വീണ്ടും വസന്തം (VEENDUM VASANTHAM)

 "അമ്മ എല്ലാം മറക്കണം. എല്ലാം നല്ലതിന് മാത്രമാണെന്ന് ഞാൻ ഇപ്പോൾ  വിശ്വസിക്കുന്നൂ. അച്ഛൻ ഇപ്പോൾ ഒത്തിരി സന്തോഷിക്കുന്നുണ്ടാകും. അമ്മയ്ക്ക് സമ്മതമാണെന്ന് എനിക്കറിയാം. അമ്മയെ ഇവിടെ ഒറ്റയ്ക്കാക്കി പോകുവാൻ എനിക്കാവില്ല. ഈ നാടു വിട്ടു അമ്മ എൻ്റെ കൂടെ വരുവാൻ തയ്യാറായത് ഒത്തിരി വിഷമിച്ചിട്ടാണെന്നു0 എനിക്കറിയാം. എൻ്റെ അമ്മയെ മനസ്സിലാക്കുവാൻ എനിക്ക് കഴിയില്ലേ."

മീനുവിനോട് എന്തു പറയണം എന്ന് എനിക്കറിയില്ല. നഷ്ടപ്പെട്ടു പോയ ജീവിതവും ദുഃഖങ്ങളും അത് തിരിച്ചു പിടിക്കുവാൻ എനിക്ക് ഇനി ആകുമോ.  എന്നെ ഞാനായി അടച്ചിട്ട ഈ ചില്ലു കൊട്ടാരത്തിൽ നിന്നും എനിക്ക് ഇനി ഒരു മോചനം ഞാൻ ആഗ്രഹിക്കുന്നുണ്ടോ..? ഒരു മകൾ എന്നതിലുപരി അവൾ എനിക്കെന്നും നല്ലൊരു സുഹൃത്ത് കൂടിയായിരുന്നല്ലോ.. 

ഞാൻ ലക്ഷ്മി. എല്ലാവരുടെയും പൂച്ചക്കുട്ടി. അതായിരുന്നൂ കലാലയ ദിനങ്ങളിൽ എനിക്ക് ചാർത്തി കിട്ടിയ നാമധേയം. ഒരു ഉറുമ്പിനെപ്പോലും നോവിക്കാതെയുള്ള എൻ്റെ നടത്തമാണ് ആ പേരിടലിനു ഇടയാക്കിയത്. 

ജീവിതത്തിൽ ഞാൻ ഒത്തിരി സന്തോഷിച്ചത് ആ ദിവസ്സങ്ങളിൽ ആയിരുന്നു. എത്ര വേഗമാണ് ആ കാലം കടന്നു പോയത്. ആ കാലങ്ങളിൽ ഒന്നിനും വാശി പിടിച്ചു എനിക്ക് ശീലമില്ലായിരുന്നൂ. ആരോടും ഒന്നും തുറന്നു പറയുവാനുള്ള ധൈര്യവും എനിക്ക് ഇല്ലായിരുന്നൂ. 

അമ്മയും അച്ഛനും പറഞ്ഞു ഉറപ്പിച്ചതായിരുന്നൂ എൻ്റെയും മുരളിയുടെയും ബന്ധം. പെട്ടെന്ന് വന്ന ഒരാലോചന ആയിരുന്നൂ. നല്ല ജോലി, വിദ്യാഭ്യാസം, സാമ്പത്തികം. 

ഡിഗ്രി അവസാന സെമസ്റ്റർ പരീക്ഷ നടക്കുമ്പോഴാണ് ആ പെണ്ണു കാണൽ നടന്നത്. ഉടനെ തന്നെ അത് ഉറപ്പിച്ചു. എൻ്റെ ഇഷ്ടം ആരും ചോദിച്ചില്ല. ഡിഗ്രി പരീക്ഷ കഴിഞ്ഞ ഉടനെ തന്നെയായിരുന്നൂ വിവാഹം. ഞാൻ ഒരിക്കലും ആ ബന്ധത്തെ എതിർത്തില്ല. അല്ലെങ്കിലും മനുവിനോട് എനിക്കുണ്ടായിരുന്ന പ്രണയം. അത് പ്രണയം തന്നെയായിരുന്നോ എന്ന് എനിക്ക് അറിയില്ല. 

തുറന്നു പറയാത്ത പ്രണയം അതൊരു നെരിപ്പോടായി മനസ്സിൽ അങ്ങനെ കിടക്കും. മനു മാത്രം വിവാഹത്തിന് വന്നില്ല. മനു എൻ്റെ ക്ലാസ്സിൽ തന്നെയായിരുന്നൂ. അധികമാരോടും വലിയ വർത്തമാനത്തിനൊന്നും ഞാൻ പോകുമായിരുന്നില്ല. അതുകൊണ്ടു തന്നെ എൻ്റെ പ്രണയം എന്നിൽ തന്നെ ഒതുങ്ങി. 

എത്രയോ പ്രണയങ്ങൾ വിടരാത്ത മൊട്ടു പോലെ ഓരോ കലാലയത്തിലും കൊഴിഞ്ഞു വീഴുന്നു. അതിലൊന്നായി എൻ്റെ പ്രണയവും. അവനൊപ്പം നടക്കുവാൻ ഒത്തിരി ഞാൻ ആശിച്ചു. എല്ലാം ഞാൻ ഈ നെഞ്ചിൽ ഒതുക്കി. 

വിവാഹം കഴിഞ്ഞത് മുതൽ പിന്നെ തിരക്കായി. ഉടനെ തന്നെ ഒരു മോളായി. ആ സമയങ്ങളിൽ ഒന്നിനെ പറ്റിയും ചിന്തിച്ചിട്ടില്ല. പക്ഷേ, ഇടയ്ക്കിടയ്ക്ക് മനു മാത്രം മനസ്സിൽ കനലായി എരിഞ്ഞു. 

മുരളിയും ഞാനും ഉള്ള കുഞ്ഞുലോകത്തിൽ ഞാൻ സന്തോഷവതിയായിരുന്നൂ. സ്നേഹിക്കുവാൻ മാത്രമേ മുരളിക്ക് അറിയുമായിരുന്നുള്ളൂ. കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി അങ്ങനെ ജീവിതം മുന്നോട്ടു പോയി. 

മോൾക്ക് പത്തു വയസ്സുള്ളപ്പോഴാണ് ഒരപകടത്തിൽ മുരളി പോകുന്നത്. എന്നും ബൈക്ക് വേഗത്തിൽ ഓടിക്കുന്നത് മുരളിക്ക് ഇഷ്ടമായിരുന്നൂ. എത്രയോ തവണ അത് ഞാൻ എതിർത്തിരിക്കുന്നൂ. ഒടുക്കം ആ ബൈക്ക് തന്നെ മുരളിയെ അപകടത്തിലാക്കി.

ആ ദിവസം എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ. ലോകം കീഴ്മേൽ മറിയുന്നത് പോലെ തോന്നി. ചടങ്ങുകൾ എല്ലാം അച്ഛൻ മുന്നിൽ നിന്നും നടത്തി. കരയുവാൻ ഞാൻ മറന്നു പോയിരുന്നൂ.

അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റക്കുട്ടി ആയിരുന്നതുകൊണ്ട് അവർ എന്നെ കൂടെ കൂട്ടി. മുരളിയുടെ അച്ഛനും അമ്മയും അനിയനൊപ്പം വിദേശത്തു ആയതുകൊണ്ട് അവർ അത് എതിർത്തില്ല. എന്നെ അച്ഛൻ കൂടെ കൂട്ടിയത് അവർക്കു ആശ്വാസം ആയിരുന്നൂ. 

ഏകദേശം ഒരു വർഷമെടുത്തു ഞാൻ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ. അപ്പോഴേക്കും അച്ഛൻ എനിക്ക് അടുത്തുള്ള ഒരു പണയമിടപാടു സ്ഥാപനത്തിൽ കാഷ്യർ ആയി ജോലി വാങ്ങി തന്നു. 

വേറെ ഒരു വിവാഹം കഴിക്കുവാൻ എല്ലാവരും എന്നെ ഒത്തിരി നിർബന്ധിച്ചു. എനിക്ക് അതിനു സമ്മതം ആയിരുന്നില്ല. എൻ്റെ മനസ്സെന്നോ എനിക്ക് നഷ്ട്മായിരുന്നൂ. എൻ്റെ ലോകത്തിൽ എൻ്റെ മീനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളുടെ വളർച്ചയുടെ ഓരോ നാളും ഞാൻ ആസ്വദിച്ചുകൊണ്ടിരുന്നൂ. 

അവൾ വളർന്നു. അച്ഛനില്ലാത്ത കുറവ് ഒരിക്കലും ഞാൻ അവളെ അറിയിച്ചില്ല. കാലം കടന്നുപോയികൊണ്ടിരുന്നൂ. 

രണ്ടു വർഷം മുന്നെ മീനു വിവാഹം കഴിച്ചു. എഞ്ചിനീറിംഗിൽ കൂടെ പഠിച്ച പയ്യൻ, മധു. അച്ഛനും അമ്മയും ആ പ്രണയത്തിനു എതിരായിരുന്നൂ. ഞാൻ പക്ഷേ, അവളെ പിന്തുണച്ചു. പഠനം കഴിഞ്ഞു ജോലിയും കിട്ടിയതിനു ശേഷമാണു അവൾ അവളുടെ പ്രണയത്തെ പറ്റി എന്നോട് പറഞ്ഞത്. അതൊരു തെറ്റായി എനിക്ക് തോന്നിയില്ല. 

നഷ്ടപ്രണയം ഒരു നെരിപ്പോടായി സൂക്ഷിക്കുന്ന ഞാൻ എങ്ങനെ അവളെ എതിർക്കും. ജീവിതം ഒന്നേ ഉള്ളൂ. സ്നേഹം ഒരാളോട് ആത്മാർത്ഥമായി തോന്നിയാൽ , ഒരിക്കലും കൈവിടാതെ ചേർത്ത് പിടിക്കും എന്നുറപ്പുള്ള കൈകളിലേക്ക് തന്നെ ആ കൈകൾ ചേർത്ത് വയ്ക്കുവാൻ ഞാൻ ആഗ്രഹിച്ചു. 

എല്ലാ പ്രണയങ്ങളും വിജയിക്കാറില്ല. എല്ലാ പ്രണയങ്ങളും ആരും അറിയാറില്ല. തുറന്നു പറയാത്ത പ്രണയത്തിന് അർത്ഥവുമില്ല. എനിക്കോ അന്ന് മനുവിനോട് അത് തുറന്നു പറയുവാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അവൻ തള്ളിപ്പറഞ്ഞാലൊ എന്ന് പേടിച്ചു. അമ്മയും അച്ഛനും എതിർത്തലോ എന്ന് പേടിച്ചു. 

ഇന്നിപ്പോൾ എൻ്റെ മകൾ എന്നോട് ധൈര്യമായി പ്രണയത്തെപ്പറ്റി പറഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. മക്കളെ ഇഷ്ടപ്പെടുന്ന മാതാപിതാക്കൾ, അവർക്കു എന്തിനും കൂട്ടായി ഉണ്ടാകും. 

വിവാഹം കഴിഞ്ഞു മകൾ അവനൊപ്പം വിദേശത്തേക്ക് ചേക്കേറിയപ്പോൾ വിഷമം തോന്നി എങ്കിലും എനിക്ക് കൂട്ടായി അച്ഛനും അമ്മയും ഉണ്ടായിരുന്നൂ. വീണ്ടും എൻ്റെ ദിവസ്സങ്ങൾ ജോലിയിൽ മുഴുകി ഞാൻ തീർത്തു. പെട്ടെന്നാണ് ഹൃദയാഘാതം വന്നു അമ്മോ പോയത്. ഒരു മാസത്തിൻ്റെ വ്യത്യാസത്തിൽ അച്ഛനും പോയി. അവർ വിട പറഞ്ഞപ്പോൾ ആദ്യമായി ഞാൻ തനിച്ചായതു പോലെ തോന്നി. 

അമ്മ പോയതിനു ശേഷം അച്ഛൻ ആകെ അസ്വസ്ഥൻ ആയിരുന്നൂ. പിന്നാലെ അച്ഛനും പോയപ്പോൾ അവർ തമ്മിലുള്ള ആ സ്നേഹത്തിൻ്റെ ആഴം ഞാൻ മനസ്സിലാക്കി. അപ്പോൾ ആദ്യമായി ഞാൻ മുരളിയോടുള്ള എൻ്റെ ഇഷ്ടത്തെ മനസ്സിലാക്കുവാൻ ശ്രമിച്ചു. എന്തേ മുരളി പോയപ്പോൾ ഞാൻ പിടിച്ചു നിന്നൂ. മീനു - അതായിരുന്നു അതിനുള്ള ഞാൻ കണ്ടെത്തിയ ഉത്തരം. പക്ഷേ, അതിനപ്പുറം ഞാൻ മനസ്സിലാക്കിയ മറ്റൊരു സത്യമുണ്ട്. 

ഇന്നും എൻ്റെ മനസ്സിൽ മനു ഉണ്ട്. ഒരിക്കൽ കൂടെ അവനെ കാണുവാൻ വേണ്ടിയാണു ഞാൻ ജീവിക്കുന്നത് തന്നെ. ഒരിക്കലും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും മനുവിനെ ഞാൻ അത്ര മാത്രം സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഞാൻ മകൾക്കു മീനു എന്ന പേരുപോലും നൽകിയത്. 

അമ്മയെ അവസാനമായി കാണുവാനാണ് മീനും മധുവും വന്നത്. തിരികെ പോകുവാൻ ഇരിക്കുബോഴാണ് അച്ഛൻ പോയത്. പിന്നെ എന്നെ തനിച്ചാക്കി പോകുവാൻ വയ്യാത്തത് കൊണ്ട് അവൾ ഇവിടെ നിൽക്കുന്നു. ഇനി ഒരു മാസം കൂടെ കഴിഞ്ഞാൽ ഞാൻ അവൾക്കൊപ്പം ദുബായിക്ക് പോകും. അവൾക്കു എന്നെ ഇവിടെ ഒറ്റയ്ക്ക് വിടുവാൻ ആകില്ല. 

വിദേശത്തു കൊണ്ടുപോകുവാനുള്ള സാധനങ്ങൾ പാക്ക് ചെയ്തത് മകളാണ്. കുറെ വേണ്ടാത്ത സാധനങ്ങൾ അവൾ വീട്ടിൽ നിന്നും ഒഴുപ്പിക്കുവാൻ ആഗ്രഹിച്ചു. അങ്ങനെ വൃത്തിയാക്കുന്നതിനിടയിൽ ആണ് അവൾക്കു എൻ്റെ ആ നിധി കിട്ടുന്നത്. 

എൻ്റെ ആ പഴയ ഡയറി മീനുവിന് കിട്ടി. മുരളി പോയതിനു ശേഷമാണ് ഞാൻ ആ ഡയറി എഴുതി തുടങ്ങിയത്.  അതിൽ നിറയെ എൻ്റെ നഷ്ടപ്രണയം നിറഞ്ഞു നിന്നിരുന്നൂ. 

ഞാൻ പോലും അറിയാതെ അവൾ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം ഒരുക്കി. അങ്ങനെ വർഷങ്ങൾക്കു ശേഷം ഞാൻ അവിടെ വച്ച് മനുവിനെ കണ്ടു. നരകയറിയ താടിയുമായി എൻ്റെ മനു മുന്നിൽ വന്നു നിന്നപ്പോൾ എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ. 

പരിപാടി കഴിഞ്ഞു എന്നെ തിരികെ വീട്ടിലേക്ക് കൊണ്ട് വിടുന്നത് മനുവാണെന്നു മകൾ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. വളരെ നാളത്തെ പരിചയം ഉള്ളത് പോലെയാണ് മകളും മനുവും സംസാരിച്ചത്. 

ഒരുമിച്ചു യാത്ര ചെയ്യുമ്പോഴാണ് അറിയുന്നത് മനു ഒറ്റയ്ക്ക് ആണെന്നുള്ള വിവരം. സതോഷഭരിതമായ ജീവിതം ആയിരുന്നൂ അവരുടേത്. ആദ്യപ്രസവത്തിൽ ഭാര്യ പോയി. പിന്നെ അവൻ ജീവിച്ചത് മകൾക്കു വേണ്ടിയാണത്രെ. വൈകി കല്യാണം കഴിച്ചതുകൊണ്ടു മകൾ ആറാം ക്ലാസ്സിൽ ആയിട്ടേ ഉളളൂ. 

ഒരുമിച്ചുള്ള യാത്രയിൽ അവൻ ഒത്തിരി കാര്യങ്ങൾ പറഞ്ഞു. ഞാൻ എല്ലാം കേട്ടിരുന്നൂ.

"എന്തേ ഞാൻ വിവാഹം കഴിക്കുവാൻ വൈകിയത് എന്ന് നീ ചോദിച്ചില്ല?" മനുവിനോട് എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ.

അപ്പോൾ അവൻ പറഞ്ഞു.

"കോളേജിൽ പഠിക്കുമ്പോൾ മണ്ണിനെപ്പോലും വേദനിപ്പിക്കാതെ നടക്കുന്ന ഒരു പഞ്ചപാവം കൂട്ടുകാരി എനിക്കുണ്ടായിരുന്നൂ. അവളെ എനിക്ക് ഒത്തിരി ഇഷ്ടം ആയിരുന്നൂ. അവളുടെ കണ്ണുകളിൽ ഒളിപ്പിച്ച ആ പ്രണയം എനിക്ക് വേണ്ടി ആയിരുന്നൂ എന്ന് എനിക്കറിയാം. ഒരു ജോലി കിട്ടിയിട്ട് അവളെ കൂടെ കൂട്ടുവാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചു. പക്ഷേ, എനിക്കൊരു ജോലി ആവുന്നതിനു മുൻപേ അവളുടെ വിവാഹം കഴിഞ്ഞു. പിന്നീട് ഒരു വിവാഹം വേണ്ട എന്ന് ഞാൻ തീരുമാനിച്ചു. അവസാനം വയ്യാത്ത അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ ഒരു വിവാഹം കഴിച്ചു. പക്ഷേ  ഇന്നും ആ പഴയ കൂട്ടുകാരി എൻ്റെ ഈ മനസ്സിൽ ഉണ്ട്."

"നിനക്കറിയോ അവളെ കൂടെ കൂട്ടുവാൻ ഞാൻ തീരുമാനിച്ചു. അവളെ എനിക്ക് വിവാഹ0 ചെയ്തു തരുവാൻ അവളുടെ മകൾക്കു പൂർണ്ണ സമ്മതമാണ്. അവളുടെ മകളുടെ പേര് മീനു എന്നാണ്"

ഞാൻ ഒന്നും മനസ്സിലാകാത്തത് പോലെ മനുവിനെ നോക്കി. അവൻ വീണ്ടും തുടർന്നു. 

"എൻ്റെ മകളുടെ പേര് നിനക്കറിയോ ?"

"ഇല്ല" എന്ന് ഞാൻ തലയാട്ടി. 

"ലക്ഷ്മി"

ഞാൻ ഞെട്ടി നോക്കിയപ്പോൾ അദ്ദേഹം തുടർന്നു. 

"നിന്നെ എന്നും ഓർക്കുവാൻ വേണ്ടിയാണു ആ പേര് ഞാൻ മോൾക്കു ഇട്ടതു. ഇനി ഈ ഭാരം ചുമക്കുവാൻ വയ്യ. അന്ന് ആ പ്രായത്തിൽ നിന്നോട് പറയുവാൻ എനിക്കായില്ല. അതോർത്തു വിഷമിക്കാത്ത ഒരു ദിവസ്സം പോലും എൻ്റെ ജീവിതത്തിൽ ഇല്ല. മീനു പോവുന്നതിനു മുൻപ് നമ്മുടെ വിവാഹം. അത് നീ എതിർക്കില്ല എന്ന് എനിക്കറിയാം."

"നിനക്ക് ഞാനും എനിക്ക് നീയും എന്നോ എഴുതി വച്ചിട്ടുള്ളതാണ്. അത് നമ്മളായി തിരുത്തേണ്ട. എൻ്റെ ഭാര്യക്ക് നിന്നെ അറിയാമായിരുന്നൂ. അവളോട് പറയാത്ത ഒരു രഹസ്യം പോലും എനിക്കില്ല. അവളും നിൻ്റെ മുരളിയും ഈ തീരുമാനം അംഗീകരിക്കും. അവർ സന്തോഷിക്കും."

എന്നെ വീട്ടിലാക്കി മുരളി പോയി. 

.................

നാട്ടുകാർ പറയുന്നതൊന്നും ഞാൻ നോക്കിയില്ല. മോളുടെ തീരുമാനം ഞാൻ അംഗീകരിച്ചു. അവൾ പറക്കേണ്ട പ്രായമാണ്. അമ്മയെ ഓർത്തു അവളുടെ സ്വപ്നങ്ങൾ വേണ്ട എന്ന് വയ്ക്കുവാൻ പാടില്ല. ലക്ഷ്മി മോൾക്കും ഒരമ്മ വേണം. 

നാളെ ഞങ്ങൾ ഒന്നാവുകയാണ്. 

വീണ്ടും വസന്തം..

.....സുജ അനൂപ് 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

പദവി PADHAVI FB, N, G, K, E, P, A, AP, KZ, PT, SXC

ENTE APPACHAN എൻ്റെ അപ്പച്ചൻ