Manassu മനസ്സ്

മുന്നിൽ ഇരിക്കുന്ന പേപ്പറിൽ ഒപ്പിടുമ്പോൾ കൺകോണിൽ നിന്നും ഒരു തുള്ളി ഞാൻ അറിയാതെ തന്നെ ആ പേപ്പറിൽ വീണു. കാലം എനിക്കായി കാത്തു വച്ച നിമിഷം ആണിത്. ഇത്രയൊക്കെ ഞാൻ ചെയ്തില്ലെങ്കിൽ എൻ്റെ മനസ്സ് എനിക്ക് ഒരു സമാധാനവും തരില്ല ഒരു കാലത്തും.  

ആ നാലു സെൻറ് സ്ഥലവും അതിനു ചുറ്റുമുള്ള പത്തേക്കർ  സ്ഥലവും ഞാൻ മോഹവില കൊടുത്തു അങ്ങു വാങ്ങി. ഇനി ഇവിടെ ഒരു ഫാം വരും എൻ്റെ അമ്മയുടെ പേരിൽ. ആരും ഒരിക്കലും ആ പേര് മറക്കില്ല. എൻ്റെ അമ്മയുടെ പേര്. അഭിമാനത്തോടെ തല ഉയർത്തി അമ്മ വരും ആ ഫാമിലേക്കു. ഒന്നും അമ്മയെ അറിയിച്ചിട്ടില്ല. ഫാം ഹൗസും ഫാമും ശരിയായി കഴിയുമ്പോൾ അമ്മയെ കൊണ്ടുവന്നു കാണിക്കും. 

പ്രതികാരം ചെയ്യുവാൻ ഒരിക്കലും എന്നെ എൻ്റെ മാതാപിതാക്കൾ പഠിപ്പിച്ചിട്ടില്ല. എല്ലാം സഹിക്കുവാൻ ആയിരുന്നൂ അവർ എന്നെ  പഠിപ്പിച്ചത്. നമ്മൾ ചെയ്യുന്ന കർമ്മങ്ങൾക്കുള്ള പ്രതിഫലം അതെന്നായാലും നമ്മളെ തേടി വരും എന്ന് അമ്മ എപ്പോഴും പറയുമായിരുന്നൂ. 

പക്ഷേ, വളർന്ന വഴികളിൽ എല്ലാം മറക്കുമ്പോഴും ആ നാലു സെൻറ്  സ്ഥലവും അതിലെ ജീവിതവും ഞാൻ മറന്നില്ല. അല്ലെങ്കിലും അത് മറന്നാൽ ഞാൻ ഞാനാകുമോ. മറക്കുവാനും പൊറുക്കുവാനും എത്ര ശ്രമിച്ചാലും ചിലതെല്ലാം എപ്പോഴും തികട്ടി വന്നുകൊണ്ടേയിരിക്കും. 

അമ്മയുടെ കണ്ണീരും അച്ഛൻ്റെ വിയർപ്പും പതിഞ്ഞ മണ്ണാണ് അത്. അത് എന്നും എനിക്ക് അവകാശപ്പെട്ടത് ആണ്. ചുറ്റുമുള്ള പാടശേഖരങ്ങളിൽ ആണ് അച്ഛനും അമ്മയും ഒരിക്കൽ പണി എടുത്തിരുന്നത്. 

ഓർമ്മകൾ ഒത്തിരി പുറകിലേക്ക് പോയി...........................

എൻ്റെ കുട്ടിക്കാലം എന്ന് പറയുന്നത് ഒരു കുഞ്ഞു കൂരയ്ക്കുള്ളിൽ ആയിരുന്നൂ. പക്ഷേ, ഈ ലോകത്തിലെ ഏറ്റവും വലിയ സ്വർഗ്ഗം എന്ന് പറയുന്നത് എന്നേ സംബന്ധിച്ച് ആ കൂരയിലെ ഒരു മൂലയിൽ അമ്മയോടൊപ്പം കിടന്നുറങ്ങിയ നിമിഷങ്ങൾ ആയിരുന്നൂ. 

ചെറുപ്പത്തിലേ അച്ഛൻ മരിച്ചിട്ടും ഒന്നും അറിയിക്കാതെ അമ്മ എന്നെ വളർത്തി. കൂലിപ്പണി ചെയ്തു കിട്ടുന്ന പണം അത് എൻ്റെ പഠനത്തിന് ഉള്ളതായിരുന്നൂ. എന്നെ പഠിപ്പിച്ചു കര കയറ്റി വിടുക എന്നതിനപ്പുറം അമ്മയ്ക്ക് മറ്റൊരു ലക്ഷ്യം ഉണ്ടായിരുന്നില്ല. അച്ഛൻ പോയതിൽ പിന്നെ കഷ്ടപ്പാടുകൾ അല്ലാതെ ഒന്നും അമ്മയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഒരു നല്ല വസ്ത്രമോ ആഭരണമോ ആ പാവം ഉപയോഗിച്ച് ഞാൻ കണ്ടിട്ടില്ല.

ഒരു വിധവ അനുഭവിക്കേണ്ടി വരുന്ന സങ്കടങ്ങൾ പറഞ്ഞറിയിക്കുവാൻ കഴിയില്ല. ആളുകളുടെ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും സഹിക്കാം. അതിനപ്പുറം പലതുമുണ്ട്, ഒരു അമ്മയ്ക്ക് മകനോട് പറയുവാൻ പറ്റാത്തവ. അതെല്ലാം അമ്മ സഹിച്ചു. എല്ലാം പക്ഷേ, എനിക്കറിയാം. 

കോളേജിൽ എത്തുമ്പോൾ പണത്തിനായി വേറെ വഴി ഇല്ലാതെ വന്നപ്പോൾ.  അമ്മ വളരെ വിഷമത്തോടെയാണ് ഉള്ള ആ കൂരയുടെ ആധാരം മുതലാളിക്ക് കൊടുത്തത്. അമ്മയ്ക്ക് ആ കൂര എന്ന് പറയുന്നത് സ്വന്തം ജീവനേക്കാൾ വലുതായിരുന്നൂ. അച്ഛനോടൊപ്പം ആ കൂരയിൽ കഴിഞ്ഞ ഓർമ്മകളിൽ ആണ് ആ പാവം ജീവിച്ചിരുന്നത്.  ആ ആധാരം പിന്നീട് അമ്മയ്ക്ക് തിരിച്ചു  എടുക്കാനായില്ല. അത് കൈ വിട്ടു പോയപ്പോൾ അമ്മയുടെ ഹൃദയം തകർന്നൂ.  

മുതലാളി ഞങ്ങളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. ആ കൂരയും പൊളിച്ചു കളഞ്ഞു. അയാൾക്ക്‌ ആ കൂര എന്തിനാണ്. വേണമെന്ന് വച്ചാൽ അയാൾക്ക്‌ ഞങ്ങളെ അവിടെ താമസിപ്പിക്കാമായിരുന്നൂ. അത് അയാൾ ചെയ്തില്ല. ചുറ്റിലുമുള്ള അയാളുടെ സ്ഥലത്തിനു ഒരു കരടായി നിന്നതു ആ കൂരയും നാലു സെൻറ് സ്ഥലവും ആയിരുന്നൂ. ഉള്ളവന് എത്ര കിട്ടിയാലും പോരല്ലോ. പിന്നെയും പിന്നെയും വേണം. 

വീട് വിട്ടിറങ്ങുമ്പോൾ കൈനീട്ടി ആരും സ്വീകരിച്ചില്ല. അമ്മയുടെ വീട്ടുകാർക്കോ അച്ഛൻ്റെ വീട്ടുകാർക്കോ നാട്ടുകാർക്കോ ഞങ്ങളെ വേണ്ടിയിരുന്നില്ല. കൈയ്യിൽ അഞ്ചു പൈസയില്ലാത്ത അർദ്ധപട്ടിണിക്കാരനെ ആര് സ്വീകരിക്കുവാനാണ്.  

ഒന്നുമില്ലാതെ ഒരു രാത്രി അമ്മയുടെ കൈയ്യും പിടിച്ചു നടുറോഡിലേക്കു ഇറങ്ങുമ്പോൾ ചുറ്റും സഹായിക്കുവാൻ  ആരും ഉണ്ടായിരുന്നില്ല. പുച്ഛം നിറഞ്ഞ കുറേ നോട്ടങ്ങൾ മാത്രം..

ആരൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നൂ..

'മോനെ പഠിപ്പിച്ചു കളക്ടർ ആക്കുവാൻ പോയിട്ടെന്തായി. ഇനി ഇപ്പോൾ രണ്ടിനും കുടെ പിച്ച തെണ്ടാ൦.."

അത് കേട്ടപ്പോൾ തകർന്നത് ഞാൻ ആയിരുന്നൂ. കളക്ടർ ആകുവാനാണോ എല്ലാവരും പഠിക്കുന്നത്. വിദ്യാഭ്യാസം എന്ന് പറയുന്നത് ഒരു ആവശ്യകത അല്ലെ. ഉണ്ണാനും ഉറങ്ങാനും മാത്രമാണോ ആളുകൾ ജീവിക്കുന്നത്. 

അപ്പോഴും അമ്മയുടെ മുഖത്തു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. എന്നെയും ചേർത്ത് അവർ തലകുനിച്ചു നടന്നൂ..

പിന്നീട് അനുഭവിക്കാത്ത കഷ്ടപ്പാടുകൾ ഒന്നും ഇല്ല. പട്ടിണിയും പരിവട്ടവും മാത്രം. മകന് വേണ്ടി കരുതി വയ്ക്കുമ്പോൾ പലപ്പോഴും അമ്മ ഉറങ്ങിയിരുന്നത് അർദ്ധ വയറോടെയായിരുന്നൂ. എന്നിട്ടും അമ്മ എന്നെ പഠിപ്പിച്ചു.  

മാനം വിറ്റു ജീവിക്കുന്നതിനേക്കാൾ നല്ലത് മരണം ആണെന്ന് അമ്മ തീരുമാനിച്ചിരുന്നൂ. പക്ഷേ, എനിക്കായി അമ്മ വിധിയോട് പൊരുതി. കിട്ടിയ പണികളൊക്കെ ചെയ്തു അമ്മയും ഞാനും മുന്നോട്ടു പോയി. പഠനം തുടർന്നത് അങ്ങനെ ആയിരുന്നൂ. 

പിന്നീട് വിദേശത്തേക്ക് പോകുമ്പോഴും മനസ്സിൽ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. പണം ഉണ്ടാക്കുക. ആവശ്യത്തിന് പണം ഉണ്ടാക്കി. ഒരു ചെറിയ ബിസിനസ് സാമ്രാജ്യം തന്നെ ഉണ്ടാക്കി. അപ്പോഴും മനസ്സിൽ ആ നാടായിരുന്നൂ. 

ആരുടെയൊക്കെയോ അടുക്കളയിൽ അമ്മ വിയർത്തുരുകുമ്പോൾ ഞാൻ കണ്ണീരോടെ പഠിച്ചു. പഠിക്കുവാനുള്ള ചാലക ശക്തി അമ്മയുടെ കണ്ണീരായിരുന്നൂ. ഇന്നിപ്പോൾ എനിക്ക് എല്ലാം ഉണ്ട്. പക്ഷേ ആ സ്ഥലം അതെനിക്ക് വേണം. അവിടെ ഒരു വലിയ വീട് ഞാൻ വയ്ക്കും. അതിൻ്റെ പടിവാതിലിൽ അമ്മയുടെ പേരുണ്ടാകും.

തല കുനിച്ചു ആ നാട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ മനസ്സിൽ കുറിച്ചിട്ടതാണ് അത്. മോനെ കളക്ടർ ആക്കിയില്ലെങ്കിലും നാട്ടിലെ പല ആളുകളും ജോലി തേടി ഇപ്പോൾ വരുന്നത് എൻ്റെ അടുത്താണ്. അതാണ് എൻ്റെ പ്രതികാരം. 

.........................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA