോയിരുന്നു. അവിടെ എൻ്റെ മുറപ്പെണ്ണുണ്ട്. മാസത്തിൽ ഒരിക്കൽ എങ്കിലും അവിടെ പോയി നിലീനയെ കാണും. അവൾ ഇപ്പോൾ ബിരുദത്തിനു പഠിക്കുന്നു.
കൊച്ചിലെ എപ്പോഴൊക്കെയോ അവൾ എനിക്കുള്ളതാണ് എന്ന് അമ്മ പറയുമായിരുന്നൂ. അവരും അത്ര കഴിവുള്ളവർ ആയിരുന്നില്ല. അവൾക്കു വേണ്ട ചുരിദാർ, പൊട്ടു, ചെരുപ്പ് എല്ലാം വാങ്ങികൊടുത്തിരുന്നത് ഞാൻ തന്നെ ആയിരുന്നൂ. പിന്നെ കുറച്ചു പണം ഇത്രയും അതെപ്പോഴും അവളെ കാണുവാൻ പോകുമ്പോൾ അമ്മായിയെ ഏല്പിക്കുമായിരുന്നൂ. അവൾ എങ്കിലും പഠിച്ചു നല്ലൊരു ജോലി വാങ്ങണം എന്നാശിച്ചു. ഒരിക്കലും അവളുടെ പഠനത്തിന് ഒരു കുറവും വരുത്തിയിട്ടില്ല.
എന്നെ കണ്ടതും അമ്മായി ചായ കൊണ്ടു തന്നൂ. നിലീന കോളേജിൽ പോയിരിക്കുകയായിരുന്നൂ. അവൾ വന്നതും എന്നെ ശ്രദ്ധിക്കാതെ പെട്ടെന്നു അകത്തേക്ക് പോയി.
ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരനുഭവം.
ഞാൻ പോകുവാൻ ഇറങ്ങിയിട്ടും അവൾ വന്നില്ല. അപ്പോൾ അമ്മായി ചോദിക്കുന്നത് കേട്ടു
"മോൾ, കിച്ചുവിനെ കണ്ടില്ലേ. നിന്നെ കാത്തിരിക്കുകയായിരുന്നൂ അവൻ ഇത്രയും നേരം."
"ഓ, പിന്നെ അയാൾക്ക് വേറെ പണിയൊന്നും ഇല്ലേ. എന്നെ എന്തിനാ കാത്തിരിക്കുന്നത്. കുട്ടിക്കാലത്തു നിങ്ങൾ പറഞ്ഞിരുന്ന തമാശകൾ ഒക്കെ അയാൾ കാര്യമായി എടുത്തു വച്ചിരിക്കുകയാണോ. എനിക്ക് ഒരു ഓട്ടോ ഡ്രൈവറെ കെട്ടേണ്ട ഗതികേട് വന്നിട്ടില്ല. അതുകൊണ്ടു കുറച്ചങ്ങു നീക്കി നിർത്തിയാൽ മതി."
പിന്നെ ഞാൻ അവിടെ നിന്നില്ല. ആ വാക്കുകൾ എന്തോ നെഞ്ച് തുളച്ചു കയറി പോയി. ചെറിയ മോഹങ്ങളെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ. അതിൽ ഒന്നായിരുന്നൂ അവൾ. എല്ലാം എൻ്റെ തെറ്റാണു.
കാലം മാറുമ്പോൾ കോലം മാറുവാൻ ഞാൻ മറന്നു.
മനസ്സു തകർന്നാണ് ഞാൻ മാതാവിൻ്റെ രൂപത്തിന് മുൻപിൽ നിന്നത്. ഓട്ടോ സ്റ്റാൻഡ്നു അടുത്തുള്ള കപ്പേളയിൽ എന്നും പോയി പ്രാർത്ഥിക്കും. മതം വേറെ ആണെങ്കിലും അത് ആ ജംഗ്ഷനിലെ എല്ലാവരും തന്നെ ചെയ്യുന്ന ഒന്നായിരുന്നൂ.
സമയം രാത്രി ആയി. എന്നിട്ടും കണ്ണുകൾ നിറഞ്ഞു ഞാൻ അവിടെ അങ്ങനെ നിന്നൂ.
പെട്ടെന്ന് ആരോ തോളത്തു കൈ വച്ചു.
ഞെട്ടി തിരിഞ്ഞു നോക്കി.
"ചേട്ടാ, ഒരു നൂറു രൂപ തരുമോ. പേഴ്‌സ് കളഞ്ഞു പോയി. എനിക്ക് ഒത്തിരി ദൂരം പോകണം. അവസാനത്തെ ബസ് വരാറായി."
ആദ്യം ദേഷ്യം വന്നെങ്കിലും പേര് പോലും ചോദിക്കാതെ ഞാൻ അയാൾ ചോദിച്ച പണം അയാൾക്ക് കൊടുത്തു.
അയാൾ ആകെ ക്ഷീണിതൻ ആയിരുന്നൂ. മുഖത്തു നിരാശ തളം കെട്ടി നിന്നിരുന്നൂ. എന്തോ തരില്ല എന്ന് പറയുവാൻ അപ്പോൾ തോന്നിയില്ല.
"വലിയ ഉപകാരം ചേട്ടാ. ഇനി നമ്മൾ തമ്മിൽ എന്ന് കാണും എന്നറിയില്ല. പക്ഷേ ഞാൻ ഒരിക്കൽ ഈ കടം വീട്ടും. തൽക്കാലം ഇതു ചേട്ടൻ വച്ചോ. നാളെ നറുക്കെടുപ്പാണ്."
അയാൾ കൈയ്യിൽ ഇരുന്ന ലോട്ടറി എന്നെ ഏൽപ്പിച്ചു. ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും അയാൾ അത് പോക്കറ്റിൽ ഇട്ടൂ.
അയാൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോയി. പേര് പോലും ചോദിച്ചില്ല. അല്ലെങ്കിലും ഓരോ ദിവസ്സവും എത്ര ആളുകൾ ആണ് ഈ ജംഗ്ഷനിലൂടെ കടന്നു പോകുന്നത്.
പിറ്റേന്ന് വൈകുന്നേരം വെറുതെ ഞാൻ ആ ഫലം നോക്കി. നോക്കിയതും ഞെട്ടി പോയി. ഒന്നാം സമ്മാനം അടിച്ചിരിക്കുന്നൂ.
എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി.
മറ്റൊരാൾക്ക് അർഹത പെട്ട പണം എൻ്റെ കൈയ്യിൽ വന്നതോർത്തപ്പോൾ കുറ്റബോധം തോന്നി.
.............................
"മോനെ, നിലീന വന്നിട്ടുണ്ട് അമ്മായിക്കൊപ്പം നിന്നെ കാണുവാൻ.."
അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നൂ.
കാലം കടന്നു പോയിരിക്കുന്നൂ.
മാതാവിൻ്റെ അനുഗ്രഹം ആകും. സമ്മാനം കിട്ടിയ തുക കൊണ്ട് തുടങ്ങിയ ബിസിനസ്സുകൾ എല്ലാം നന്നായി. പണത്തിന് പഞ്ഞമില്ല. ഇപ്പോൾ ടൗണിൽ രണ്ടു കടമുറികൾ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. നല്ലൊരു വീട് വച്ചു. മൂന്ന് ബസ്സുണ്ട്. ഓട്ടോ വിറ്റു കളയുവാൻ മനസ്സില്ലാത്തതു കൊണ്ട് നാലെണ്ണം കൂടെ അങ്ങു വാങ്ങി. അതെല്ലാം ഓടിക്കുവാൻ ആളുകളെ വച്ചിട്ടുണ്ട്. ചെറിയതാണെങ്കിലും ഒരു വർക്ക് ഷോപ്പുണ്ട്.
മൊത്തത്തിൽ ഒരു മുതലാളി പരിവേഷം.
അവൾക്കിപ്പോൾ എന്നോട് പ്രണയം തോന്നിക്കാണും. അതോ പണത്തോടോ..
ഞാൻ ഒന്നും മിണ്ടിയില്ല. അവൾ വന്നു എന്തൊക്കെയോ പറഞ്ഞിട്ട് പോയി. പോകുവാൻ നേരം അവളുടെ പഠനത്തിനുള്ള തുക അമ്മായിയെ ഏല്പിക്കുവാൻ മറന്നില്ല.
അവർ പോയതും ഒരു ബ്രോക്കെർ വന്നൂ. അത് അമ്മയുടെ ഏർപ്പാട് ആകും. എനിക്ക് നിലീനയെ ഇഷ്ടമല്ല എന്ന് അമ്മയ്ക്ക് അറിയാം.
അയാൾ ഏതൊക്കെയോ പെൺകുട്ടികളുടെ ഫോട്ടോകൾ കാണിച്ചു. എനിക്ക് ആരോടും താല്പര്യം തോന്നിയില്ല.
പെട്ടെന്ന് അയാളുടെ ഡയറിയിൽ നിന്നും ഒരു പെൺകുട്ടിയുടെ ഫോട്ടോ താഴെ വീണു.
അയാൾ ആ ഫോട്ടോ തിരികെ വയ്ക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ വെറുതെ ചോദിച്ചു.
"ആ പെൺകുട്ടി ഏതാണ്?.."
"അതൊന്നും സാറിന് ചേരില്ല. ഒരു ഗതിയും പരഗതിയും ഇല്ലാത്ത കൂട്ടരാണ്. അമ്മയും മകളും മാത്രമേ ഉള്ളൂ. സ്വന്തമായി ഒരു വീട് പോലും ഇല്ല."
എന്തോ ഞാൻ പറഞ്ഞു.
"നാളെ നമുക്ക് അവിടെ വരെ ഒന്ന് പോകണം."
അമ്മ വേണ്ടെന്നു പറഞ്ഞു. എന്നിട്ടും അമ്മയെയും കൂട്ടി ഞാൻ പിറ്റേന്ന് അവിടേക്കു ചെന്നൂ.
ഒരു ഒറ്റമുറി വാടക വീട്. പെൺകുട്ടി അടുത്തുള്ള ഏതോ ഒരു തുണിക്കടയിൽ ജോലിക്കു പോകുന്നൂ. അമ്മയും എന്തൊക്കെയോ കൂലിപ്പണികൾ ചെയ്യുന്നൂ. കഷ്ടപ്പാട് നിറഞ്ഞ ജീവിതം.
അവൾ ചായ കൊണ്ട് വന്നു തന്നൂ. എൻ്റെ മുഖത്തു പോലും നോക്കാതെ, ഒന്നും മിണ്ടാതെ തിരിച്ചു പോയി. ഈ കല്യാണം നടക്കില്ല എന്നവൾ മുൻകൂട്ടി തീരുമാനിച്ചത് പോലെ തോന്നി.
അവളുടെ അമ്മ വന്നൂ. അവരുടെ കണ്ണുകളിലെ ദൈന്യത എനിക്ക് മനസ്സിലായി.
പെട്ടെന്നു അവർ പറഞ്ഞു തുടങ്ങി.
"എനിക്കും മോനെ പോലെ ഒരു മകൻ ഉണ്ടായിരുന്നൂ. അവൻ ഉണ്ടായിരുന്നെങ്കിൽ എൻ്റെ കുട്ടിക്ക് ഈ ഗതി വരുമായിരുന്നില്ല. മോന് അവളോടൊന്നും തോന്നരുത്. ഈ കല്യാണം നടക്കില്ല എന്നവൾക്കു അറിയാം. അതാ അവൾ മോനെ നോക്കാതെ പോയത്."
"ഒരിക്കൽ ജോലി സ്ഥലത്തു നിന്നും വരുമ്പോൾ എൻ്റെ മോനെ വണ്ടി ഇടിച്ചു തെറിപ്പിച്ചു. ഈ കാട്ടുമുക്കിൽ അവൻ ചോര ഒലിപ്പിച്ചു കിടന്നതു ആരും കണ്ടില്ല. അവൻ്റെ അച്ഛന് വയ്യാതായതു അറിഞ്ഞു ഓടി വന്നതായിരുന്നൂ. പാവം എൻ്റെ കുട്ടി, അവനെ കിട്ടുമ്പോൾ അവൻ്റെ കൈയ്യിൽ പേഴ്‌സ് ഉണ്ടായിരുന്നില്ല. മുതലാളിയുടെ കൈയ്യിൽ നിന്ന് അച്ഛന് ചികിത്സയ്ക്ക് ഉള്ള 5000 രൂപയും കൊണ്ട് വന്നതായിരുന്നൂ അവൻ. ആ പണം ആരോ കൊണ്ട് പോയി. എൻ്റെ കുട്ടി എത്ര കഷ്ടപെട്ടിട്ടാണ് ആ പണം ഉണ്ടാക്കിയത് എന്നറിയോ. എല്ലാം എൻ്റെ വിധി."
"അവൻ്റെ മരണത്തോടെ അച്ഛൻ തളർന്നൂ. പിന്നെ അധികം നാൾ അച്ഛൻ ഉണ്ടായില്ല."
പെട്ടെന്ന് ഞാൻ ചോദിച്ചൂ.
"എനിക്ക് ആ മകൻ്റെ ഫോട്ടോ കാണണം."
അവർ ആ ഫോട്ടോ കൊണ്ട് വന്നു തന്നൂ.
ഞാൻ കരുതിയത് പോലെ തന്നെ, ആ ഫോട്ടോയിൽ അവൻ ആയിരുന്നൂ. എനിക്ക് ലോട്ടറി തന്ന ആ അജ്ഞാതൻ.
പെട്ടെന്ന് ഞാൻ അവരോടു പറഞ്ഞു.
"എനിക്ക് നിങ്ങളുടെ മകളെ ഇഷ്ടപ്പെട്ടൂ. ബാക്കി കാര്യങ്ങൾ ഞാൻ ബ്രോക്കർ വഴി അറിയിക്കാം."
"മോനെ അവൾക്കു കൊടുക്കുവാൻ ഇവിടെ ഒന്നും ഇല്ല."
"എനിക്ക് അവൾ മതി. മറ്റൊന്നും വേണ്ട."
ആ വിവാഹം ഉറപ്പിച്ചിട്ടു ഞാൻ അവിടെ നിന്നും ഇറങ്ങി.
തിരികെ കാറിൽ കയറുമ്പോൾ അമ്മ ചോദിച്ചൂ.
"എന്തിനാ മോനെ, നീ ആ പെൺകുട്ടിയെ കെട്ടുന്നത്. ദുരിതങ്ങൾ മാത്രം ഉള്ള ഒരു കുടുംബം. ആ പെൺകുട്ടി ഒരു ദുഃശ്ശകുനം ആകും നമുക്ക്. വേണ്ടായിരുന്നൂ."
അപ്പോൾ അമ്മയുടെ കൈ ഞാൻ മുറുകെ പിടിച്ചു.
"ഇല്ല അമ്മെ, അവളെ പോലെ ഒരു മരുമകളെ അമ്മയ്ക്കു കിട്ടില്ല. എൻ്റെ എല്ലാ ഐശ്വര്യങ്ങളും അവളുടെ ആങ്ങള തന്നതാണ്. അമ്മയ്ക്ക് ഓർമ്മയില്ലേ ആ ലോട്ടറി ടിക്കറ്റ് തന്ന ഒരു അജ്ഞാതനെ പറ്റി ഞാൻ പറഞ്ഞത്. അത് അവൻ ആണ്, അവരുടെ മരിച്ചു പോയ മകൻ."
പിന്നെ അമ്മ ഒന്നും പറഞ്ഞില്ല.
"മോനെ നീ ചെയ്തതാണ് ശരി. അവളുടെ അമ്മയെയും നമുക്ക് ഒപ്പം കൂട്ടാം. നമ്മുടെ വീട്ടിൽ അവർ രണ്ടുപേരും വേണം. അവളെക്കാൾ നല്ലൊരു പെൺകുട്ടിയെ നിനക്ക് വേറെ കിട്ടില്ല."
അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ. ഒപ്പം എൻ്റെയും.
.......സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ