അടിലും പതക്കവും ADILUM PATHAKKAVUM, A, F, E, K, SXC, G, AP
"ഇപ്പോൾ എല്ലാം പൂർത്തിയായി. അവൾക്കത് ആവശ്യം ആയിരുന്നൂ. എന്തൊരു അഹന്ത ആയിരുന്നൂ. ഇപ്പോൾ കിടക്കുന്ന കിടപ്പു കണ്ടില്ലേ."
ചുറ്റിലും നിന്ന് ആരൊക്കെയോ കുത്തുവാക്ക് പറയുന്നത് പോലെ തോന്നി. അത് കേട്ടപ്പോൾ മനസ്സൊന്നു പൊള്ളി. മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലേക്കു ഒന്ന് നോക്കി.
"എൻ്റെ ഏട്ടൻ, എന്നാലും എന്നെ തനിച്ചാക്കി മുന്നേ പോയില്ലേ.."
ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരുമായിരുന്നില്ല. അറിയാതെ മനസ്സൊന്നു പിടഞ്ഞു. ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി. നേടിയതൊന്നും ഒരു നേട്ടം ആയിരുന്നില്ല എന്ന് മനസ്സു പറയുന്നുണ്ട്. നല്ലൊരു മകൾ ആയില്ല. നല്ലൊരു ഭാര്യ ആയില്ല, നല്ലൊരു മരുമകൾ ആയില്ല. നല്ലൊരു അമ്മയും ആയില്ല. എന്തിനൊക്കെയോ വേണ്ടിയുള്ള ഒരു ഓട്ടം ആയിരുന്നൂ ഒന്ന് വീഴുന്നത് വരെ.
എവിടെയൊക്കെയോ ഒരു നഷ്ടബോധം. കുറച്ചു കൂടെ നന്നായി ജീവിക്കാമായിരുന്നൂ. മനസ്സിൽ ഇരുന്ന് ആരോ പറഞ്ഞു.
ഇനി പറഞ്ഞിട്ട് എന്തിനാണ്. ദൈവം തന്ന ദിവസ്സങ്ങൾ നന്നായി ഉപയോഗിക്കണമായിരുന്നൂ. ഒന്നും ചെയ്തില്ല. മടങ്ങി പോകുമ്പോൾ ഒന്നും കൊണ്ടുപോകില്ല എന്ന സത്യം തിരിച്ചറിയുവാൻ വൈകി.
തളർന്നു കിടക്കുവാൻ തുടങ്ങിയിട്ട് അധികമായില്ല. വെറും രണ്ടു മാസമേ ആയിട്ടുള്ളൂ. അപ്പോഴേ തന്നെ എല്ലാവർക്കും മടുത്തു തുടങ്ങിയിരിക്കുന്നൂ.
പഴമക്കാര് പറയാറുണ്ട്
"പഴുത്തില വീഴുന്നത് കണ്ടു പച്ചില ചിരിക്കരുത്'
അതൊക്കെ ആര് മനസ്സിലാക്കുവാൻ. ഒന്ന് വീഴുമ്പോഴേ അതിൻ്റെ അർത്ഥം മനസ്സിലാകൂ. എനിക്കും ഇപ്പോഴല്ലേ അത് മനസ്സിലായുള്ളൂ.
പെട്ടെന്ന് മകൻ്റെ ശബ്ദം കേട്ടു.
"മിനി, നീ എന്തിനാണ് അമ്മയുടെ താലിമാല ഊരി എടുത്തത്. അത് ആ കഴുത്തിൽ കിടന്നോട്ടെ."
"പിന്നെ, ചാകുവാൻ കിടക്കുന്ന ആ തള്ളക്കു ഇനി മാല എന്തിനാണ്. കുറേ അണിഞ്ഞു നടന്നതല്ലേ. തുള്ളിയതൊക്കെ തീർന്നില്ലേ. സ്വർണ്ണത്തിനൊക്കെ ഇപ്പോ എന്താ വില. ഇനി അത് എനിക്കിരിക്കട്ടെ."
"അങ്ങനെ പറയരുത്. ആ കഴുത്തു ഒഴിഞ്ഞു ഞാൻ കണ്ടിട്ടില്ല. അച്ഛൻ മുകളിലിരുന്ന് എല്ലാം കാണുന്നുണ്ടാകും."
"എന്നാ പിന്നെ, ദാ അമ്മയുടെ മാല, അത് പുന്നാരമോൻ തന്നെ അങ്ങു പിടിച്ചോ. പിന്നെ നാളെ മുതൽ ജോലിക്കു പോകേണ്ട. അമ്മയെ അങ്ങു അടുത്തിരുന്നു നോക്കിക്കോ. അല്ലെങ്കിൽ മോളിലിരുന്നു കാഴ്ച കാണാതെ അച്ഛനോട് ഇറങ്ങി വന്നു ഭാര്യയെ നോക്കുവാൻ പറ. "
"വേണ്ട, മിനി. ഞാൻ ഒന്നും പറയുന്നില്ല. നീ എന്താണെന്നു വച്ചാൽ ആയിക്കോ. വെറുതെ മരിച്ചു പോയവരെ പറയേണ്ട."
ആകെ ഉള്ള ഒരു മോനെ കൊഞ്ചിച്ചാണ് വളർത്തിയത്. ഇപ്പോൾ അവനും ഒന്നും മിണ്ടുവാനില്ല. ഒരു ദിവസ്സം പോലും അമ്മയുടെ അടുത്തിരിക്കുവാൻ അവനു സമയം കിട്ടിയിട്ടില്ല. ഈ മുറിയിൽ അവൻ വല്ലപ്പോഴും വന്നു ഒന്ന് തല കാണിച്ചിട്ട് പോകും. അവൻ എന്നോട് ഒന്നും മിണ്ടാറില്ല. കണ്ണ് നിറയെ അവനെ കണ്ടിട്ട് എത്ര നാളായി. എല്ലാം എൻ്റെ വളർത്തു ദോഷം. അതെങ്ങിനെയാണ് അവൻ്റെ അമ്മൂമ്മയോടു ഞാൻ പെരുമാറിയതല്ലേ അവൻ തിരിച്ചു കാണിക്കൂ. ഞാൻ എന്നെങ്കിലും നല്ലൊരു മരുമകൾ ആയിരുന്നോ...
അടുക്കളയിൽ നിന്നും മിനിയുടെ ശബ്ദം കേട്ടു. പാത്രങ്ങൾ ഇട്ടു അലക്കുവാണ്. എന്നോടുള്ള ദേഷ്യം പാവം പട്ടിയോടും പാത്രങ്ങളോടും അവൾ തീർക്കുന്നുണ്ട്.
"ഈ സാധനം എപ്പോ ചാകുമോ എന്തോ. മനുഷ്യന് മര്യാദയ്ക്ക് ജോലിക്കു പോകുവാൻ പറ്റുന്നില്ല. ഹോം നേഴ്സ് രാവിലെ എത്തേണ്ടതായിരുന്നൂ. മാസം എത്ര പൈസ അവർക്കു കൊടുക്കണം. ഇതൊക്കെ ആരുണ്ടാകും എന്നാണ് അവർ കരുതുന്നത്. കെട്ടി വന്നപ്പോൾ തുടങ്ങിയതാണ് എൻ്റെ ദുരിതം."
പിന്നെയും എന്തൊക്കെയോ അവൾ പറയുന്നത് കേട്ടു.
കണ്ണുകൾ നിറഞ്ഞൊഴുകി. അറിയാതെ മനസ്സിൽ പ്രാർത്ഥിച്ചു.
"ചെയ്ത പുണ്യങ്ങളിൽ എന്തെങ്കിലും നീ പട്ടികയിൽ വച്ചിട്ടുണ്ടെങ്കിൽ എൻ്റെ കണ്ണാ എന്നെ തിരിച്ചു വിളിക്കണേ. ഇനി വയ്യ. ഈ രണ്ടു മാസം കൊണ്ട് എല്ലാം അനുഭവിച്ചു."
...........................................................
പെട്ടെന്നു ആരോ എന്നെ തട്ടി വിളിച്ചു.
"സുഭദ്രേ എന്തേ പറ്റിയെ? കണ്ണ് തുറക്കൂ."
"ദാ, കുറച്ചു വെള്ളം കുടിക്കൂ, നന്നായി വിയർക്കുന്നുണ്ടല്ലോ. സ്വപ്നം കണ്ടോ. വല്ല വയ്യായ്കയും ഉണ്ടോ. ഉണ്ണീ ഒന്നോടി വന്നേ."
കണ്ണ് തുറന്നു നോക്കുമ്പോൾ മുറിയിൽ ഏട്ടനും മകനും ഉണ്ട്.
എനിക്കൊന്നും മനസ്സിലായില്ല. അപ്പോൾ മിനി എവിടെ. അല്ല, അവൻ്റെ കല്യാണം കഴിഞ്ഞില്ലേ. കൈയ്യും കാലും അനങ്ങുന്നുണ്ട്. ആവൂ , ശരീരം തളർന്നിട്ടില്ല.
അതെങ്ങനെ കോളേജിൽ പഠിക്കുന്ന ചെറുക്കനാണ് അവൻ. അല്ലെങ്കിലും അവൻ പെണ്ണ് കേട്ടാറായിട്ടില്ല. എൻ്റെ ഒരു കാര്യം.
അപ്പോഴാണ് മനസ്സൊന്നു ശാന്തം ആയത്. കണ്ടതൊക്കെ സ്വപ്നം ആയിരുന്നൂ. ജീവിതം കൈവിട്ടു പോയിട്ടില്ല എന്ന് മനസ്സിലായി. മനസ്സു പറഞ്ഞു ഇനിയും വൈകിയിട്ടില്ല. നാളത്തേക്ക് മാറ്റി വയ്ക്കുന്നില്ല. ഇന്നേ തുടങ്ങണം.
വെള്ളം കുടിച്ചിട്ട് നേരെ അമ്മായിഅമ്മയുടെ മുറിയിലേക്ക് ചെന്നൂ. അമ്മ തളർന്നു കിടപ്പാണ്. ആഴ്ച ഒന്നേ ആയിട്ടുള്ളു. കുറച്ചൊക്കെ കുശുമ്പ് കാണിച്ചിട്ടുണ്ട് നല്ലകാലത്തു, സാരമില്ല. ഒത്തിരി കുത്തുവാക്കുകളും പറഞ്ഞിട്ടുണ്ട്. അതിനൊക്കെ ഇപ്പോൾ അവർ അനുഭവിക്കുന്നുണ്ട്.
ഞാൻ ആയിട്ടു എന്തിനു പ്രതികാരം ചെയ്യണം. അവരുടെ ഈ അവസ്ഥയിൽ അവരെ സ്നേഹിക്കുന്നതാകട്ടെ എൻ്റെ പ്രതികാരം.
നാളെ എൻ്റെ കർമ്മഫലം മാത്രമേ എനിക്ക് കൂട്ടുണ്ടാക്കൂ. എല്ലാം കാണുന്നവൻ മുകളിൽ ഉണ്ട്. അവർ എനിക്ക് തന്ന പുണ്യം എൻ്റെ കൂടെ ഉണ്ട്. അവരുടെ മകൻ. അല്ലെങ്കിലും ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടുവാൻ ഞാൻ എന്ത് പുണ്യം ചെയ്തു.
തളർന്നു പോയത് അവരുടെ തെറ്റുകൊണ്ടു അല്ലല്ലോ. അതിപ്പോൾ എനിക്ക് മനസ്സിലായി. ആർക്കും എപ്പോൾ വേണമെങ്കിലും ഇതു സംഭവിക്കാം. കുറച്ചു രാസവസ്തുക്കൾ, ഒന്ന് കൂടിയാലും കുറഞ്ഞാലും ശരീരത്തിൻ്റെ കാര്യം തീർന്നു.
അലമാര തുറന്നു അമ്മയുടെ താലിമാല എടുത്തു ഞാൻ അവരെ അണിയിച്ചു. രണ്ടു വളകളും കൈകളിൽ ഇട്ടു കൊടുത്തു. അവർ തളർന്നു വീണപ്പോൾ ഊരി എടുത്തതാണ്. അപ്പോൾ ഏട്ടൻ പറഞ്ഞിരുന്നൂ.
"സുഭദ്ര, അത് അമ്മയുടെ കഴുത്തിൽ കിടന്നോട്ടെ. നിനക്ക് ആവശ്യത്തിൽ കൂടുതൽ സ്വർണ്ണം ഉണ്ടല്ലോ. നിന്നെ പെണ്ണ് കാണുവാൻ വന്നപ്പോൾ തന്നെ നീ അത് ആ കഴുത്തിൽ കണ്ടതല്ലേ. അമ്മ അത് ഒരിക്കലും ഊരി വയ്ക്കാറില്ല. എൻ്റെ പഠനത്തിന് പണത്തിനു ആവശ്യം വന്നപ്പോൾ അമ്മ അത് ഊരി തന്നൂ. അപ്പോൾ അച്ഛൻ പറഞ്ഞതാണ്."
"വേണ്ട, ഉണ്ണി, അത് അവളുടെ പ്രാണൻ ആണ്. നിനക്കുള്ള പണമൊക്കെ ഞാൻ കരുതി വച്ചിട്ടുണ്ട്. അവൾ മരിക്കുമ്പോൾ അല്ലാതെ അത് നീ ഊരി വാങ്ങരുത്."
അപ്പോൾ ഞാൻ പറഞ്ഞു.
"പിന്നെ, ഇനി അവർക്കു ഇതിൻ്റെ ആവശ്യം ഇല്ല. ജോലിക്കാരി എടുത്തിട്ട് പോയാലോ. പിന്നെ ഏതു നേരവും ഇവരെ നോക്കി ഇരിക്കുവാൻ എന്നെക്കൊണ്ട് പറ്റുമോ. അമ്മയേയും നോക്കണം, ആഭരണവും നോക്കണം. ഞാൻ അടുത്താഴ്ച തന്നെ തട്ടാനെ കൊണ്ട് ഒരു അടിലും പതക്കവും പണിയിക്കും."
ഞാൻ ആ മാല ഊരി എടുക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ. അത് ഞാൻ കണ്ടില്ല എന്ന് നടിച്ചു.
....................
"ഇപ്പോൾ നീ ചെയ്തതാണ് ശരി സുഭദ്രേ. അമ്മ ഉള്ളിടത്തോളം അവരെ നന്നായി നമുക്ക് നോക്കണം. അടിലും പതക്കവും ഒരെണ്ണം നാളെ തന്നെ നമുക്ക് വാങ്ങിക്കാം കേട്ടോ."
എൻ്റെ കണ്ണുകൾ തുടച്ചിട്ട് അദ്ദേഹം പറഞ്ഞു.
രാവിലെ എന്നും അദ്ദേഹം അമ്മയുടെ മുറിയിൽ കയറും. പിന്നെ ജോലിക്കു പോകും. വൈകീട്ടു ജോലി കഴിഞ്ഞു വന്നാൽ കുറച്ചു നേരം അവിടെ വെറുതെ ഇരുന്നു വർത്തമാനം പറയും. അവർക്കു വേണ്ട കാര്യങ്ങൾ ജോലിക്കാരി ഉണ്ടെങ്കിലും ഒരു മടുപ്പും കൂടാതെ അദ്ദേഹം ചെയ്യും.
ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്.
"ഏട്ടന് ഭ്രാന്താണോ..."
അപ്പോൾ അദ്ദേഹം ചിരിക്കും. എന്നിട്ടു പറയും.
"അമ്മയുടെ ശരീരം അല്ലെ തളർന്നിട്ടുള്ളൂ. മനസ്സുകൊണ്ട് എല്ലാം അറിയുന്നുണ്ടാകും. പാവം. നാളെ നമുക്കും ഇങ്ങനെ ഒക്കെ വരാമല്ലോ. നമ്മൾ ചെയ്യുന്നത് കണ്ടാണ് നമ്മുടെ മകൻ വളരുന്നത്. ഞാൻ ഇല്ലെങ്കിലും അവൻ നിനക്ക് ഒരു കുറവും വരുത്തില്ല."
ഇപ്പോൾ എനിക്ക് അതിൻ്റെ അർത്ഥം മനസ്സിലായി.
...........................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ