KAATTUPPOVU കാട്ടുപ്പൂവ്, FB, A, N, E, K, LF
കേട്ടപ്പോൾ സങ്കടം ഒന്നും തോന്നിയില്ല. എനിക്കത് ഉറപ്പായിരുന്നൂ. എൻ്റെ ജന്മം അത് അങ്ങനെയാണ്. പൂജയ്ക്കെടുക്കാത്ത പൂക്കൾ എത്രയോ ഉണ്ട് ഭൂമിയിൽ. എന്നാലും ആ പൂക്കൾ മനോഹരമാണ്. അതിൻ്റെ ഭംഗി എല്ലാവർക്കും മനസ്സിലാകില്ല.
ആർക്കും വേണ്ടാത്ത ഒരു കാട്ടുപൂവ്. അതാണല്ലോ ഞാൻ...
അമ്മാവനും അച്ഛനും നല്ല ദേഷ്യം വരുന്നുണ്ടായിരുന്നൂ.
"വിവാഹ കമ്പോളത്തിൽ നിർത്തുവാൻ വേണ്ടും അവൾക്കെന്തുണ്ട് യോഗ്യത ?"
അമ്മാവൻ അത് ചോദിച്ചത് അമ്മയോട് ആയിരുന്നൂ. അമ്മ ഒന്നും പറഞ്ഞില്ല.
പക്ഷേ...
എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നൂ.
"കമ്പോളത്തിൽ വിൽക്കുവാൻ ഞാൻ ചരക്കാണോ എന്ന്."
ആ ചോദ്യം എൻ്റെ ഉള്ളിൽ തന്നെ അവസാനിച്ചു.
ചൊല്ലുവിളി ഇല്ലാതെ വളർന്ന കുട്ടി എന്ന ചീത്തപ്പേര് കൂടെ ഇനി വേണ്ട.
ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ തന്നെ ഒരുനാൾ അവർക്കു തിരിച്ചു കൊടുക്കും. അത്രയ്ക്കുണ്ട് നൊമ്പരം ഉള്ളിൽ. ഒരു നാൾ ഈ അഗ്നിപർവ്വതം പൊട്ടും. അത് താങ്ങാനുള്ള ശക്തി അവർക്കുണ്ടാകില്ല. ഒരു ജന്മത്തിൻ്റെ നൊമ്പരം മൊത്തം ഉണ്ട് ഉള്ളിൽ. ജനിച്ച നാൾ തുടങ്ങിയ കഷ്ടപ്പാട്.
എൻ്റെ കണ്ണുനീർ മുഴുവൻ ഏറ്റുവാങ്ങിയത് രാത്രിയിൽ തലയിണ ആയിരുന്നൂ.
.................................
ജീവിതം എനിക്കെന്നും ഒരു സമസ്യ ആയിരുന്നൂ.
അച്ഛനും അമ്മയ്ക്കും ഞാൻ ഒരു മകൾ എന്നതിൽ ഉപരി, ഒരു ഭാരം ആയിരുന്നൂ ഞാൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛൻ്റെ വ്യാപാരം നല്ല നിലയിൽ പോകുന്ന സമയത്തായിരുന്നൂ എൻ്റെ ജനനം.
മൂന്ന് ആണ്മക്കൾക്കു താഴെ നാലാമതൊരു പെൺകുട്ടി.
ജനിച്ച സമയത്തു കുടുംബത്തിലുള്ള ആരോ പറഞ്ഞത്രേ
"നാലാം കാലിൽ മൂന്ന് ആൺമക്കൾക്കു ശേഷം പിറന്നവൾ. കുടുംബം മുടിയു൦."
അതൊരു ശാപം ആയിരുന്നോ. അറിയില്ല.
ഏതായാലും കുടുംബം അതോടെ മുടിഞ്ഞു തുടങ്ങി. എനിക്ക് അഞ്ചു വയസ്സ് ആവുമ്പോഴേക്കും അച്ഛൻ്റെ വ്യാപാരം തകർന്നൂ. അമ്മ തളർന്നു വീണു. ഏതായാലും അച്ഛൻ്റെ പെങ്ങൾ ആ സമയത്തു വീട്ടിലേക്കു വന്നൂ. എന്നെയും ആങ്ങളമാരെയും നോക്കണമല്ലോ. മൂന്ന് മാസം അവർ കൂടെ നിന്നൂ. ആ സമയത്തു കുത്തുവാക്കുകൾക്കു ഒരു കുറവും ഉണ്ടായിരുന്നില്ല. എനിക്ക് പല വാക്കുകളുടെയും അർത്ഥം തന്നെ അന്ന് മനസ്സിലാവുമായിരുന്നില്ല. വിശപ്പടക്കി ഒരു കോണിൽ എല്ലാം കേട്ട് ഞാൻ നിൽക്കുമായിരുന്നൂ. ആങ്ങളമാർ കഴിച്ചു കഴിഞ്ഞു ബാക്കി ഉള്ളതേ എനിക്ക് കിട്ടുമായിരുന്നുള്ളൂ.
എന്നേലും കൂടുതൽ സ്ഥാനം വീട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ ഉണ്ടായിരുന്നൂ.
വയസ്സാം കാലത്തു അച്ഛനും അമ്മയ്ക്കും പറ്റിയ ഒരു അബദ്ധം മാത്രം ആയിരുന്നല്ലോ ഞാൻ. അമ്മായിക്ക് അധികം നാൾ ഇവിടെ നിൽക്കുവാൻ ആവുമായിരുന്നില്ല. അമ്മ മൂന്ന് മാസത്തെ ആയുർവ്വേദ ചികിത്സയിലിലൂടെ ഒന്ന് ഭേദമായി വന്നപ്പോൾ തന്നെ എന്നെയും കൂട്ടി അവർ അവരുടെ വീട്ടിലേക്കു മടങ്ങി. അവരുടെ മകൻ അന്ന് കോളേജിൽ പഠിക്കുകയായിരുന്നൂ. എന്നെക്കാളും പതിനൊന്നു വയസ്സ് കൂടുതൽ ഉണ്ടായിരുന്നൂ അവനു.
കൂടെ എന്നെ അവർ കൊണ്ട് പോയപ്പോൾ അച്ഛനും അമ്മയും ആങ്ങളമാരും ഒത്തിരി സന്തോഷിച്ചു. എനിക്ക് പക്ഷേ ഒത്തിരി സങ്കടം വന്നൂ. പതിയെ എൻ്റെ കുടുംബം പച്ച പിടിച്ചു തുടങ്ങി. അതോടെ പിന്നെ എന്നെ തിരികെ വീട്ടിലേക്കു കൊണ്ട് വരുവാൻ എല്ലാവരും മടിച്ചു.
അമ്മായിയുടെ വീട്ടിൽ എനിക്ക് എന്ത് കുറവുണ്ടായിരുന്നൂ. ആരും അത് അന്വേഷിച്ചില്ല. ചോദിക്കുവാൻ വന്നാൽ എന്നെ കൂടെ കൊണ്ടുപോകേണ്ടി വന്നാലോ.
പതിയെ അവർക്കു വീട്ടുവേലക്കാരി ആയി ഞാൻ മാറി. പഠിക്കുവാൻ പോകുമ്പോൾ മാത്രം ഞാൻ ഒത്തിരി സന്തോഷിച്ചു. ആ സമയം പണി ഒന്നും ചെയ്യേണ്ടല്ലോ. അമ്മായി ഇല്ലാത്ത സമയം ആ വീടിനെ ഞാൻ ഭയന്നു. അമ്മായിയുടെ മകനിൽ നിന്നും പലപ്പോഴും എനിക്ക് ഒളിച്ചിരിക്കേണ്ടി വന്നൂ. എൻ്റെ പ്രായം അവൻ കണക്കിൽ എടുത്തതേ ഇല്ല. അമ്മായി പലതും കണ്ടില്ല എന്ന് നടിച്ചു. മുറച്ചെറുക്കൻ്റെ അവകാശം അവൻ എന്നിൽ സ്ഥാപിക്കുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നൂ.
വർഷങ്ങൾക്കു ശേഷം ബിരുദം പൂർത്തിയാക്കി അവൻ ഒരു ജോലി കിട്ടി മറ്റൊരിടത്തേക്ക് പോയപ്പോൾ ഞാൻ സന്തോഷിച്ചു. കാലം കടന്നു പോയിക്കൊണ്ടേയിരുന്നൂ. ഒപ്പം എൻ്റെ ദുഃഖങ്ങളും ഏറി വന്നൂ.
ബിരുദം കഴിഞ്ഞതും വീട്ടിൽ വിവാഹ ആലോചനകൾ തുടങ്ങി. എന്നെ ആ സമയം അച്ഛനും അമ്മയും കൂട്ടികൊണ്ടു പോന്നൂ.
അപ്പോഴാണ് അമ്മായി അമ്മാവനൊപ്പം വീട്ടിലേക്കു വന്നു പറഞ്ഞത്.
"അവൾക്കു ഇരുപതു കഴിഞ്ഞില്ലേ. ശരത്തിനു മുപ്പത് കഴിഞ്ഞു. അവളെ ഞാൻ അല്ലെ വളർത്തിയത്. ഇനി ഇപ്പോൾ വേറെ ആലോചന വേണ്ട. ശരത്തു അവളെ കെട്ടിക്കോളും."
എനിക്ക് അത് സമ്മതം ആയിരുന്നില്ല. ഇത്രയും കാലം ഞാൻ അവിടെ വേലക്കാരി ആയിരുന്നൂ. വീണ്ടും ആ നരകത്തിൽ തന്നെ തുടരുവാൻ വയ്യ. ഞാൻ പോന്നപ്പോൾ അവർക്കു ബുദ്ധിമുട്ടു വന്നു കാണും. വേലക്കാരി ഇല്ലല്ലോ. അവരുടെ മകന് ആലോചനകൾ നല്ലതൊന്നും വരുന്നുണ്ടായിരുന്നില്ല. ഞാൻ ആകുമ്പോൾ പെണ്ണിനേയും കിട്ടും, ചോദിച്ചു കൂടുതൽ തുകയും വാങ്ങാം. അവരുടെ ഭരണം തുടരുകയും ആവാം.
..............................
ജന്മശാപം പേറി ഇനി ജീവിക്കുവാൻ വയ്യ. ഉള്ള ബിരുദ സെർട്ടിഫിക്കറ്റുമായി എവിടെ എങ്കിലും പോയി രക്ഷപെടണം. പക്ഷേ എങ്ങനെ...
ആ സമയത്താണ് പഠിപ്പിച്ചിരുന്ന അദ്ധ്യാപികയുടെ സഹോദരൻ്റെ ആലോചന വരുന്നത്. പെണ്ണ് കണ്ടു പോയതിനു ശേഷം മാത്രമാണ് അത് കോളേജിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപികയുടെ സഹോദരൻ ആണെന്നു അറിഞ്ഞത്. ആ ആലോചന നടക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നൂ.
അവർ ഗസ്റ്റ് അദ്ധ്യാപികയായി വന്ന സമയം. ക്ലാസ്സിൽ വിഷമിച്ചിരുന്ന എന്നെ അവർ പലപ്പോഴും ശ്രദ്ധിക്കുമായിരുന്നൂ. അങ്ങനെ ഒരിക്കൽ അവരോടു എൻ്റെ കഥകൾ എന്തൊക്കെയോ ഞാൻ പറഞ്ഞിരുന്നൂ.
പിറ്റേന്ന് മൂന്നാൻ വന്നു അച്ഛനോട് എന്തൊക്കെയോ പറഞ്ഞു. അന്നാദ്യമായി അച്ഛൻ എന്നെ തല്ലി.
ഏതായാലും അമ്മായിയുടെ മകൻ വേണ്ട എന്നുള്ള തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നൂ. കിട്ടിയ സാധനങ്ങളും കെട്ടിപ്പെറുക്കി വീട് വിട്ടിറങ്ങി. മുന്നിൽ ശൂന്യത ആയിരുന്നൂ. നഷ്ടപ്പെടുവാൻ ഇനി ഒന്നും ബാക്കിയില്ല. പിന്നെ എന്തിനെ ഭയക്കണം. വല്ലാത്തൊരു വാശി ആയിരുന്നൂ മനസ്സിൽ.
ഒത്തു കിട്ടിയ പ്രൈവറ്റ് ജോലിയിൽ ഞാൻ പ്രേവേശിച്ചു. അവിടെ നിന്നും പിന്നെ വാശിയോടെ ഞാൻ പഠിച്ചു. ബിരുദാനന്ത ബിരുദം എടുക്കുമ്പോഴേക്കും അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഞാൻ എഴുതിയ ആദ്യ നോവൽ പ്രസിദ്ധീകരിച്ചു. എന്തോ അതിനു എന്തൊക്കെയോ അവാർഡുകൾ ലഭിച്ചു. അത് സിനിമയായി. അപ്പോഴേക്കും രണ്ടാമത്തെ നോവൽ എടുക്കുവാൻ ഒരുപാടു പേര് തയ്യാറായി വന്നൂ.
ഞാൻ പോലും പ്രതീക്ഷിക്കാത്ത വളർച്ച ആയിരുന്നൂ അത്. എഴുതിയ മൂന്ന് നോവലുകളും വലിയ വിജയം നേടി. ആരുടെ ചുമലിലും ഒരു ഭാരം ആകാതെ വേണ്ടതെല്ലാം ഞാൻ നേടി.
............................
ഇന്നാണ് ആ ദിവസ്സം. പഠിച്ചിരുന്ന കോളേജിലേക്ക് ഒരു ക്ഷണം ലഭിച്ചു. വേദിയിൽ പ്രസംഗിക്കുവാൻ ഒരവസരം കിട്ടി. എനിക്ക് അതിൽ താല്പര്യം ഇല്ലായിരുന്നൂ. അപ്പോഴാണ് അറിഞ്ഞത് ആ അദ്ധ്യാപിക അവിടെ ഉണ്ടെന്നു. എനിക്ക് അവരോടു പരിഭവം ഇല്ല. അവർ കാരണമല്ലേ ഇത്ര ചെറുപ്പത്തിലേ ഞാൻ ഈ നിലയിൽ എത്തിയത്.
"അറിയപ്പെടുന്ന എഴുത്തുകാരി. പ്രശസ്‌തനായ സംവിധായകൻ്റെ ഭാര്യ. ഒന്ന് കാണുവാനും സംസാരിക്കുവാനും ആളുകൾ കാത്തുനിൽക്കുന്നൂ. വീട്ടിലേക്കു എന്ന് ചെല്ലും എന്ന് ചോദിച്ചു കാത്തിരിക്കുന്ന വീട്ടുകാർ. ബന്ധുവീടുകളിൽ പോലും വിശിഷ്ട സ്ഥാനം ആണ് ചടങ്ങുകൾക്ക്.."
എനിക്ക് പക്ഷേ അതൊന്നും വേണ്ട.
വേദിയിൽ പ്രസംഗ സമയത് ഞാൻ പറഞ്ഞു.
"ദുഃഖങ്ങൾ ഇല്ലാത്തവർ ആരുമില്ല ഈ ലോകത്തിൽ. പക്ഷേ ദുഃഖങ്ങൾക്കു മേലെ നമ്മുടെ സ്വപ്നങ്ങൾ വളരണം. അവയെ നമ്മൾ നേടണം. നമ്മുടെ സങ്കടങ്ങൾ അത് നമ്മുടേത് മാത്രമാണ്. അത് മറ്റൊരാൾക്ക് സന്തോഷം മാത്രമാണ് നൽകുക. ദുഃഖങ്ങൾ പങ്കുവയ്ക്കുവാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ്. പക്ഷെ, നാളെ അത് നമ്മൾക്കെതിരെ മറ്റുള്ളവർ ഉപയോഗിക്കുവാനുള്ള ഒരു ആയുധമായി മാറരുത്."
"എൻ്റെ ദുഃഖങ്ങൾ എൻ്റെ വിജയത്തിലേക്കുള്ള ചവിട്ടു പടികൾ മാത്രമാണ്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്കതറിയാം. അനുഭവങ്ങൾ എന്നെ നല്ല എഴുത്തുകാരിയാക്കി. നിങ്ങളുടെ പ്രീയങ്കരിയാക്കി. നഷ്ടപ്പെടുവാൻ ഒന്നുമില്ല. എൻ്റെ വിജയം ഞാനാണ് തീരുമാനിക്കുന്നത്. എന്നെ ഞാൻ അംഗീകരിക്കണം. എനിക്ക് ചുറ്റിലുമുള്ള ലോകത്തിൽ ഒത്തിരി കുറ്റപ്പെടുത്തലുകൾ ഉണ്ടാകും. അതിൽ വേണ്ടത് മാത്രം എടുക്കുക.'
"ദുഃഖങ്ങളുടെ തീച്ചൂളയിൽ ഉരുകിയവർ മാത്രമേ വിജയത്തിൽ എത്തിയിട്ടുള്ളൂ. ദുഃഖങ്ങൾ വരുമ്പോൾ, തകർന്നു വീഴുമ്പോൾ തളരരുത്. ഉയർത്തെഴുന്നേല്ക്കണം. കാരണം ജീവിതം ഒന്നേ ഉള്ളൂ. അത് പൊരുതി ജയിക്കുവാൻ മാത്രം ഉള്ളതാണ്. എൻ്റെ ജീവിതവിജയം ആണ് ഈ ലോകത്തിനായുള്ള എൻ്റെ മറുപടി."
പറഞ്ഞു അവസാനിപ്പിക്കുമ്പോൾ ഉള്ളിൽ കാലങ്ങൾ ആയി കാത്തുവച്ചിരുന്ന നൊമ്പരം ഉരുകി തീർന്നിരുന്നൂ.
.......................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ