സൗഹൃദ൦ SOUHRDHAM
അദ്ധ്യാപനം എന്നും ഞാൻ ഇഷ്ടപെടുന്ന ജോലിയാണ്. ജോലിത്തിരക്കിനിടയിൽ ചിലപ്പോഴൊക്കെ 'WhatsApp' നോക്കുവാൻ മറക്കും. ഒരു ക്ലാസ് കഴിഞ്ഞു അടുത്ത ക്ലാസ്, പിന്നെ ആ കുട്ടികളുമായുള്ള വർത്തമാനങ്ങൾ. പഠിപ്പിച്ചു തുടങ്ങിയാൽ സമയം പോകുന്നതറിയില്ല. ക്ലാസ് കഴിഞ്ഞു ഇറങ്ങുമ്പോഴായിരിക്കും പുറകിൽ നിന്നുള്ള വിളി.
'Miss'
ആ വിളി കേൾക്കുമ്പോഴേ അറിയാം ക്ലാസ്സിൽ കയറാതെ മുങ്ങിയിട്ടു സോപ്പിടുവാനുള്ള വരവാണെന്നു. പക്ഷേ ആ കുട്ടികളുടെ കണ്ണുകളിലെ നിഷ്കളങ്കത കാണുമ്പോൾ ഒന്നും പറയുവാനും തോന്നില്ല. നമ്മളും ആ കാലഘട്ടം കഴിഞ്ഞു തന്നെയാണല്ലോ ഇവിടം വരെ എത്തിയത്.
എന്തൊക്കെ തട്ടിപ്പു കാണിക്കുവാൻ നോക്കിയാലും അതെല്ലാം അദ്ധ്യാപകർക്ക് മനസ്സിലാകും. കുട്ടികളുടെ കുസൃതികൾ കാണുമ്പോൾ ചിരി വരും ചിലപ്പോഴൊക്കെ. കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയെ പോലെയാണ് ചിലർ. ആരും ഒന്നും കാണില്ല എന്ന് വിചാരിക്കുന്നവർ. പക്ഷേ ക്ലാസ്സിൽ ഏറ്റവും കൂടുതൽ ഞാൻ ശ്രദ്ധിക്കുന്നത് ആ കൂട്ടുകെട്ടാണ്. എപ്പോഴും ഒന്നിച്ചിരിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരു സംഘം എല്ലാ ക്ലാസ്സിലും കാണും. അപ്പോഴൊക്കെ ഞാൻ അവളെ ഓർക്കും.
'Friendship' എന്ന വാക്കിന് ഒത്തിരി അർത്ഥം ഉണ്ടെന്നു ആദ്യമായി തോന്നിയത് അവളെ കണ്ടപ്പോഴാണ്. ഒരു ദിവസ്സം പെട്ടെന്ന് ആരോടും പറയാതെ എൻ്റെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമായവൾ. അവളെ ഓർക്കാത്ത ഒരു ദിവസ്സം പോലും പിന്നീട് ജീവിതത്തിൽ ഉണ്ടായിട്ടില്ല.
ഇന്നാദ്യമായി 'WhatsApp' നോക്കുവാൻ വൈകിയതിൽ മനസ്സു വേദനിച്ചു. അതിൽ കണ്ട ഒരു voice message. അത് സത്യത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു.
"ഹേ Girl, ദിസ് ഈസ് ആബിദ, നീ എന്നെ ഓർക്കുന്നുണ്ടോ എന്നറിയില്ല."
ഇരുപത്തിമൂന്നു വർഷങ്ങൾക്കു ശേഷം ചങ്കു അയക്കുന്ന message. അത് പക്ഷേ ഞാൻ കാണുന്നത് രാത്രിയിലും. അറിയാതെ ഒരു തുള്ളി കണ്ണിൽ നിന്നും ഇറ്റുവീണു.
പ്രീ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ എന്നോട് ഒരു വാക്ക് പോലും പറയാതെ അവൾ പോയി. പിന്നീട് അവളെ ഞാൻ ഒത്തിരി അന്വേഷിച്ചു. എത്രയോ പേരോട് അവളെ പറ്റി ചോദിച്ചു.
എഴുതിയ കഥകളിൽ ഒന്ന് അവൾക്കു മാത്രം വേണ്ടി ഉള്ളതായിരുന്നൂ. ആ കഥ വായിച്ചിട്ടു എങ്കിലും അവൾ എന്നെ തേടി messenger ൽ എത്തും എന്ന് എനിക്ക് ഉറപ്പായിരുന്നൂ. എന്നിട്ടും അവൾ വന്നില്ല. അവളെ പറ്റിയാണോ ആ കഥ എന്ന് ചോദിച്ചു എൻ്റെ പല കൂട്ടുകാരും പക്ഷേ messenger ഇൽ വന്നൂ.
എന്നിട്ടും അവൾ വന്നില്ല.
പഠനം കഴിഞ്ഞു ജോലി കിട്ടി. ഒത്തിരി കൂട്ടുകാർ എനിക്കുണ്ട് . എങ്കിലും ജീവിതത്തിലെ ഓരോ സന്തോഷങ്ങളും വരുമ്പോൾ ആദ്യം അറിയിക്കുവാൻ എനിക്ക് രണ്ടു കൂട്ടുകാർ ഉണ്ട്. ഒന്ന് നവ്യ, പിന്നെ ആബിദ. നവ്യ അന്നും ഇന്നും എന്നും ഒരു നിഴലായി കൂടെയുണ്ട്.
ആബിദ അവൾ എവിടെ പോയി എന്ന് എനിക്ക് അറിയില്ലായിരുന്നൂ.
അവളാണ് ഇപ്പോൾ WhatsApp' ൽ വന്നു പരിചയപ്പെടുത്തുന്നത്. പിന്നെ ഒന്നും നോക്കിയില്ല. ഫോൺ എടുത്തു. ഒത്തിരി സംസാരിച്ചു. എന്തും തുറന്നു പറയുവാൻ സ്വാതന്ത്ര്യം ഉള്ള ചങ്ക്. അവൾ എവിടെയായിരുന്നൂ ഇത്ര നാൾ എന്ന് ഞാൻ ചോദിച്ചൂ.
അവൾക്കും ഒത്തിരി പറയുവാൻ ഉണ്ടായിരുന്നൂ. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാൻ അവളോട് ഒന്നേ ചോദിച്ചൂള്ളൂ.
"ഫേസ്ബുക്കിൽ ഇത്രയും active ആയ എന്നെ നീ എന്തേ കണ്ടു പിടിച്ചില്ല എൻ്റെ കുട്ടീ. എൻ്റെ ജീവിതത്തിലെ ഓരോ നല്ല നിമിഷങ്ങളിലും നീ എൻ്റെ കൂടെ വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നൂ. എന്നിട്ടും നീ എന്നെ മറന്നുപോയോ.."
അതിനുള്ള അവളുടെ മറുപടി എൻ്റെ കണ്ണ് നിറയിച്ചു.
ജീവിതം കരുപിടിപ്പിക്കുവാൻ രണ്ടു കുട്ടികളെ വളർത്തുവാൻ നെട്ടോട്ടം ഓടുകയായിരുന്നൂ. അതിനിടയിൽ social media അവൾ മറന്നു. കുട്ടികൾ വളർന്നപ്പോൾ ആണ് ഒന്ന് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയതു. എന്നെ അവൾ 'സുജ അഗസ്റ്റിൻ' എന്ന പേരിൽ എന്നെ തിരഞ്ഞു. ഞാൻ പക്ഷേ സുജ അനൂപ് ആയിരുന്നല്ലോ.
ഒടുക്കം ഇൻസ്റ്റാഗ്രാമിൽ എന്നെ കണ്ടെത്തി എനിക്ക് മെസ്സേജ് അയച്ചു കാത്തിരുന്നൂ. രണ്ടു ദിവസ്സം ആയിട്ടും മറുപടി വരാതിരുന്നപ്പോൾ അവൾ കരഞ്ഞത്രേ. അത് അവളുടെ മകളാണ് പറഞ്ഞത്.
കാരണം
'ഞാൻ അവളെ മറന്നു പോയിക്കാണും പോലും"
അവളോട് എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ. ഈ ജന്മം അവളെ ഞാൻ മറക്കുമോ. പള്ളിക്കൂടത്തിൽ എൻ്റെ ചങ്ക് ആയിരുന്ന തട്ടമിട്ട ആ കൊച്ചു സുന്ദരി. ഒത്തിരി ദുഃഖം കണ്ണിൽ ഒളിപ്പിച്ചു ചിരിച്ചു കളിച്ചു നടന്നിരുന്ന എൻ്റെ പ്രീയ കൂട്ടുകാരി.
ജീവിതം ചിലപ്പോഴൊക്കെ അങ്ങനെ ആണ്. നഷ്ടമായി എന്ന് നമ്മൾ കരുതുന്ന പലതും നമ്മിലേക്ക് ഒരു നിധി പോലെ തിരിച്ചെത്തും. അമൂല്യമായ ഒന്നാണ് സൗഹൃദ൦. എന്നും അത് പവിത്രതയോടെ കാത്തു സൂക്ഷിക്കുവാൻ ഈശ്വരൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ... അനുവദിക്കട്ടെ.
....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ