ഒരു ഓർമ്മ പുതുക്കൽ ORU ORMMA PUTHUKKAL
നാട്ടിൽ നിന്നും ബാംഗ്ലൂർ നഗരത്തിലെ തിരക്കുകളിലേക്ക് കുടിയേറിയപ്പോൾ നഷ്ടമായ ഒത്തിരി കാര്യങ്ങൾ ഉണ്ട്. അതിലൊന്നാണ് അപ്പച്ചനും അമ്മച്ചിയും ആങ്ങളമാരും ഒപ്പമുള്ള പള്ളി തിരുന്നാൾ യാത്രകൾ. അവർക്കൊപ്പം പോവാത്ത തിരുന്നാളുകൾ ഇല്ല എന്ന് തന്നെ പറയാം. കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ ഓർമ്മകൾ.
അന്നൊക്കെ തിരുന്നാൾ സീസൺ തുടങ്ങിയാൽ പള്ളിക്കൂടത്തിൽ പോയിരുന്നാലും മനസ്സിൽ നിറയെ ആ തിരുന്നാളിനെ ചുറ്റിപ്പറ്റിയുള്ള ചിന്തകൾ ആയിരിക്കും. കൈ നിറയെ വാങ്ങി ഇടുവാൻ പോകുന്ന ചുവന്ന കുപ്പിവളകളും കരിവളകളും. പിന്നെ എൻ്റെ സ്വകാര്യ അഹങ്കാരമായ കുഞ്ചലവും ആപ്പിൾ ബലൂണുകളും. പട്ടുപാവാടയും ഇട്ടു തലയിൽ മുല്ലമാലയും വച്ച് കുഞ്ചലവും കെട്ടി പോകുവാൻ എനിക്ക് അന്ന് ഒത്തിരി ഇഷ്ടം ആയിരുന്നൂ. ആ സുജ ഇന്നില്ല കേട്ടോ. തലയിൽ ഉള്ള ഇത്തിരി മുടിയിൽ കുഞ്ചല൦ ഇരിക്കില്ല.
എന്തൊരു ചന്തമായിരുന്നൂ അന്നത്തെ തിരുന്നാളുകൾക്ക്. കഴുത്തിൽ twisting ബലൂൺ ചുറ്റി നടക്കുന്ന കുറേ പയ്യൻമ്മാരെ കാണാം. അവൻമ്മാരുടെ നടപ്പു കണ്ടാൽ തോന്നും ഈ ലോകം കീഴടക്കിയിട്ടുള്ള വരവാണെന്നു. അപ്പോൾ കുറച്ചു അസൂയ തോന്നും. കാരണം ആ ബലൂൺ അങ്ങനെ കഴുത്തിൽ ചുറ്റി പെൺകുട്ടികൾ അങ്ങനെ നടക്കാറില്ലല്ലോ. ആ ബലൂൺ വച്ച് ഒരു മജീഷ്യനെ പോലെ അത്ഭുതങ്ങൾ വിരിയിക്കുന്ന ബലൂൺ കടക്കാരൻ. ആ കരവിരുത് നോക്കി അങ്ങനെ നിന്ന് പോയിട്ടുണ്ട്.
വെടിക്കെട്ടിനിടയിൽ താഴെ വീണ കത്തി തീരാത്ത എന്തോ ഒന്ന് കൈയ്യിൽ എടുത്തതും കൈ പൊള്ളിയിട്ടും പേടിച്ചിട്ടു ആരെയും അറിയിക്കാതെ ഒളിച്ചു വച്ച് മനസ്സിൽ കരഞ്ഞതും ഇന്നും ഓർമ്മയിൽ ഉണ്ട്. അതൊരു നീറുന്ന ഓർമ്മയായി ഇന്നും മനസ്സിൻ്റെ ഒരു കോണിൽ കിടപ്പുണ്ട്.
ചേട്ടത്തിമാർ കുട്ടയിൽ കൊണ്ടുവന്നു വിൽക്കുന്ന കപ്പപ്പൊടി കൊണ്ടുള്ള മുറുക്കുകളുടെ രുചി ഇന്നും മായാതെ നാവിൻ തുമ്പിലുണ്ട്. വെള്ള ചട്ടയും മുണ്ടും ഉടുത്തു അങ്ങനെ നിറയെ മുറുക്കുകളുമായി അവർ അങ്ങനെ ഇരിക്കുന്നത് കാണുവാൻ തന്നെ എന്ത് ഭംഗിയായിരുന്നൂ. എത്ര കടകൾ ഉണ്ടെങ്കിലും അപ്പച്ചൻ അവരുടെ കൈയ്യിൽ നിന്നും മാത്രമേ മുറുക്ക് വാങ്ങി തരുമായിരുന്നുള്ളൂ. അപ്പച്ചൻ്റെ കണ്ണ് വെട്ടിച്ചു അമ്മച്ചിയെ സോപ്പിട്ടു വാങ്ങുന്ന കളർ മിഠായികൾ. ആ പലഹാരങ്ങളുടെ രുചിയൊന്നും ഇന്ന് പ്ലാസ്റ്റിക് കവറിൽ കിട്ടുന്ന പലഹാരങ്ങൾക്കില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ ചേട്ടത്തിമാരൊക്കെ ഇപ്പോൾ എവിടെയാണോ എന്തോ.
പക്ഷേ, എൻ്റെ മനസ്സിൽ ഏറ്റവും കൂടുതൽ ഇടം നേടിയത് ആപ്പിൾ ബലൂണുകൾ ആണ്. പല നിറത്തിൽ അവ ഉണ്ടെങ്കിലും എനിക്ക് വേണ്ടത് ചുവന്ന ആപ്പിൾ ബലൂൺ ആയിരുന്നൂ. ആദ്യമൊക്കെ അമ്പതു പൈസയ്ക്ക് കിട്ടിയിരുന്ന ആപ്പിൾ ബലൂണുകൾ പിന്നീട് ഒരു രൂപയിൽ നിന്നും അഞ്ചു രൂപയാകുന്നത് ഞാൻ അറിഞ്ഞു. അതോടെ രണ്ടു ദിവസ്സം കൊണ്ട് പൊട്ടുന്ന ബലൂണുകൾ വാങ്ങാതെയായി.
പുണ്യാളൻ്റെ രൂപം പ്രദക്ഷിണത്തിനു പോകുമ്പോൾ കൈ വേദനിച്ചു ചുവന്നാലും ഞാൻ ഒരു പച്ച നിറത്തിലുള്ള അലങ്കാരക്കുട എടുക്കും. ആ പ്രദക്ഷിണം കഴിഞ്ഞു തിരിച്ചു രൂപം പള്ളിയിൽ കയറുമ്പോൾ ചുവന്നിരിക്കുന്ന കൈകളിലേക്ക് നോക്കി ഞാൻ പുണ്യാളനെ ഒന്ന് വിളിക്കും. മനസ്സിലെ ഒരാഗ്രഹം പുണ്യാളൻ സാധിച്ചു തരും ആ സമയത്തു എന്നുള്ളത് കൊച്ചിലേ മനസ്സിൽ പതിഞ്ഞു പോയതാണ്. അതിനു ഇന്നും ഒരു മാറ്റവുമില്ല. അത് അങ്ങനെ തന്നെ എൻ്റെ മകനിലേക്കും പകർന്നു കൊടുത്തിട്ടുണ്ട്.
ഇന്നും നാട്ടിൽ നിന്നും ആരെങ്കിലുമൊക്കെ പെരുന്നാളിൻ്റെ വീഡിയോസ് അയച്ചു തരുമ്പോൾ മനസ്സിൽ ആ പഴയ പത്തുവയസ്സുകാരി പുനർജ്ജനിക്കും.
എന്ന് സുജ അനൂപ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ