MADHURIKKUM ORMMAKAL മധുരിക്കും ഓർമ്മകൾ
വേനൽ അവധിക്കാലം ഇങ്ങടുക്കാറായി. ഇപ്പോഴത്തെ കുട്ടികൾക്ക് അതൊക്കെ പറഞ്ഞാൽ മനസ്സിലാകുമോ. അവർക്കു ഒരു മൊബൈൽ പോരെ. നമുക്കോ അതൊക്കെ ഒരു ഉത്സവം പോലെ കൊണ്ടാടിയിരുന്ന കുറച്ചു ദിവസ്സങ്ങൾ ആയിരുന്നില്ലേ. ഒരിക്കലും തിരിച്ചു വരാത്ത കുട്ടിക്കാലം. ചിലപ്പോഴൊക്കെ തോന്നും ആ കാലം മതിയായിരുന്നൂ എന്ന്.
അന്നൊക്കെ അമ്മ പറയുമായിരുന്നൂ, "ഈ കാലം ഒരിക്കലും ഇനി തിരിച്ചു വരില്ല കുട്ടി. ഇതിൻ്റെ മാധുര്യം ഒരിക്കൽ നിങ്ങൾ ഓർമ്മിക്കുക വേറെ ഏതെങ്കിലും നാട്ടിൽ ഇരുന്നായിരിക്കും." സത്യമല്ലേ... ഈ ബാംഗ്ലൂർ നഗരത്തിൽ ഇരുന്നു ഞാൻ ഇപ്പോൾ ഓർമ്മകൾ അയവിറക്കുന്നൂ.
അവധിക്കാലം വന്നാൽ ഞാനും ആങ്ങളമാരും കൂടെ എല്ലാം കെട്ടിപ്പെറുക്കി ഒരു പോക്കാണ് അമ്മ വീട്ടിലേക്കു. അമ്മയുടെ മൂത്ത ആങ്ങളയുടെ (ആൻ്റണി - ഒന്നാമൻ ) മക്കളും അപ്പോൾ അവിടേക്കു വരും. ഞങ്ങൾ അഞ്ചുപേർ ഉണ്ടാകും അവിടെ അരൂട്ടൻ, രീഗ, സിനോജ്, ജോസ് പിന്നെ ഞാൻ.
അമ്മ വീട്ടിലെ നടുക്കത്തെ മുറിയിൽ എല്ലാവരും കൂടെ പായിട്ടു ആണ് അന്ന് കിടപ്പൊക്കെ. ആദ്യം ഒരു കയറ്റുപായ വിരിക്കും, അതിൻ്റെ മുകളിൽ തഴപ്പായ. എല്ലവർക്കും വേണ്ട തലയിണകൾ അപ്പൂപ്പൻ ഉണ്ടാക്കി വച്ചിട്ടുണ്ട്, വീട്ടിലെ പഞ്ഞിമരത്തിൽ നിന്നുo പഞ്ഞി എടുത്തിട്ട്.
എല്ലാവരും കൂടെയുള്ള വൈകുന്നേരത്തെ കുളത്തിലെ ആ മുങ്ങി കുളി. അതെങ്ങനെ ഞാൻ മറക്കും. കൊച്ചാപ്പൻ്റെ വീട്ടിലാണ് കുളം. ആദ്യം പെൺകുട്ടികൾ ഒരുമിച്ചു വെള്ളത്തിൽ ചാടും. പിന്നെ ആൺകുട്ടികൾ. ആരും മുങ്ങി പോകുന്നില്ല എന്ന് ഇടയ്ക്കിടയ്ക്ക് കൊച്ചാമ്മ വന്നു നോക്കി ഉറപ്പിക്കും.
സ്ഥിരമായി ചെയ്യുന്ന കുറെ കാര്യങ്ങൾ ഉണ്ട്. മുറ്റത്തെ ആഞ്ഞിലി ചക്ക പറിച്ചു വൈക്കോൽ കൂനയിൽ പഴുപ്പിക്കുവാൻ വയ്ക്കുന്നത് ആണ് അതിലൊന്ന്. എന്നും രാവിലെ എഴുന്നേറ്റു ഓടിചെന്ന് അത് എടുത്തു പഴുത്തോ എന്ന് നോക്കും. മുറ്റത്തു വീണു കിടക്കുന്ന ആഞ്ഞിലിക്കുരു പെറുക്കി വറുത്തു തരുന്നത് അപ്പൂപ്പൻ ആണ്. ഇന്നിപ്പോൾ അപ്പൂപ്പൻ ഇല്ല. ആ ആഞ്ഞിലി മരവും ഇല്ല.
കൊച്ചാമ്മയുടെ പറമ്പിലെ കുളത്തിൽ നിന്നും ആമ്പലുകൾ പറിക്കുന്നത് ആണ് മറ്റൊന്ന്. കുളത്തിനു നല്ല ആഴമുണ്ട്. "വെള്ളത്തിൽ മുങ്ങി ചാകും, ആമ്പൽ പറിക്കരുത്" എന്ന് മേരി കൊച്ചാമ്മ പറയും.
തിരക്കുള്ള റോഡ് മുറിച്ചു കടന്നിട്ടു വേണം ഈ രണ്ടാമത്തെ കുളത്തിൽ എത്തുവാൻ. തന്ത്രപരമായി അതൊക്കെ എൻ്റെ മൂത്ത കൈകാര്യം ആങ്ങള ചെയ്യും. അന്നൊക്കെ തെറുപ്പിൻ്റെ കാര്യത്തിൽ അവനെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ. കൊച്ചാമ്മ എന്തായാലും അപ്പൂപ്പനോട് ഞങ്ങൾ ചെയ്തതു പറഞ്ഞു കൊടുക്കും. അതൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. അപ്പോൾ അപ്പൂപ്പൻ ഭീഷണിപ്പെടുത്തും.
"മര്യാദയ്ക്ക് നിന്നില്ലെങ്കിൽ നാളെ തന്നെ എല്ലാത്തിനെയും ഇവിടുന്നു കെട്ടു കെട്ടിക്കു൦."
പിന്നേ, ഇതു എല്ലാ ദിവസ്സവും കേക്കുന്ന ഡയലോഗ് ആണല്ലോ, ഇതു കേട്ട് ഞങ്ങൾ നന്നാകുമെന്നു ആരും തെറ്റുദ്ധരിക്കേണ്ട.
ഞങ്ങൾ ഒപ്പിക്കുന്ന എല്ലാ കുണ്ടാമണ്ടിത്തരങ്ങൾക്കും ചീത്ത കേൾക്കുവാൻ വിധിക്കപ്പെട്ടിട്ടുള്ള രണ്ടു ഹതഭാഗ്യവാൻമ്മാർ അമ്മവീട്ടിൽ ഉണ്ട്. അമ്മയുടെ ഇളയ ആങ്ങളമാരായ ബെൻറ്റൊ അച്ഛയും (നാലാമൻ) സിൽവി അച്ഛയും (അഞ്ചാമൻ). അവർ രണ്ടുപേരും കൂടെയാണ് ഞങ്ങളെ നോക്കേണ്ടത്. അവർ പറഞ്ഞാൽ ഞങ്ങൾ എന്തായാലും കേൾക്കില്ല. അതുകൊണ്ടു തന്നെ അപ്പൂപ്പൻ്റെ കൈയ്യിൽ നിന്നും അവർക്കു നല്ല വഴക്കു കേക്കും. അവർ രണ്ടും അന്ന് കോളേജിൽ പഠിക്കുകയാണ് കേട്ടോ.
തോട്ടിലെ മീനെ തപ്പി പിടിക്കുന്നതു ഞങ്ങളുടെ ഒരു സ്ഥിരം കലാപരിപാടിയാണ്. ഈ കലാപരിപാടി ഞങ്ങൾ തുടങ്ങുമ്പോഴേക്കും കൊച്ചാമ്മ പറഞ്ഞു അറിഞ്ഞു ബെൻറ്റൊ അച്ഛയോ സിൽവി അച്ഛയോ വടിയുമായി എത്തും. തോട്ടിൽ നല്ല ഒഴുക്കുണ്ടേ. ആരെങ്കിലും ഒഴുക്കിൽ പെട്ട് മുങ്ങി ചത്താൽ എന്ത് ചെയ്യും. അതൊക്കെ ഞങ്ങൾ അറിയേണ്ടതുണ്ടോ.
അങ്ങനെ ഞങ്ങളുടെ ഈ ശല്യം കാരണം പോറുതി മുട്ടിയിട്ടാണ് അമ്മയുടെ രണ്ടാമത്തെ ആങ്ങള കാരം ബോർഡ് വാങ്ങി വച്ചതു. ഇത്തിരി നേരമെങ്കിലും അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കുമല്ലോ. അല്ലെങ്കിൽ രാവിലെ തന്നെ ചായ കുടിച്ചു പറമ്പിലേക്ക് ഒരു ഇറക്കമാണ്. സകല മരങ്ങളുടെ മേലും പിടച്ചു കയറും. കാരം ബോർഡ് കളിക്കുവാൻ പഠിപ്പിച്ചത് സാജു അങ്കിൾ (മൂന്നാമൻ) ആണ്.
എല്ലാം നല്ല ഓർമ്മകൾ ആണ്. ഒത്തിരി ഓർമ്മകൾ ഉണ്ട്. ഇനി ഒരിക്കൽ ബാക്കി എഴുതാം..
...........................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ