മീന ടീച്ചർ MEENA TEACHER, FB, A, N, K, E, LF, AP, G

 "ഏട്ടാ, ഉണ്ണിമോൾ വന്നില്ലല്ലോ."

"എൻ്റെ മീന ടീച്ചറെ, അവൾ പഴയ കൊച്ചുകുട്ടി അല്ല. നീ അത് ഒന്നു മനസ്സിലാക്കൂ.."

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.

സ്നേഹത്തോടെ ഏട്ടൻ എന്നെ മീന ടീച്ചർ എന്നാണ് വിളിക്കുക.

മോൾ വലുതായതു ഞാൻ അറിഞ്ഞേയില്ല. എത്ര പെട്ടെന്നാണ് എൻ്റെ കുഞ്ഞു ഒരു ജോലിക്കാരി ആയതു. ഇന്നവളുടെ ആദ്യ ശമ്പളം വരുന്നൂ. കണ്ണടച്ച് തുറക്കും മുൻപേ ആണ് കുഞ്ഞുങ്ങൾ വളരുന്നത്. മനസ്സിൽ ഇപ്പോഴും അവൾ ആ കൊച്ചുകുട്ടി ആണ്.

ജീവിതം മൊത്തം അവൾക്കു ചുറ്റിലും ആയിരുന്നൂ. ഒത്തിരി പഠിച്ചിട്ടും ജോലി വേണ്ട എന്ന് വച്ചതു അവൾക്കു വേണ്ടി ആയിരുന്നൂ. ഇഷ്ടപെട്ട ജോലി ആയിരുന്നൂ അദ്ധ്യാപനം. എന്നിട്ടും പാതി വഴിയിൽ ആ മോഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്നൂ. 

"ആർക്കും വേണ്ടി, ഒന്നും ഉപേക്ഷിക്കരുത്" എന്ന് എപ്പോഴും ഭർത്താവു പറയുമായിരുന്നൂ. 

"അവൾ വളർന്നു വലുതായി മറ്റൊരു കൂട്ടിലേക്ക്‌ പറക്കുമ്പോൾ നീ ഒറ്റയ്ക്കാകില്ലെ മീനു. നിൻ്റെ സ്വപനങ്ങൾ അവൾക്കു വേണ്ടി ഹോമിക്കരുത്. നാളെ ഒരിക്കൽ നിനക്ക് നഷ്ടബോധം തോന്നരുത്."

അന്നൊക്കെ അത് ഞാൻ കേട്ടതേ ആയി ഭാവിച്ചില്ല. 

എപ്പോഴും എനിക്ക് ഭയം ആയിരുന്നൂ. എത്രയോ കുരുന്നുകൾ പിച്ചി ചീന്തപ്പെടുന്നൂ. ഈ നഗരത്തിൽ അവളെ സുരക്ഷിതമായൊരു കൈകളിൽ ഏൽപ്പിക്കുവാൻ എനിക്കാവുമോ. ആരെ വിശ്വസിക്കും. എങ്ങും കേൾക്കുന്നത് പീഡന വാർത്തകൾ ആണ്. അവൾ ഈ കൈകളിൽ എന്നും സുരക്ഷിത ആയിരിക്കും.

മകൾ, ഭർത്താവു എന്ന ചെറിയ ലോകത്തിലേക്ക് ചുരുങ്ങുവാൻ ഞാൻ തീരുമാനിച്ചു. ആരെയും കുറ്റപ്പെടുത്തുവാൻ വയ്യ. മനസ്സ് ഒത്തിരി വേദനിച്ചിരുന്നൂ. സ്കൂളിലും കോളേജിലും എല്ലാവരും പറഞ്ഞിരുന്ന മിടുക്കി കുട്ടി. ഒത്തിരി ഉയരങ്ങളിൽ അവൾ എത്തുമെന്ന് വിചാരിച്ചിരുന്ന അദ്ധ്യാപകർക്കും തെറ്റി. 

എല്ലാവരുടെയും മുന്നിൽ ഞാൻ ഒരു പരാജയം ആയിരുന്നൂ. അതുകൊണ്ടു തന്നെ പൂർവ്വവിദ്യാർത്ഥി സംഗമങ്ങൾക്കൊന്നും ഞാൻ പോയതേയില്ല. എല്ലാം എൻ്റെ രാജകുമാരിക്ക് വേണ്ടി ആയിരുന്നൂ.

 ഇന്നിപ്പോൾ മകൾക്കു നല്ലൊരു ജോലി ആയിരിക്കുന്നൂ. അവളുടെ ആദ്യ ശമ്പളം. അതൊരു സ്വപ്ന സാക്ഷാത്ക്കാരം ആയിരുന്നൂ. എനിക്ക് സാധിക്കാതിരുന്നത് അവൾ നേടട്ടെ. 

വീണ്ടും ഞാൻ അദ്ദേഹത്തെ നോക്കി. 

"മോൾ, വന്നില്ലല്ലോ ഏട്ടാ.."

"അവൾ വരും, നീ വിഷമിക്കേണ്ട. "

"സാധാരണ ഇത്ര വൈകാറില്ലല്ലോ.."

"അതൊക്കെ ശരി തന്നെ. ആദ്യ ശമ്പളം കിട്ടിയ ദിവസ്സം അല്ലെ. കൂട്ടുകാരൊക്കെ കൂടി എവിടെ എങ്കിലും പോയി കാണും."

അത് കേട്ടപ്പോൾ പെട്ടന്ന് സങ്കടം തോന്നി. 

എന്നെ അവൾ മറന്നോ..

"അവൾ വരുമ്പോൾ വിളിക്കണേ ഏട്ടാ, ഞാൻ ഒന്ന് കിടക്കട്ടെ."

ഞാൻ അകത്തേക്ക് പോയി. മനസ്സു നിറയെ ചിന്തകൾ ആയിരുന്നൂ.

എപ്പോഴോ ഉറങ്ങി പോയി.

....................

"അമ്മേ, എണീക്കമ്മേ.."

കണ്ണ് തുറന്നു നോക്കിയപ്പോൾ മകൾ മുന്നിൽ.

"എന്തൊരു ഉറക്കമാണിത്. വന്നേ, എനിക്ക് വിശക്കുന്നൂ."

"നീ കഴിച്ചോ. മേശപ്പുറത്തു എല്ലാം എടുത്തു വച്ചിട്ടുണ്ട്. നിനക്കിഷ്ടമുള്ള കൊഴുക്കട്ടയും പരിപ്പ് പായസവും ഒക്കെ ഉണ്ട്. എനിക്ക് എന്തോ വിശപ്പില്ല."

"അമ്മയ്ക്ക് വേണ്ടേൽ എനിക്കും വേണ്ട."

"നീ വാ, നമുക്ക് കഴിക്കാം"

അവളെ വിഷമിപ്പിക്കുവാൻ വയ്യ. ഈ ജീവിതം മുഴുവൻ അവൾക്കു ചുറ്റും ആണ്. അവൾ ആണ് എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരി. അവൾ അല്ലാതെ ആരാണ് എന്നെ മനസിലാക്കുക.

ഭക്ഷണം ഞാൻ വിളമ്പി കൊടുത്തു. 

അവൾ നന്നായി കഴിച്ചു. അത് നോക്കിയിരുന്നപ്പോൾ മനസ്സും നിറഞ്ഞു. 

ഭക്ഷണം കഴിച്ചു കഴിഞ്ഞതും മേശയെല്ലാം വൃത്തിയാക്കി ഞാൻ മുറിയിലേക്ക് നടന്നൂ. പെട്ടെന്ന് പുറകെ വന്നവൾ എൻ്റെ കണ്ണുകൾ മൂടി. 

"എന്താ, ഉണ്ണിമോളേ ഈ കാണിക്കുന്നേ.."

"അമ്മ ഒന്നും പറയേണ്ട. കണ്ണും പൂട്ടി നടന്നോളൂ. ഞാൻ പറയുമ്പോൾ കണ്ണ് തുറന്നാൽ മതി."

കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടു.

അവളുടെ സ്റ്റഡി ടേബിൾ. അതിൽ പുതിയ ഒരു ലാപ്ടോപ്പ്, പെൻ ടാബ്, ഹെഡ് സെറ്റ്. എല്ലാം ഉണ്ട്.

ഞാൻ അവളെ നോക്കി. 

"ഇനി, ഇതാണ് അമ്മയുടെ ലോകം. അമ്മയുടെ സ്വന്തം ഓൺലൈൻ ട്യൂഷൻ സെൻ്റെർ."

"മോളെ, അത് വേണ്ട. എനിക്കിതൊന്നും അറിയില്ല."

"അമ്മയെ ഇതൊക്ക ഞാൻ പഠിപ്പിച്ചു തരും. അടുത്ത മാസം പത്തു കുട്ടികൾ ഓൺലൈനിൽ അമ്മയുടെ ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകൾക്കുണ്ടാകും.  ഒക്കെ എൻ്റെ കൂട്ടുകാരുടെ കുട്ടികൾ ആണ്. പതിയെ നമുക്ക് ഇത് വിപുലീകരിക്കാം. എന്നെ പഠിപ്പിച്ച അമ്മയ്ക്ക് അതൊക്കെ പറ്റും. മീന ടീച്ചറുടെ ക്ലാസുകൾ ഇഷ്ടപ്പെട്ടിരുന്ന പഴയ കുട്ടികളുടെ മക്കൾ ഒക്കെ ഉണ്ടാകും. നമുക്ക് നോക്കാമെന്നേ. പിന്നെ ഒരു യു ട്യൂബ് ചാനലും തുടങ്ങാട്ടോ."

എൻ്റെ കണ്ണുകൾ നിറഞ്ഞു.

"പിന്നെ ഇതെല്ലാം ഞാൻ ഒറ്റയ്ക്കു അല്ലാട്ടോ ചെയ്തത്. അച്ഛനാണ് ഐഡിയ പറഞ്ഞു തന്നത്. കുറച്ചു ഫണ്ട് അവിടന്നും ഉണ്ട്.'

ഞാൻ ഏട്ടനെ നോക്കി. അറിയാതെ കണ്ണുകൾ നിറഞ്ഞു.

ഒന്നും അറിയാത്തതു പോലെ നില്പുണ്ട്. 

ഒരിക്കലും എന്നോട് ജോലിക്കു പോകേണ്ട എന്ന് ഏട്ടൻ പറഞ്ഞിട്ടില്ല. അവൾക്കു വേണ്ടി ഒക്കെ മാറ്റി വച്ചതു ഞാൻ ആണ്. 

അല്ലെങ്കിലും എൻ്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് എന്നെ മനസ്സിലാക്കുന്ന ഭർത്താവും മകളും ആണ്.....

അറിയാതെ മനസ്സുകൊണ്ട് അപ്പോൾ ഞാൻ പഴയ ആ മീന ടീച്ചർ ആവുകയായിരുന്നൂ...

......................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA