നിനക്കായ് അത്ര മാത്രം NINAKKAY ATHRA MATHRAM, A, N, FB, E, K, SXC, NA, LF, KZ, NA
മനസ്സ് ആകെ കലുഷിതമായിരുന്നൂ.
"പോവണം' എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നൂ.
രാവിലെ പത്രത്തിൽ ആണ് വാർത്ത കണ്ടത്. അപ്പോൾ തന്നെ ലീവ് എടുത്തു.
ഭർത്താവു ചോദിച്ചു.
"എന്തേ, സുമി ഇന്ന് ലീവ് എടുത്തത്."
"എൻ്റെ കൂടെ പഠിച്ചിരുന്ന ഒരാൾ മരിച്ചു. എനിക്ക് പോകണം ഏട്ടാ."
"ഞാൻ ലീവ് എടുത്തു കൊണ്ട് പോകണോ സുമി?"
"വേണ്ട, ഏട്ടാ, ഞാൻ ഒറ്റയ്ക്ക് പൊക്കോളാ൦"
നല്ല ദൂരം ഉണ്ട്. എങ്ങനെ പോകും എന്നറിയില്ല. ഞാൻ എത്തുമ്പോഴേക്കും ശരീരം ദഹിപ്പിച്ചാലോ. ചിന്തകൾ മനസ്സിനെ അലട്ടി. ഏട്ടനോട് ഒന്നും തുറന്നു പറയുവാൻ കഴിയുന്നില്ല.
പെട്ടന്ന് അദ്ദേഹം ചോദിച്ചു.
"സുമി, അത് സനിൽ ആണോ."
പെട്ടെന്ന് എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
പിന്നെ അദ്ദേഹം ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന് എല്ലാം മനസ്സിലായി.
അടുത്തുള്ള ട്രാവെൽസിൽ നിന്നും ഒരു ദിവസ്സത്തെ പാക്കേജ് വണ്ടി അദ്ദേഹം ഏർപ്പാടാക്കി തന്നൂ.
"നീ, ഒന്നും ഉണ്ടാക്കുവാൻ നിൽക്കേണ്ട കേട്ടോ. മറ്റൊന്നും ചിന്തിക്കേണ്ട. ആരോടും ഒന്നും പറയുകയും വേണ്ട. പോകുവാൻ മടിക്കരുത്. നീ പോവണം. അവർ നിനക്കായി കാത്തിരിക്കും എന്ന് എനിക്കുറപ്പുണ്ട്. വേഗം യാത്രയാകു. മക്കൾക്കും എനിക്കും ഉള്ളത് ഞങ്ങൾ പുറത്തു നിന്നും കഴിച്ചു കൊള്ളാം. ഇന്നൊരു ദിവസ്സം ഈ വീട് ഞാൻ നോക്കിക്കൊള്ളാം."
അതായിരുന്നൂ എൻ്റെ ഏറ്റവും വലിയ ഭാഗ്യം. എല്ലാം അറിഞ്ഞു പെരുമാറുന്ന ഭർത്താവ്. അദ്ദേഹത്തെ വിവാഹം കഴിക്കുവാൻ എനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല.
ആദ്യരാത്രിയിൽ തന്നെ ഞാൻ സത്യങ്ങൾ തുറന്നു പറഞ്ഞു.
"കോളജിൽ ഉള്ള ഒരു സീനിയറിനെ ഞാൻ സ്നേഹിച്ചിരുന്നൂ. അദ്ദേഹം ഹിന്ദുവായിരുന്നത് കൊണ്ട് എൻ്റെ വീട്ടുകാർ സമ്മതിച്ചില്ല. അദ്ദേഹത്തിൻ്റെ വീട്ടുകാരും അത് അംഗീകരിച്ചില്ല. ഞങ്ങൾ പരസ്പര ധാരണയോടെ പിൻമാറി. പക്ഷേ, ഞങ്ങളിൽ ആര് ആദ്യം മരിച്ചാലും മറ്റേയാൾ യാത്രയാക്കുവാൻ പോകും. അത് ..."
വാക്കുകൾ മുഴുമിപ്പിക്കുവാൻ ആകാതെ ഞാൻ വിഷമിച്ചു.
അദ്ദേഹം അന്നെന്നെ ആശ്വസിപ്പിച്ചു.
"സാരമില്ല കുട്ടി. പ്രണയം എല്ലാവർക്കും തോന്നും. ജീവിതം ഒന്നേ ഉള്ളൂ. ഇന്നലെകളെ നീ മറന്നേക്കൂ. ഇന്ന് നീ എൻ്റെ ആണ്. എൻ്റെ പ്രണയം നിനക്ക് മാത്രം ഉള്ളതാണ്. അതുപോലെ നിൻ്റെ പ്രണയം എനിക്ക് മാത്രം അവകാശപ്പെട്ടതാണ് ഇനി മുതൽ. എന്നെ മനസ്സിലാക്കുവാൻ നീ സമയം എടുത്തോളൂ. ഒന്നിനും ധൃതിയില്ല."
പിന്നീടൊരിക്കലും ഞാൻ സനിലിനെ പറ്റി ചിന്തിച്ചിട്ടില്ല.
അത്രമേൽ അദ്ദേഹം എന്നെ സ്നേഹിച്ചിരുന്നൂ.
സാധാരണ ഓഫീസിലേക്കുള്ള യാത്രയിൽ ആണ് പത്രം വായിക്കാറുള്ളത്. ഇന്നെന്തോ രാവിലെ തന്നെ പത്രം നോക്കി.
മുന്നിലെ പേജിൽ തന്നെ ഫോട്ടോയും പേരും ഉണ്ടായിരുന്നൂ..
മരണം ഒരു സത്യമാണ്. ഇഷ്ടപ്പെടുന്നവരെ അത് എടുക്കുമ്പോൾ മാത്രമാണ് അതിൻ്റെ ഭീകരത തിരിച്ചറിയുന്നത്.
പിരിയുമ്പോൾ കൊടുത്തിരുന്ന വാക്കാണ് .....
"ആരാദ്യം പോകുന്നുവോ മറ്റേ ആൾ ഈ ലോകത്തിൻ്റെ ഏതു കോണിൽ ആണെങ്കിലും എത്തിച്ചേരും എന്നുള്ളത്. വാക്ക് പാലിക്കുവാൻ സമയം ആയിരിക്കുന്നൂ.''
മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്നതേ ഉളളൂ. വേഗം ഒരുങ്ങി ഇറങ്ങി.
.....................
"അമ്മേ, എല്ലാവരും ചോദിക്കുന്നൂ ശരീരം എടുക്കാറായില്ലേ എന്ന്."
ഞാൻ അവൻ്റെ മുഖത്തേക്ക് നോക്കി.
അച്ഛനെ അവൻ ഒത്തിരി സ്നേഹിച്ചിരുന്നൂ.
ഒരു മകനെ ഉള്ളൂ. അവൻ എങ്ങനെ ഈ വേർപിരിയൽ സഹിക്കുമോ എന്തോ. പെട്ടന്നുള്ള നെഞ്ചു വേദന. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞു.
അവർക്കു മാത്രമായി പല രഹസ്യങ്ങളും ഉണ്ടായിരുന്നൂ. അവനു അദ്ദേഹം നല്ല കൂട്ടുകാരൻ ആയിരുന്നൂ. അതുപോലെ ഒരച്ഛനെ കിട്ടുവാൻ അവൻ പുണ്യം ചെയ്തു കാണും.
വിവാഹം കഴിഞ്ഞു വന്ന രാത്രിയിൽ അദ്ദേഹം അല്പം അകൽച്ച കാണിച്ചിരുന്നൂ.
പിന്നീടെപ്പോഴോ പരസ്പരം അടുത്തു. അപ്പോൾ മാത്രമാണ് അറിഞ്ഞത്.
അദ്ദേഹം ആരെയോ സ്നേഹിച്ചിരുന്നൂ എന്ന്. വീട്ടുകാർക്ക് ജാതി പ്രശ്നം ആയിരുന്നൂ. ഹിന്ദു ക്രിസ്ത്യൻ വിവാഹങ്ങൾ അത്ര എളുപ്പം അല്ലാതിരുന്ന ഒരു കാലം.
അദ്ദേഹം പഠിച്ചിരുന്ന കോളേജിൽ തന്നെ ആയിരുന്നൂ അവളും പഠിച്ചിരുന്നത്. അദ്ദേഹത്തേക്കാളും ഒത്തിരി ജൂനിയർ ആയിരുന്ന കുട്ടി. അവർക്കിടയിലെ അടുപ്പം അത് ആർക്കും എളുപ്പം മനസ്സിലാകുമായിരുന്നില്ല. അതിൻ്റെ ആഴം അളക്കുവാൻ ഇന്നും എനിക്കായിട്ടില്ല.
രണ്ടുപേർക്കും വീട്ടുകാർ തന്നെ ആയിരുന്നൂ വലുത്. അവൾ ഹോസ്റ്റലിൽ നിന്നായിരുന്നൂ പഠിച്ചിരുന്നത്. ഒരിക്കലും വിവാഹം നടക്കില്ല എന്നറിഞ്ഞപ്പോൾ പരസ്പരധാരണയോടെ പിൻവാങ്ങി.
അവളുടെ ഓർമ്മയ്ക്കായി ഒന്നും ബാക്കി വച്ചിരുന്നില്ല. അവളുടെ പേര് എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. ഒരു ഫോട്ടോയോ ഒന്നും അദ്ദേഹത്തിൻ്റെ പക്കൽ ഉണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന് അവളെ ഒത്തിരി ഇഷ്ടം ആയിരുന്നൂ.
അതിൽ എനിക്ക് പലപ്പോഴും അസൂയ തോന്നിയിരുന്നൂ.
"മോനെ ഒരാൾ കൂടെ വരുവാനുണ്ട്."
"ആരാണമ്മേ.."
"വരുമ്പോൾ പറയാം."
അത് ആരാണ് എന്ന് പറയുവാൻ അവരുടെ പേരോ അഡ്രസോ അറിയില്ല. പക്ഷേ മനസ്സു പറഞ്ഞു
"അവൾ വരും"
ഈ ആൾക്കൂട്ടത്തിൽ മൊത്തം ഞാൻ തേടിയത് അവളെ മാത്രം ആയിരുന്നൂ. സ്വന്തം ഭർത്താവിൻ്റെ കാമുകി. അവളോട് പക്ഷേ എനിക്ക് ദേഷ്യം ഇല്ലായിരുന്നൂ. അവൾ വരണേ എന്ന് മാത്രം മനസ്സ് പ്രാർത്ഥിച്ചു.
അവൾ കാണുവാൻ വേണ്ടി മാത്രമാണ് പത്രത്തിൻ്റെ മുൻപേജിൽ വാർത്ത നൽകിയത്. ഫോൺ നമ്പറും വച്ചിരുന്നൂ. ആരെങ്കിലും പറഞ്ഞാണെങ്കിലും അറിഞ്ഞു വരുവാൻ വൈകിയാൽ ഒന്ന് വിളിച്ചു പറഞ്ഞാൽ കാണുവാൻ വേണ്ട സൗകര്യം ചെയ്തു കൊടുക്കണം.
ഫോൺ സൈലൻറ് ആക്കി കൈയ്യിൽ വച്ചിരുന്നൂ.
പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കാളോ മെസ്സേജോ വരുന്നുണ്ടോ എന്നറിയുവാൻ വേണ്ടി.
പെട്ടെന്ന് ഞാൻ കണ്ടു.
ആഢ്യത്വം തുളുമ്പുന്ന ഒരു സ്ത്രീ വന്നു ഭർത്താവിൻ്റെ കാലുകളിൽ തൊട്ടു നമസ്കരിച്ചു മാറി നില്ക്കുന്നൂ.
എനിക്ക് മനസ്സിലായി.
"അത് അവൾ ആണ്. വർഷങ്ങളോളം ഞാൻ കാത്തിരുന്നൂ അവളെ ഒരു നോക്ക് കാണുവാൻ."
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നൂ. അവരുടെ പ്രണയത്തിൻ്റെ ആഴം ആ കണ്ണുകളിൽ ഞാൻ കണ്ടു.
ജീവിതം ഒന്നേ ഉള്ളൂ. ഒത്തിരി സ്നേഹിച്ചിട്ടും ഒന്നിക്കുവാൻ കഴിയാതെ പോയവർ.
ഞാൻ മകനോട് കണ്ണുകൊണ്ടു ദേഹം എടുക്കുവാൻ ആംഗ്യം കാണിച്ചു.
അവൻ ഒന്നും ചോദിച്ചില്ല.
അവനു പ്രായം ഉണ്ട്. അവൻ അവരെ ഒന്ന് നോക്കി. അവനും എല്ലാം മനസ്സിലായി കാണും.
അദ്ദേഹത്തിൻ്റെ ശരീരം ചിതയിൽ എരിയുമ്പോഴും അവർ ഉണ്ടായിരുന്നൂ അവിടെ. എനിക്ക് അവരോടു ഒന്നും ചോദിക്കുവാൻ കഴിഞ്ഞില്ല. അല്ലെങ്കിലും ചോദിക്കുവാൻ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല.
വീടിൻ്റെ ഒരു കോണിൽ ആരും കാണാതെ അവർ ഇരുന്നൂ. ആളുകൾ കുറഞ്ഞപ്പോൾ അവർ എൻ്റെ അടുത്തേക്ക് വന്നൂ. എൻ്റെ കൈയ്യിൽ പിടിച്ചു കരഞ്ഞു.
ഞാൻ മകനെ മുറിയിലേക്ക് വിളിപ്പിച്ചു. പിന്നെ പതിയെ വാതിൽ അടച്ചു. അവനെ അവർ കെട്ടിപിടിച്ചു ഉമ്മ വച്ചു. പിന്നെ ഒന്നും പറയാതെ വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി.
അവർ കാറിൽ കയറിപ്പോയി. അപ്പോൾ മകൻ എന്നെ നോക്കി. ഞാൻ അവനോടു പറഞ്ഞു.
"ആ വയറ്റിൽ ആണ് നീ പിറക്കേണ്ടിയിരുന്നത്. അത്ര മാത്രം അറിഞ്ഞാൽ മതി."
...........................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ