JEEVAN ജീവൻ

എല്ലാവർക്കും അറിയാം "ജീവൻ" എന്ന വാക്കിൻ്റെ അർത്ഥം. പക്ഷേ, നിങ്ങളിൽ എത്ര പേർക്കറിയാം അതിൻ്റെ വില. എന്തിനും ഏതിനും ആത്മഹത്യ ചെയ്യും എന്ന് ചിന്തിക്കുന്ന ഒരു തലമുറയാണ് എനിക്ക് ചുറ്റിലും ഉള്ളത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 

ഈ അടുത്ത ദിവസ്സങ്ങളിൽ സോഷ്യൽ മീഡിയകളിലൂടെ കേട്ട ഒരു വാർത്ത. അതെനിക്ക് ഒത്തിരി ദുഃഖം ഉണ്ടാക്കി. അതുകൊണ്ടാണ്  ആണ് ഞാൻ ഇന്ന്  ജീവൻ എന്ന വിഷയത്തേക്കുറിച്ചു എഴുതാം എന്ന് കരുതിയത്. 

ആ വാർത്ത ഇതായിരുന്നൂ "ഐഐടിയിൽ നിന്നും BTech കഴിഞ്ഞു ഐഐഎംൽ നിന്നും MBA എടുത്ത ഒരു ചെറുപ്പക്കാരൻ ജോലി സ്ഥലത്തെ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്തു."

 എന്താണ് നമ്മുടെ ചെറുപ്പക്കാർക്ക് പറ്റിയത് എന്നെനിക്കറിയില്ല. എല്ലാവരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ട്. സത്യത്തിൽ ഓരോ പ്രശ്നങ്ങൾക്കും ഉള്ള ഉത്തരം കണ്ടെത്തൽ അല്ലെ നമ്മുടെ ഓരോ ദിവസ്സവും. പക്ഷേ, പ്രശ്നങ്ങളെ എങ്ങനെ നേരിടണം എന്നറിയാതെ കുഴങ്ങുന്ന ഒരു തലമുറയെ ആണ് ഇന്നത്തെ വിദ്യാഭ്യാസ രീതിയിൽ നമ്മൾ വളർത്തി കൊണ്ട് വരുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. 

പലരും എന്നോട് ചോദിക്കാറുള്ള ഒരു കാര്യമാണ് 'നീ എന്താണ് എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്നത് എന്ന്. നിനക്ക് ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലേ എന്ന്. അതിനുള്ള എൻ്റെ മറുപടി ഇതാണ്?. എനിക്കും ഒത്തിരി പ്രശ്നങ്ങൾ ഉണ്ട്. എന്നിലെ നന്മയെ തിരിച്ചറിയാതെ എൻ്റെ കുറ്റങ്ങൾ കണ്ടെത്തുവാൻ മാത്രം ശ്രമിക്കുന്നവർ എനിക്ക് ചുറ്റിലും ഉണ്ട്. പക്ഷേ, അതൊന്നും എന്നെ ബാധിക്കാതെ ഞാൻ നോക്കാറുണ്ട്. അതിനുള്ള കാരണം ആണ് ഞാൻ ഇവിടെ എഴുതുന്നത്. എന്നെ ജീവൻ്റെ വില പഠിപ്പിച്ചത് അവൾ ആയിരുന്നൂ. അവളുടെ പേര് ഒരിക്കലും ഞാൻ പറയില്ല. 

എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നൂ. നന്നായി പഠിക്കുന്ന, പഠ്യേതര വിഷയങ്ങളിൽ എല്ലാം മുന്നിൽ നിൽക്കുന്ന ഒരു കുട്ടി. അവളെ എല്ലാവർക്കും ഒത്തിരി ഇഷ്ടം ആയിരുന്നൂ. ചിരിക്കുന്ന മുഖത്തോടെയല്ലാതെ അവളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അവൾ എന്നും എനിക്ക് ഒരു അത്ഭുതം ആയിരുന്നൂ. അവളുടെ ആ ചിരിയുടെ പിന്നിലുള്ള രഹസ്യം എനിക്ക് കണ്ടെത്തണമായിരുന്നൂ.. 

അങ്ങനെ ഒരിക്കൽ ഞാൻ അവളോട് മടിച്ചു മടിച്ചു ചോദിച്ചു..

"എന്തേ നീ ഇങ്ങനെ, ആരോടും പരിഭവം ഇല്ലാതെ, വഴക്കടിക്കാതെ, ചിരിച്ചു നടക്കുന്ന കുട്ടിയായത്. നിനക്ക് ദേഷ്യം വരില്ലേ.?"

അവൾ ഒരു നിമിഷം എൻ്റെ മുഖത്തേക്ക് നോക്കി. പിന്നെ പറഞ്ഞു. ഞാൻ ഈ പറയുന്നത് നീ വേറെ ആരോടും ക്ലാസ്സിൽ പറയരുത്. സമ്മതം ആണെങ്കിൽ മാത്രം ഞാൻ നിനക്കുള്ള മറുപടി തരാം.

ഞാൻ സമ്മതിച്ചു. കാരണം എനിക്ക് അവളുടെ രഹസ്യം അറിയണമായിരുന്നൂ. ആരോടും പരിഭവം തോന്നാതെ എങ്ങനെ ഒരാൾക്ക് ജീവിക്കുവാൻ കഴിയും. 

അപ്പോൾ അവൾ എന്നോട് ചോദിച്ചു..

"നീ സ്വപ്നങ്ങൾ കാണാറുണ്ടോ..?"

"Yes.."എൻ്റെ മറുപടി വളരെ സിംപിൾ ആയിരുന്നൂ..

"Good".. അവൾ പറഞ്ഞു.

അവൾ എൻ്റെ കണ്ണുകളിലേക്കു നോക്കി വീണ്ടും ചോദിച്ചു.

"ആ സ്വപ്ങ്ങൾ നേടി എടുക്കുവാൻ വേണ്ടി അല്ലെ നീ ജീവിക്കുന്നത്. പഠിക്കണം, നല്ലൊരു ജോലി വേണം. പിന്നെ കല്യാണം കഴിക്കണം. കുട്ടികൾ വേണം.. അങ്ങനെ ഒത്തിരി സ്വപ്നങ്ങൾ ഇല്ലേ നിനക്ക്."

അവളുടെ ആ ചോദ്യത്തിന് ശരിയാണ് എന്ന രീതിയിൽ ഞാൻ തലയാട്ടി. 

അപ്പോൾ അവൾ തുടർന്നു. 

"അങ്ങനെ സ്വപ്നങ്ങൾ ഒന്നും കാണുവാൻ അവകാശമൊന്നും ഇല്ലാത്ത കുട്ടിയാണ് ഞാൻ.."

അത് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി..

"സ്വപ്നങ്ങൾ കാണുവാൻ അവകാശം ഇല്ലാതെ ആരെങ്കിലും ഭൂമിയിൽ ജനിക്കാറുണ്ടോ. ഇവൾ എന്താണ് ഈ പറയുന്നത്."

അപ്പോൾ അവൾ പറഞ്ഞു...

"എനിക്ക് ക്യാൻസർ ആണ് മോളെ. ദിവസ്സങ്ങൾ എണ്ണിയാണ് ഞാൻ ജീവിക്കുന്നത്. ഓവറി പോയി. ഗർഭാശയം പോയി. ഇതൊന്നും എൻ്റെ അടുത്ത കൂട്ടുകാർക്കല്ലാതെ ആർക്കും അറിയില്ല. എൻ്റെ ദിവസ്സങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഒരു ദിവസ്സം ആയുസ്സു കൂടുതൽ കിട്ടിയാൽ ഞാൻ അതിനു ദൈവത്തോട് നന്ദി പറയും. ഈ അവസ്ഥയിൽ ഞാൻ എന്തിനു വേണ്ടിയാണ് മറ്റുള്ളവരോട് വെറുപ്പ് കാണിക്കേണ്ടത്."

അപ്പോൾ ഞാൻ അവളോട് ചോദിച്ചു..

"പിന്നെ നീ എന്തിനാണ് വാശിക്ക് പഠിക്കുന്നത്.."

അപ്പോൾ അവൾ പറഞ്ഞു.

"പഠിക്കുന്ന ക്ലാസ്സിൽ എല്ലാം നല്ല മാർക്ക് വാങ്ങണം. എല്ലാ മതസരങ്ങളിലു൦ പങ്കെടുക്കണം, സമ്മാനങ്ങൾ വാങ്ങി കൂട്ടണം. ഞാൻ പോയി കഴിയുമ്പോഴും എൻ്റെ മാതാപിതാക്കളും കൂട്ടുകാരും എന്നെ കുറിച്ചോർത്തു അഭിമാനിക്കണം."

വീണ്ടും അവൾ തുടർന്നു.

"സ്വപ്നങ്ങൾ കാണുവാൻ അവകാശം ഉണ്ടെങ്കിൽ അതാണ് കുട്ടി ഈ ലോകത്തിൽ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം. എനിക്ക് അതില്ല. പക്ഷേ എൻ്റെ മുന്നിൽ ബാക്കിയുള്ള ഓരോ നിമിഷവും നല്ല രീതിയിൽ തന്നെ ഞാൻ ആസ്വദിക്കും."

ഞാൻ അവളോട് ചോദിച്ചു 

"എൻ്റെ കുട്ടി നിനക്ക് ദൈവത്തോട് ദേഷ്യം തോന്നുന്നില്ലേ.."

"എന്തിനാണ് സുജ, ഞാൻ ദൈവത്തോട് ദേഷ്യപ്പെടുന്നത്. ഈ ജീവിതത്തിൽ ഇന്ന് വരെ ദൈവം എനിക്ക് ഒരു കുറവും വരുത്തിയിട്ടില്ല. പിന്നെ ആയുസ്സു തന്നില്ല. അത് സാരമില്ല. എൻ്റെ ശ്വാസം നിൽക്കും വരെ എന്നാലാവുന്ന അത്രയും നല്ല കാര്യങ്ങൾ ഞാൻ ചെയ്യും. ഞാൻ എൻ്റെ വിധിയോട് മരണം വരെ പോരാടും. എനിക്ക് ആരുടെയും സഹതാപം വേണ്ട."

അവൾ തുടർന്നു ..

"നാളെ നീ ഒരു അദ്ധ്യാപിക ആവുമ്പോൾ എൻ്റെ കഥ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. എപ്പോഴെങ്കിലും അവർക്കു സ്വയം മരിക്കുവാൻ തോന്നിയാൽ എന്നെ പറ്റി ഓർക്കുവാൻ പറയണം. ഒരു ദിവസ്സം കൂടുതൽ ജീവിക്കുവാൻ തരണേ എന്ന് ദൈവത്തോട് എന്നും പ്രാർത്ഥിക്കുന്ന എന്നെ പറ്റി അവരോടു പറയണം. കാരണം മരണത്തെ കാത്തു ദിവസ്സങ്ങൾ എണ്ണി കഴിയുന്നവനെ ജീവൻ്റെ  വില അറിയൂ. കിട്ടുന്ന ഓരോ ദിവസ്സങ്ങളും നന്നായി ജീവിക്കുവാൻ അവരോടു നീ പറയണം. നേടുവാൻ പറ്റുന്നതൊക്കെ നേടുവാൻ പറയണം. തോറ്റു പിന്മാറരുത്."

എന്നിട്ടവൾ പറഞ്ഞു

"എനിക്ക് ആരോടും പരാതിയില്ല. എനിക്ക് ആരോടും മത്സരിക്കേണ്ട. ഇവിടെ നിന്ന് പോകുമ്പോൾ ഞാൻ ഒന്നും കൊണ്ട് പോകുവാനും പോകുന്നില്ല. അതുകൊണ്ടു തന്നെ എനിക്ക് സങ്കടങ്ങളും പരിഭവങ്ങളും ഇല്ല.." 

"നിസ്സാര കാര്യങ്ങൾക്കു ജീവൻ അവസാനിപ്പിക്കുന്നവർ അറിയുന്നുണ്ടോ ജീവൻ്റെ വില." അവളുടെ കണ്ണുകളിലേക്കു നോക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ. അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നും എനിക്ക് അറിയില്ലായിരുന്നൂ. ചിരിച്ചു കൊണ്ട് എൻ്റെ പുറത്തു തട്ടി അവൾ നടന്നു പോയി. 

ഇന്നിപ്പോൾ അവൾ ഇല്ല. അവൾ മരിച്ചു കിടക്കുന്നതു കാണുവാൻ ഞാൻ പോയില്ല. ജീവനോടെ ഉണ്ടായിരുന്ന അവളുടെ ആ ഓർമ്മകൾ എന്നിലുണ്ട്. എപ്പോഴെങ്കിലും സങ്കടം വരുമ്പോൾ ഞാൻ അവൾ പറഞ്ഞ കാര്യങ്ങൾ ഓർക്കും. അതോടെ എൻ്റെ ആ പഴയ ചിരി തിരിച്ചു വരും. 

അപ്പോൾ ഞാൻ മനസ്സിൽ ഒന്നേ ചിന്തിക്കൂ..

"എന്നെ തോൽപ്പിക്കുവാൻ എനിക്ക് മാത്രമേ കഴിയൂ. മറ്റുള്ളവർ എന്തും പറയട്ടെ. ഇതു എൻ്റെ ജീവിതമാണ്. ഞാൻ പൊരുതും. പക്ഷേ പരാജയം സമ്മതിച്ചു ജീവൻ നഷ്ടപ്പെടുത്തില്ല. കാരണം എനിക്ക് ഓരോ നിമിഷവും എത്ര അമൂല്യം ആണെന്നറിയാം.." 

ഇതു വായിക്കുന്ന ചിലർക്കെങ്കിലും ഈ കൂട്ടുകാരി ആരാണ് എന്ന് മനസ്സിലായി കാണും. ദയവായി അവളുടെ പേര് COMMENTൽ ഇടരുത്...

...സുജ അനൂപ്  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA