SWAPNANGHAL സ്വപ്നങ്ങൾ
സ്വപ്നങ്ങൾ എത്ര അർത്ഥവത്തായ വാക്കാണ് അത്. എല്ലാവരും ഈ ഭൂമിയിൽ ജീവിക്കുന്നത് തന്നെ നാളെയെക്കുറിച്ചുള്ള കുറച്ചു സ്വപ്നങ്ങൾ ഉള്ളതുകൊണ്ടല്ലേ. ചില സ്വപ്നങ്ങൾ ഒരു കൈ അകലത്തിൽ നഷ്ടപ്പെടും. അതിൻ്റെ വേദന എത്ര വലുതായിരിക്കും. അത് അനുഭവിച്ചവർക്കു മനസ്സിലാകും.
എന്ത് വില കൊടുത്തും സ്വപ്നങ്ങളെ നേടണം എന്ന് എന്നെ ആദ്യം പഠിപ്പിച്ചത് ആരാണ്. എൻ്റെ മാതാപിതാക്കൾ ആണ്. പണ്ടേ ഞാൻ ഒരു വാശിക്കാരി ആയിരുന്നൂ. എളുപ്പം പരാജയപ്പെടുവാൻ ഞാൻ ഒരിക്കലും ഒരുക്കമായിരുന്നില്ല. അതുകൊണ്ടാവും സ്കൂളിലും കോളേജിലും എല്ലാം ഞാൻ പഠനത്തിലും പഠ്യേതര വിഷയങ്ങളിലും മുന്നിൽ തന്നെ ആയിരുന്നൂ.
ഒരു കാര്യത്തിൽ എനിക്ക് സന്തോഷമേയുളളൂ, ഞാൻ എൺപതുകളിലെ കുട്ടിയാണ്. എൻ്റെ സ്വപ്നങ്ങൾക്ക് ആരും കടിഞ്ഞാണിട്ടില്ല. വാരാന്ത്യങ്ങളിൽ ഞാൻ കൂട്ടുകാരുമൊത്തു ഒത്തിരി കളിച്ചു നടന്നു. എൻ്റെ മാതാപിതാക്കൾ അവരുടെ സ്വപ്നങ്ങൾ എന്നിൽ ഒരിക്കലും അടിച്ചേൽപ്പിച്ചില്ല. പരീക്ഷയെ പേടിച്ചു ഞാൻ ഒരിക്കലൂം ജീവിച്ചിട്ടില്ല. പരീക്ഷാഹാളിൽ ഞാൻ പനി പിടിച്ചു തളർന്നു വീണിട്ടില്ല.
എൻ്റെ ബാല്യകാലം നിറയെ ഈ ഒരു ജന്മം മുഴുവൻ ഓർമ്മിക്കാനുള്ള ഒത്തിരി കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്.
പക്ഷേ ഇന്നത്തെ തലമുറയെ ഓർക്കുമ്പോൾ എനിക്ക് സഹതാപമാണ്. ആറാം ക്ലാസ്സു മുതൽ ആരൊക്കെയോ ആകുവാൻ വേണ്ടി ഏതോ കോച്ചിങ് സ്ഥാപനത്തിൽ ജന്മം പാഴാക്കുന്നവർ ആണ് കൂടുതലും.
സ്വന്തം സ്വപ്നം എന്താണെന്നു തിരിച്ചറിയുന്നതിനു മുൻപേ മാതാപിതാക്കളുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിതം ഹോമിക്കേണ്ടി വരുന്നവർ. എല്ലാവരും അല്ല കേട്ടോ. എന്നാലും ഭൂരിഭാഗത്തിൻ്റെയും അവസ്ഥ ഇതു തന്നെയാണ്. ബാല്യം അത് നിറമനസ്സോടെ അനുഭവിക്കുവാൻ ഭാഗ്യം ഇല്ലാത്തവർ ആണ് ഈ കാലഘട്ടത്തിൽ കൂടുതലും. കൗമാരത്തിൽ എത്തുമ്പോഴോ കൗമാരക്കാരുടെ സ്വപ്നങ്ങളെ പോലും അവർക്കു പേടിയാണ്.
എൻ്റെ അദ്ധ്യാപക ജീവിതത്തിനിടയിൽ കുറച്ചു പേർക്കെങ്കിലും അവരുടെ സ്വപ്ങ്ങളെ കണ്ടെത്തുവാൻ സഹായിച്ചത് വലിയ കാര്യമായി ഞാൻ ഇന്നും കരുതുന്നൂ.
സ്വന്തം ചേച്ചി ഡോക്ടർ ആയതുകൊണ്ട് സയൻസ് ഗ്രൂപ്പ് ഇഷ്ടമല്ലെങ്കിലും അത് എടുത്തു പഠിക്കുവാൻ വിധിക്കപ്പെട്ട ഒരു കുട്ടിയെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ബയോളജി പരീക്ഷയിൽ ഒറ്റ ഡിജിറ്റു മാർക്കുമായി എൻ്റെ മുന്നിൽ തലകുനിച്ചു നിന്ന അവനെ ഞാൻ വഴക്കു പറഞ്ഞില്ല. അന്ന് അവൻ NEET integrated ബാച്ചിലെ കുട്ടിയാണ്. അവനു ഞാൻ അവനെ സ്വയം തിരിച്ചറിയുവാൻ കുറച്ചു സമയം കൊടുത്തു. സ്വയം തിരിച്ചറിഞ്ഞു കോമേഴ്‌സ് ഗ്രൂപ്പിലേക്കു അവൻ മാറി. വീണ്ടും അവൻ പ്ലസ് വണ്ണിന് ചേർന്നു. അന്ന് അവനു നഷ്ടമായത് ഒരു വർഷമാണ്. അവൻ്റെ മാതാപിതാക്കളെ അവൻ്റെ പ്രശ്നം പറഞ്ഞു മനസ്സിലാക്കുവാൻ എനിക്ക് പക്ഷേ ഒരുപാടു ബുദ്ധിമുട്ടേണ്ടി വന്നു. പഠനത്തിൽ പിന്നിൽ ആയിരുന്ന അവൻ പിന്നീട് പഠിച്ചു എംബിഎ വരെ എത്തിയപ്പോഴും നല്ലൊരു കമ്പനിയിൽ അവനു ജോലി കിട്ടിയപ്പോഴും മാത്രമാണ് അവൻ്റെ മാതാപിതാക്കൾ അവരുടെ തെറ്റ് മനസ്സിലാക്കിയത്.
അദ്ധ്യാപികയായ ഞാൻ ഒരു കുട്ടിയെ സിലബസ് മാത്രമാണോ പഠിപ്പിക്കേണ്ടത്. അവരെ മനസ്സിലാക്കുവാനും നയിക്കുവാനും അവരുടെ സ്വപ്നങ്ങളിലേക്ക് അവരെ കൈപിടിച്ച് ഉയർത്തുവാനും അല്ലെ സഹായിക്കേണ്ടത്. ഇഷ്ടപെട്ട ജീവിതാന്തസ്സു അത് ഏതായാലും തെരഞ്ഞെടുക്കുവാൻ എല്ലാവർക്കും അവകാശം ഉണ്ട്. ഒരു കുഞ്ഞിൻ്റെയും സ്വപ്നങ്ങൾ നമ്മൾ പിഴുതെറിയരുത്. അവർ അവർക്കു വേണ്ടി ജീവിക്കട്ടെ. അവരുടെ കുട്ടിക്കാലം എല്ലാ മാധുര്യത്തോടെയും അവർ ആസ്വദിക്കട്ടെ.
പരീക്ഷാക്കാലം ആണ് വരുന്നത്. കുറച്ചു മാർക്ക് കുറഞ്ഞു പോയാൽ ജീവിതം അവിടെയൊന്നും അവസാനിക്കുന്നില്ല. പറ്റുമെങ്കിൽ കുട്ടികളെ മനസ്സിലാക്കി അവരെ സഹായിക്കൂ. അവർ നമുക്ക് വേണ്ടി പഠിക്കേണ്ട, അവർ അവരുടെ സ്വപ്നങ്ങൾ നേടുവാൻ വേണ്ടി പഠിക്കട്ടെ.
... സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ