ADYA PRANAYAM ആദ്യ പ്രണയം
പാടവരമ്പിലൂടെ നടക്കുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നൂ. ചിലപ്പോഴൊക്കെ തോന്നും എന്തിനാണോ ഈ ഭൂമിയിൽ ജനിച്ചത്? മനസ്സിൽ ഉള്ളതൊന്നും ആരോടും തുറന്നു പറയാറില്ല. എല്ലാം മറക്കുവാൻ ഞാൻ അണിഞ്ഞൊരു മൂടുപടം മാത്രം ആയിരുന്നൂ എൻ്റെ ചിരി. അത് അറിയാവുന്നത് എനിക്ക് മാത്രവും.
ചുറ്റിലും നോക്കുന്നവർക്ക് എന്താണ് ഒന്നിനും ഒരു കുറവും ഇല്ലാതെ വളരുന്ന കുട്ടി. അല്ലെങ്കിലും സ്നേഹിക്കുവാൻ ആരും ഇല്ല എന്നുള്ളത് ഒരു കുറവായി ആരും കാണാറില്ലല്ലോ.. ഈ ഭൂമിയിൽ എല്ലാം അളക്കപ്പെടുന്നത് പണത്തൂക്കത്തിൽ ആണല്ലോ. പണം ഉണ്ടോ എല്ലാം ഉണ്ട് എന്നുള്ള തോന്നൽ എന്ന് മാറുന്നുവോ അന്നേ ഈ ലോകം നന്നാകൂ..
മനസ്സ് നിറയെ അമ്മയുടെ കവിളിൽ കണ്ട അടിയുടെ പാടായിരുന്നൂ. എന്നും അമ്മയ്ക്ക് അത് കിട്ടുന്നതാണ്. ഇന്ന് മുഖത്തു ആണെങ്കിൽ, നാളെ കൈയ്യിൽ. ആ അടിയെല്ലാം ഏറ്റുവാങ്ങി അമ്മ അടുക്കളയിൽ ഒതുങ്ങും. പക്ഷേ, ആ അടിയെല്ലാം ഞാൻ ഏറ്റുവാങ്ങിയിരുന്നത് എൻ്റെ ഹൃദയത്തിൽ ആയിരുന്നൂ. അച്ഛനെ എനിക്ക് ഭയമാണ്. അതുകൊണ്ടു തന്നെ ചേട്ടൻ അല്ലാതെ മറ്റൊരു ആണിൻ്റെ മുഖത്തു ഞാൻ നോക്കാറില്ല. അച്ഛൻ്റെ അതേ പകർപ്പാണ് ചേട്ടൻ.
അങ്ങനെ ഓരോന്ന് ചിന്തിച്ചു നടക്കുമ്പോൾ പെട്ടന്ന് മനസ്സൊന്നു പിടഞ്ഞു. പാടവരമ്പു കഴിഞ്ഞാൽ ചെറിയ ഒരു കുന്നുണ്ട്. ആ കുന്നു കയറി ഇറങ്ങിയാൽ സ്കൂൾ എത്തും. ഉച്ചയ്ക്ക് ഊണ് കഴിക്കുവാൻ വീട്ടിലേക്കു വന്നതായിരുന്നൂ. ചിലപ്പോഴൊക്കെ ഉച്ചയ്ക്ക് വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്ന പതിവുണ്ടെനിക്ക്. പോകുവാൻ നേരം കൂടെ ഒരു കൂട്ടം കുട്ടികൾ ഉണ്ടാകും. ഒരു മണിക്കൂർ സമയം ഉണ്ടല്ലോ. തിരിച്ചു വരുമ്പോൾ പലരും പല സമയത്താകും വീട്ടിൽ നിന്നും ഇറങ്ങുക. അതുകൊണ്ടു തന്നെ ചിലപ്പോൾ ഒറ്റക്കാണ് തിരിച്ചു വരിക. ഇന്നും ഒറ്റയ്ക്ക് ആയിപോയി.
കുന്നു കയറുമ്പോൾ തന്നെ കണ്ടു കുന്നിറങ്ങി വരുന്ന രണ്ടു പേരെ. സുനിലും കൂടെ ആരോ ഉണ്ട്. സുനിലിനെ കാണുമ്പോൾ മനസ്സിൽ പേടിയുണ്ട്. അവൻ്റെ നോട്ടം ശരിയല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രണയം തുളുമ്പുന്ന ആ നോട്ടം കാണുമ്പോൾ പേടിയാണ്. എന്തിനെന്നു അറിയാതെ മനസ്സു പിടയ്ക്കും. അവൻ ഡിഗ്രിക്കു പഠിക്കുകയാണ്.
നടന്നു അവർക്കു അരികിൽ എത്തിയതും അവൻ വട്ടം നിന്നു. ഇതുവരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. അവൻ മോശമായി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല . ചുറ്റിലും നോക്കി. ആ പ്രദേശത്തെങ്ങും ആരുമില്ല.
മനസ്സിൽ ഓർത്തു. ചുമ്മാതല്ല. ചെക്കന് ഇത്ര ധൈര്യം. ചേട്ടനൊപ്പം പ്രായം ഉണ്ടവന്. അവനെ കണ്ടതും ഞാൻ തല കുനിച്ചു.
പെട്ടെന്ന് അവൻ എന്നെ കാണിച്ചുകൊണ്ട് കൂട്ടുകാരനോട് പറഞ്ഞു..
'ദേ, നോക്കിക്കോ ഇവളാണ് എൻ്റെ പെണ്ണ്..? നാട്ടിൽ നിന്നെ കൊണ്ട് വന്നിട്ട് കാണിച്ചു തന്നില്ല എന്ന് മാത്രം പറയരുത്."
അത് കേട്ടതും ഞാൻ കിളിപോയി നിന്ന് പോയി. സത്യത്തിൽ അങ്ങനെ ഒരു പെരുമാറ്റം അവനിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. തിരിച്ചു ഞാൻ എന്തെങ്കിലും പറയും മുൻപേ സുനിൽ കൂട്ടുകാരനെയും കൂട്ടി നടന്നു പോയി. ഇനി ഇപ്പോൾ എന്ത് ചെയ്യും. വീട്ടിൽ പറഞ്ഞാൽ നാളെ മുതൽ പഠിക്കുവാൻ അയക്കില്ല. ചേട്ടനോട് പറഞ്ഞാൽ അവൻ്റെ വീട്ടിൽ പോയി അടി ഉണ്ടാക്കും. പിന്നെ എനിക്കും അമ്മയ്ക്കും തല്ലു കിട്ടും. ഒന്നും വേണ്ട അതൊരു തമാശ പോലെ മറന്നു കളയാം.
ആദ്യമായി ഒരാൾ പറയാതെ പറഞ്ഞിരിക്കുന്നൂ ഇഷ്ടം ആണെന്ന്...
മനസ്സു പ്രക്ഷുബ്ധം ആയിരുന്നൂ. പ്രണയത്തോടു എനിക്ക് പുച്ഛം ആയിരുന്നൂ. അതുകൊണ്ടു തന്നെ അവൻ പറഞ്ഞതൊന്നും ഞാൻ അത്ര കാര്യമാക്കിയില്ല. അല്ലെങ്കിലും പത്താം തരത്തിൽ പഠിക്കുന്ന എൻ്റെ മനസ്സിൽ പ്രണയത്തിനു കുടികൊള്ളുവാൻ ഇടം ഉണ്ടായിരുന്നില്ല. അവിടെ പാഠപുസ്തകങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ...
..............................
വർഷങ്ങൾക്കിപ്പുറം ആഗ്രഹിച്ച ജോലി കിട്ടിയ സന്തോഷത്തിൽ ആയിരുന്നൂ ഞാൻ.
"ടീച്ചറെ.." എന്നുള്ള കുട്ടികളുടെ വിളി എത്ര കേട്ടിട്ടും എനിക്ക് മതിയായില്ല.. ആദ്യ ദിവസ്സം ആയതു കൊണ്ട് തന്നെ രണ്ടു ക്ലാസുകൾ മാത്രമേ എടുക്കേണ്ടി വന്നുള്ളൂ. ജോലി കഴിഞ്ഞതും വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു. ഇനി രണ്ടു ബസ് മാറിക്കയറിയാൽ മാത്രമേ വീട്ടിൽ എത്തുകയുള്ളൂ.
ആദ്യത്തെ ബസിൽ എങ്ങനെയോ കയറിപ്പറ്റണം എന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആണ് ഒരു മാരുതി കാർ മുന്നിൽ വന്നു നിൽക്കുന്നത്. പെട്ടന്ന് ആരാണെന്നു മനസ്സിലായില്ല.
കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോൾ മനസ്സൊന്നു നടുങ്ങി.
"സുനിൽ"
പത്താംതരത്തിൽ പഠിക്കുമ്പോൾ ആദ്യമായി എന്നോട് അവൻ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു. പിന്നീടൊരിക്കലും അവനെ ഞാൻ ശ്രദ്ധിച്ചിട്ടില്ല. അല്ലെങ്കിൽ ഭയം ആയിരുന്നൂ മനസ്സു നിറയെ. ഒരു പ്രേമത്തിൽ വീണാൽ പഠനം ഉഴപ്പും. അതൊന്നും വേണ്ട എന്ന് മനസ്സിനെ അന്നേ പറഞ്ഞു പഠിപ്പിച്ചിരുന്നൂ.
"സുമി. വണ്ടിയിൽ കയറിയാൽ ഞാൻ വീട്ടിൽ ആക്കാം" പ്രതീക്ഷയോടെ അവൻ ചോദിച്ചു.
"വേണ്ട" എനിക്ക് അത് പറയുവാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ഇനി ആ കാറിൽ കയറി ഞാൻ വീട്ടിൽ പോയിട്ടു വേണം നാട്ടുകാർ എന്നെയും അവനെയും ചേർത്ത് ഓരോന്ന് പറയുവാൻ.
എൻ്റെ മറുപടി കേട്ടതും അവൻ്റെ മുഖം ഒന്ന് മങ്ങി. പിന്നെ അവൻ പറഞ്ഞു.
"നീ എന്നെ ഓർക്കുന്നുണ്ടാകില്ല. പക്ഷെ അന്നും ഇന്നും എൻ്റെ മനസ്സിൽ നീയേ ഉള്ളൂ. നിനക്ക് വേണ്ടിയാണ് ഞാൻ പിജി കഴിഞ്ഞതും ഗൾഫിലേക്കു പോയത്. ഇപ്പോൾ വീട്ടുകാർ കല്യാണം നോക്കാം എന്ന് പറയുന്നുണ്ട്. എനിക്ക് നിൻ്റെ സമ്മതം വേണം.. ഇതൊന്നു പറയുവാൻ വേണ്ടിയാണ് ഞാൻ ഇവിടെ കാത്തുനിന്നത്"
ഞാൻ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ അവനോടു എൻ്റെ ഇഷ്ടം ഞാൻ പറഞ്ഞിട്ടില്ല. ഇനിയും പറയുകയും ഇല്ല.
"എനിക്ക് താല്പര്യം ഇല്ല" ഒറ്റയടിക്ക് ഞാൻ ഉത്തരം നൽകി.
എന്നെ അവൻ തറച്ചൊന്നു നോക്കി. പിന്നെ പറഞ്ഞു.
"ഈ കഴുത്തിൽ ഒരു താലി ഉണ്ടെങ്കിൽ അത് എൻ്റെ മാത്രം ആയിരിക്കും. നീ ഭൂലോക രംഭയൊന്നും ആയിട്ടല്ല, നിന്നെ ഞാൻ ഇഷ്ടപെട്ടത്. എത്രയോ ചെറുപ്പത്തിൽ ഈ മുഖം മനസ്സിൽ ഉറച്ചുപോയി. ഇനി പറിച്ചു കളയുവാനും വയ്യ."
പിന്നെ ഒന്നും പ്രായത്തെ അവൻ കാറെടുത്തിട്ടു പോയി. അവനോടു സംസാരിച്ചു നിന്നതിനാൽ സാധാരണ പോകുന്ന ബസ്സും കിട്ടിയില്ല. പിന്നെ കിട്ടിയ വണ്ടിയിൽ ഒക്കെ കയറി വീട്ടിൽ എത്തുമ്പോഴേക്കും സമയം വൈകിയിരുന്നു. ചേട്ടനും അച്ഛനും ഉമ്മറത്തില്ല. അവർ എത്തുന്നതിനു മുൻപേ വീട്ടിൽ എത്തണം എന്നേ കരുതിയിരുന്നുള്ളൂ.
കുളിച്ചു ദീപം വച്ചു. എല്ലാവരും ഒന്നിച്ചു ഭക്ഷണം കഴിച്ചു. പിന്നെ മുറിയിലേക്ക് ചെന്ന് ഇഷ്ടപെട്ട നോവൽ എടുത്തു. അപ്പോഴേക്കും അച്ഛൻ്റെ വിളി വന്നു. ഉമ്മറത്തേക്ക് ചെന്നു.
"നിൻ്റെ കല്യാണം അങ്ങു ഉറപ്പിക്കുവാൻ തീരുമാനിച്ചു." മുഖവുരയൊന്നും ഇല്ലാതെ അച്ഛൻ പറഞ്ഞു.
ഞാൻ ഞെട്ടി അച്ഛനെ നോക്കി. കുഞ്ഞുനാൾ മുതലേ ഉള്ള ശീലം ആണ് അച്ഛൻ പറഞ്ഞത് അനുസരിച്ചിട്ടേ ഉള്ളൂ. ഇല്ലെങ്കിൽ നല്ല തല്ലു കിട്ടും. അമ്മയെ തല്ലുന്നത് എത്രയോ പ്രാവശ്യം കണ്ടു നിന്നിരിക്കുന്നൂ. എതിർത്തു പറയണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ അതൊരിക്കലും സാധിക്കില്ല. അതിനുള്ള ശക്തി എനിക്കില്ല.
പഠിക്കുവാൻ വിടുമ്പോൾ ഒന്നേ അച്ഛൻ പറഞ്ഞിട്ടുള്ളൂ.
"പഠിക്കുവാൻ വിട്ടാൽ പഠിച്ചിട്ടു വന്നേക്കണം. പ്രേമമാണ് മണ്ണാങ്കട്ടയാണ് എന്നൊക്കെ പറഞ്ഞാൽ പിന്നെ നീ ആ മുറി വിട്ടു പുറത്തു പോകില്ല. കൊന്നുകളയും ഞാൻ. രാമനുണ്ണിക്ക് അഭിമാനം ആണ് വലുത്."
എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. എന്നും അച്ഛനെ ഭയം ആയിരുന്നൂ. അതുകൊണ്ടു തന്നെ ഏതൊരാണിനെ കാണുമ്പോഴും ഉള്ളിൽ ഭയം ആണ്. തൊട്ടടുത്തുള്ള മുറിയിൽ അമ്മയ്ക്ക് കിട്ടുന്ന ഓരോ അടിയും കണക്കുകൂട്ടിയാണ് കുട്ടിക്കാലം മുഴുവൻ ഇരുന്നിരുന്നത്. അമ്മ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അച്ഛൻ കുറ്റം കണ്ടുപിടിക്കും. അതുകൊണ്ടു തന്നെ ഞാൻ മൂലം അമ്മയ്ക്ക് ഒരു അടി കിട്ടരുത് എന്ന് ആശിച്ചിരുന്നൂ.
ഇപ്പോൾ വലുതായിട്ടും ഒരു ജോലി കിട്ടിയിട്ടും കൂടി അച്ഛനോട് മറുത്തൊന്നും പറയുവാൻ എനിക്ക് ആവുന്നില്ല. അമ്മയുടെ കണ്ണീരു കാണുവാൻ വയ്യ. മറുത്തൊന്നു പറഞ്ഞാൽ ആ കലി അച്ഛൻ തീർക്കുക അമ്മയുടെ മേലെ ആകും.
"പയ്യനെ നീ അറിയും. അതുകൊണ്ടു തന്നെ പെണ്ണുകാണൽ വേണ്ട എന്ന് വച്ചു." അച്ഛൻ പിന്നെയും തുടർന്നു.
ഞാൻ അച്ഛനെ നോക്കി. ആരാണ് ആ പയ്യൻ എന്ന് അറിയണം എന്ന് തോന്നി...
"സുനിൽ"
ആ പേര് കേട്ടതും മനസ്സൊന്നു തണുത്തു. ആരും പറയാതെ വർഷങ്ങൾ മനസ്സിൽ കൊണ്ടുനടന്ന എൻ്റെ പ്രണയം. ദൈവങ്ങൾ എൻ്റെ പ്രാർത്ഥന കേട്ടിരിക്കുന്നൂ.
"അവനു ലീവ് അധികം ഇല്ല. വൈകുന്നേരം വഴിയിൽ വച്ചുകണ്ടപ്പോൾ സുകുമാരൻ (സുനിലിൻ്റെ അച്ഛൻ) അവനു കല്യാണം ആലോചിക്കുന്നുണ്ട് എന്ന് പറഞ്ഞു. നിന്നെ ആലോചിച്ചാലോ എന്ന് ചോദിച്ചു. ഞാൻ അപ്പോൾ തന്നെ വക്കും കൊടുത്തു. നിനക്ക് എതിർപ്പ് ഉണ്ടാകില്ല എന്നെനിക്കറിയാം."
ഞാൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും ഇത്രയും വർഷം എൻ്റെ പ്രണയം അവനോടു എനിക്ക് പറയുവാൻ കഴിഞ്ഞില്ല. പക്ഷേ എന്നും അവനുവേണ്ടി മാത്രമേ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളൂ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ